ന്യൂഡൽഹി : കർഷകസമരം ഫലംകാണാതെ മാസങ്ങളായി തുടരുന്ന സാഹചര്യത്തിൽ കർഷകരെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയുടെ അമ്മയ്ക്ക് വികാരനിർഭരമായ കത്തെഴുതി പഞ്ചാബ് കർഷകൻ. അമ്മ പറഞ്ഞാൽ മകനായ പ്രധാനമന്ത്രി അനുസരിക്കുമെന്നാണ് കത്തിൽ പറയുന്നത്.
ഫിറോസ്‌പൂർ ജില്ലയിലെ ഗോലു കാ മോദ് ഗ്രാമത്തിലെ ഹർപ്രീത് സിംഗ് എന്ന കർഷകനാണ് മോദിയുടെ അമ്മ ഹീരാബെൻ മോദിക്ക് കത്തെഴുതിയത്.
അമ്മയെ ദൈവം പോലെ കരുതുന്ന ഒരിന്ത്യക്കാരന് അമ്മയുടെ അപേക്ഷ തള്ളിക്കളയാനാവില്ലെന്ന് കത്തിൽ പറയുന്നു.
'അതീവ ദുഃഖത്തോടെയാണ് ഞാൻ ഈ കത്തെഴുതുന്നത്. കാർഷിക ഭേദഗതി നിയമം പിൻവലിക്കുന്നതിനായി രാജ്യത്തെ അന്നദാതാക്കളായ കർഷകർ കഠിനമായ കാലാവസ്ഥയിലും തെരുവിൽ ഉറങ്ങുന്നത് താങ്കളും കാണുന്നുണ്ടാവും. പ്രക്ഷോഭകരിൽ 90 - 95 വയസുള്ളവർ വരെയുണ്ട്. അവരെ കൂടാതെ കുട്ടികളും സ്ത്രീകളുമുണ്ട്. കഠിനമായ തണുപ്പ് പ്രക്ഷോഭകരെ രോഗികളാക്കുന്നു. അവരുടെ ജീവൻ നഷ്ടപ്പെടുന്നത് നമുക്കെല്ലാം ആശങ്കയുണ്ടാക്കുന്നതാണ്. അദാനിക്കും അംബാനിക്കും മാത്രം ലാഭമുണ്ടാക്കുന്ന ഈ നിയമങ്ങൾ പിൻവലിക്കണം.' കത്തിൽ പറയുന്നു.
ഹർപ്രീതിനെയും സംഘത്തെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 'ഇന്ത്യൻ പ്രധാനമന്ത്രിക്ക് കർഷകരെ അവഗണിക്കാനായേക്കും എന്നാൽ, അമ്മ പറഞ്ഞാൽ മകൻ അനുസരിക്കാതിരിക്കുമോ? താങ്കളുടെ മകനായ ഇന്ത്യൻ പ്രധാനമന്ത്രി കർഷക വിരുദ്ധനിയമം പിൻവലിക്കുമെന്ന പ്രതീക്ഷയിലാണ് ഇതെഴുതുന്നത്. അമ്മയോട് പ്രധാനമന്ത്രിക്ക് 'നോ' പറയാനാവില്ല', ഹർപ്രീത് കത്തിൽ കുറിച്ചു.