തിരുവനന്തപുരം: മുൻ യു.ഡിഎഫ് സർക്കാരിന്റെ കാലത്ത് ഉയർന്നുവന്ന സോളാർ കേസിനു പിന്നാലെ തന്നെ അതുമായി ബന്ധപ്പെട്ട് ലൈംഗികാരോപണങ്ങളും ഇപ്പോഴത്തെ പരാതിക്കാരി ഉന്നയിച്ചിരുന്നു. പിന്നീട് 2017 ഒക്ടോബർ ഒന്നിന് വേങ്ങര ഉപതിരഞ്ഞെടുപ്പ് ദിനത്തിലാണ്, ഉമ്മൻചാണ്ടി അടക്കമുള്ളവർക്കെതിരേ മുഖ്യമന്ത്രി പിണറായി വിജയൻ അന്വേഷണം പ്രഖ്യാപിച്ചത്. 2018 ഒക്ടോബറിൽ ഉമ്മൻചാണ്ടിക്കും മുൻ മന്ത്രിമാരായ എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, അനിൽ കുമാറിന്റെ പ്രൈവറ്റ് സെക്രട്ടറി സഹദുള്ള എന്നിവർക്കെതിരെയും പീഡനക്കേസ് ചുമത്തി. മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും എം.എൽ.എ ഹോസ്റ്റലിലും ഹോട്ടലുകളിലുംവച്ച് പീഡിപ്പിച്ചെന്നായിരുന്നു മൊഴി. നിലവിൽ ആറു കേസുകളും സംസ്ഥാനസർക്കാരിന്റെ പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കുന്നുണ്ട്.ഉമ്മൻചാണ്ടിക്കെതിരായ കേസിലൊഴികെ എല്ലാ കേസിലും മജിസ്ട്രേട്ടിനു മുന്നിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിക്കെതിരായ കേസിൽ 164 പ്രകാരം രഹസ്യമൊഴി നിർബന്ധമില്ല. ഉത്തരമേഖലാ ഡി.ജി.പിയായിരുന്ന രാജേഷ് ദിവാൻ, അഡി. ഡി.ജി.പി അനിൽകാന്ത്, ഐ.ജി ദിനേന്ദ്ര കശ്യപ് എന്നിവർ കേസെടുക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി പിന്മാറിയപ്പോൾ എ.ഡി.ജി.പി ഷേഖ് ദർവേഷ് സാബിഹിനെ നിയോഗിച്ചാണ് കേസെടുത്തത്. കേസ് നിയമപരമായി നിലനിൽക്കുമോയെന്ന് സംശയമുണ്ടെന്ന് നിയമവിദഗ്ദ്ധരുടെ ഉപദേശം ലഭിച്ചതായി അനിൽകാന്ത് അന്ന് ഡി.ജി.പിയെ അറിയിച്ചിരുന്നു.
ലാവ്ലിനു പകരം പ്രഹരം
അസാധാരണ ഗസറ്റ് വിജ്ഞാപനത്തിലൂടെയാണ് സോളാർ കേസുകൾ സി. ബി.ഐക്കു വിടാൻ ശുപാർശ ചെയ്തത്. 2006ൽ ഉമ്മൻ ചാണ്ടി സർക്കാർ ഒഴിയുന്നതിന് തൊട്ടു മുമ്പ് ലാവ്ലിൻ കേസ് സി.ബി.ഐക്കു വിട്ടതും അസാധാരണ വിജ്ഞാപനത്തിലൂടെയായിരുന്നു. എല്ലാവരും ഉപേക്ഷിച്ച സോളാർ കേസ് സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ നീക്കമാണെന്നാണ് കോൺഗ്രസ് വാദം. വിജിലൻസ് തള്ളിയ ലാവ്ലിൻ കേസ്, തിരഞ്ഞെടുപ്പിനു മുമ്പ് സി.ബി.ഐക്കു വിട്ടത് രാഷ്ട്രീയ പ്രേരിതമല്ലേ എന്ന് സി.പി.എം മറുചോദ്യം ഉന്നയിക്കുന്നു.
സി.ബി.ഐക്ക് സ്വാഗതം: പരാതിക്കാരി
സോളർ പീഡനക്കേസ് പരാതിയിൽ നിന്ന് പിന്നോട്ടില്ലെന്നും സി.ബി.ഐ അന്വേഷണത്തെ സ്വാഗതം ചെയ്യുന്നുവെന്നും പരാതിക്കാരി മാദ്ധ്യമങ്ങളോട് പറഞ്ഞു. താനുമായി ബന്ധമില്ലെന്ന് പറയുന്ന ഉമ്മൻ ചാണ്ടിയെ പരസ്യസംവാദത്തിന് ക്ഷണിക്കുന്നു. തന്നോട് മോശമായി പെരുമാറിയ എല്ലാവരും കേസിലുണ്ടാകും. ജോസ് കെ.മാണി അടക്കം 16 പേർക്കെതിരെ പരാതിയുണ്ട്. ആറുപേർക്കെതിരെയാണ് കേസെടുത്തത്. അതാണ് സി.ബി.ഐക്ക് വിടുക. വിശദമായ മൊഴികൾ അനുസരിച്ച് അന്വേഷണം മറ്റുള്ളവരിലേക്കും നീളും. അവയിൽ എഫ്.ഐ.ആർ വരുന്ന മുറയ്ക്ക് തുടർനടപടിയുണ്ടാകും. കേസ് സി.ബി.ഐക്ക് വിടാനുള്ള തീരുമാനത്തിൽ നന്ദിയുണ്ട്. തനിക്കുണ്ടായ സാമ്പത്തിക നഷ്ടങ്ങളും സി.ബി.ഐ അന്വേഷിക്കണം.
കേസ് സി.ബി.ഐക്ക് വിട്ടത് തിരഞ്ഞെടുപ്പ് സ്റ്റണ്ട്: ചെന്നിത്തല
തിരുവനന്തപുരം: സോളാർ കേസ് സി.ബി.ഐക്ക് വിടാനുള്ള സർക്കാർ തീരുമാനം തിരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വേങ്ങര ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ദിവസമാണ് കേസെടുക്കുമെന്ന് പ്രഖ്യാപിച്ചത്. സുപ്രീംകോടതി ജസ്റ്റിസ് അരിജിത് പസായത് ഈ പരാതിയിൽ കഴമ്പില്ലെന്നും കേസെടുക്കാനാവില്ലെന്നും സർക്കാരിന് നിയമോപദേശം നൽകിയതാണ്. എന്നിട്ടും നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് കേസ് സി.ബി.ഐക്ക് വിട്ടതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.