ഹരിദ്വാർ: ഹരിദ്വാറിൽ നിന്നുള്ള സൃഷ്ടി ഗോസ്വാമി എന്ന പത്തൊൻപതുകാരി ഇന്ന് ഉത്തരഖണ്ഡിന്റെ മുഖ്യമന്ത്രിയായി. പെൺകുട്ടികളുടെ ദിനത്തോട് അനുബന്ധിച്ചാണ് ഉത്തരാഖണ്ഡിന്റെ ഒറ്റദിന മുഖ്യമന്ത്രിയായി സൃഷ്ടി ചുമതലയേറ്റെടുത്തത്. മുഖ്യമന്ത്രി ത്രിവേന്ദ്ര സിംഗ് റാവത്ത് നേരത്തെ ഒറ്റദിന മുഖ്യമന്ത്രിയാകുന്നതിന് സൃഷ്ടിക്ക് അനുമതി നൽകിയിരുന്നു..മുഖ്യമന്ത്രിക്ക് നന്ദിയുണ്ടെന്നും പെണ്‍കുട്ടികളുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുമെന്നും സൃഷ്ടി പറഞ്ഞു.
ഉത്തരാഖണ്ഡിന്റെ ബാല വിധാൻ സഭയിൽ മുഖ്യമന്ത്രിയായി പ്രവർത്തിച്ചു വരുകയാണ് സൃഷ്ടി. ഇന്ന് സംസ്ഥാനത്തിന്റെ പൂർണ ചുമതലയും സൃഷ്ടിക്കായിരുന്നു. സർക്കാരിന്റെ വിവിധ പദ്ധതികൾ വിലയിരുത്തുന്ന യോഗത്തിലും മുഖ്യമന്ത്രിയായി സൃഷ്ടി പങ്കെടുത്തിരുന്നു.
2018ലാണ് ബാല വിധാൻ സഭയുടെ മുഖ്യമന്ത്രിയായി സൃഷ്ടി ഗോസ്വാമി തിരഞ്ഞെടുക്കപ്പെട്ടത്. മൂന്ന് വർഷത്തേക്കാണ് ബാല വിദാൻ സഭയിൽ മുഖ്യമന്ത്രി പദം. ദ്വാലത്പൂർ ഗ്രാമത്തിനെ പ്രതിനിധീകരിച്ചാണ് സൃഷ്ടി ബാല വിദാധാൻ സഭയിൽ അംഗമായിരിക്കുന്നത്.
ഹരിദ്വാറിലെ സാധാരണ കുടുംബത്തിൽ നിന്നുമാണ് സംസ്ഥാനത്തിന്റെ പരമോന്നത പദവിയിലേക്കുള്ള സൃഷ്ടിയുടെ വരവ്. പിതാവിന് പലചരക്ക് കടയും മാതാവ് വീട്ടമ്മയുമാണ്. ബി.എസ്..എം പിജി കോളേജിൽ കൃഷിയിൽ ബിരുദ വിദ്യാർഥിയാണ് സൃഷ്ടി.