petrol-price

കൊച്ചി: കൊവിഡ് വാക്സിൻ വിതരണത്തിലൂടെയുണ്ടായ അമിത സാമ്പത്തിക ബാദ്ധ്യത മറികടക്കാനും ക്ഷേമപദ്ധതികൾക്ക് പണം കണ്ടെത്താനും കേന്ദ്രം ബഡ്ജറ്റിൽ കൊവിഡ് സെസ് പ്രഖ്യാപിച്ചേക്കുമെന്ന് സൂചന. പെട്രോൾ, ഡീസൽ വിലയ്ക്കുമേൽ ലിറ്ററിന് ഒരു രൂപ സെസ് ഏർപ്പെടുത്താൻ ആലോചിക്കുന്നതായി അഭ്യൂഹങ്ങളുണ്ട്.


എന്നാൽ, ഇവയുടെ വില ഇപ്പോഴേ റെക്കാഡ് ഉയരത്തിൽ ആയതിനാൽ മറ്റു മാർഗങ്ങൾ കേന്ദ്രം തേടിയേക്കും. ആദായനികുതിക്കും സർചാർജിനുംമേൽ ആരോഗ്യ, വിദ്യാഭ്യാസ സെസ് ആയി 4 ശതമാനം കേന്ദ്രം ഈടാക്കുന്നുണ്ട്. സമാനരീതിയിൽ, ഒരുകോടി രൂപയ്ക്കുമേൽ വാർഷിക വരുമാനമുള്ളവർക്കുമേൽ കൊവിഡ് സെസ് ഏർപ്പെടുത്തിയേക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ഇത്തവണത്തെ കേന്ദ്ര ബഡ്ജറ്റിൽ ആരോഗ്യമേഖലയ്ക്ക് മികച്ച പരിഗണന കിട്ടിയേക്കും. ലോകത്ത് ജി.ഡി.പിയുടെ നേരിയ വിഹിതം മാത്രം ആരോഗ്യമേഖലയ്ക്കായി നീക്കിവയ്ക്കുന്ന രാജ്യമെന്ന മോശം പ്രതിച്ഛായ മറികടക്കാനും ബഡ്ജറ്റിലൂടെ ധനമന്ത്രി ശ്രമിച്ചേക്കും. ജി.ഡി.പിയുടെ മൂന്നു ശതമാനം മാത്രമാണ് കേന്ദ്രസർക്കാർ ആരോഗ്യമേഖലയിൽ ചെലവിടുന്നത്. ആഗോള ശരാശരി എട്ട് ശതമാനമാണ്. അമേരിക്ക 17 ശതമാനവും ബ്രിട്ടനും ജർമ്മനിസും ഫ്രാൻസും ഉൾപ്പെടെ പ്രമുഖ യൂറോപ്പ്യൻ രാജ്യങ്ങൾ ശരാശരി 10 ശതമാനവും ചെലവിടുന്നു. ഏഷ്യയിൽ ജപ്പാൻ 10 ശതമാനവും ചൈന അഞ്ച് ശതമാനവും ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ നീക്കിവയ്ക്കുന്നുണ്ട്.

ഇന്ത്യയിൽ 10,000 പേർക്ക് ഏഴ് ആശുപത്രി കിടക്കകളാണുള്ളത്. ആഗോളതലത്തിൽ ശരാശരി 10,000 പേർക്ക് 27 കിടക്കകളാണ്. 2019ലെ ബഡ്ജറ്റിൽ 60,000 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം. 2020ൽ ധനമന്ത്രി വിഹിതം 67,484 കോടി രൂപയായി ഉയർത്തി.

ആരോഗ്യരംഗത്തെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ, ആരോഗ്യ ഇൻഷ്വറൻസിന് കൂടുതൽ പ്രാധാന്യം നൽകൽ എന്നിങ്ങനെ ഒട്ടേറെ നിർണായക നടപടികളെടുക്കേണ്ട സാഹചര്യമാണ് കൊവിഡ് സൃഷ്ടിച്ചത്. 50 കോടിപ്പേരെ ലക്ഷ്യമിട്ട് കേന്ദ്രം രാഷ്ട്രീയ സ്വസ്ഥ്യ ബീമാ യോജന (ആർ.എസ്.ബി.വൈ) എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതി കൊണ്ടുവന്നിരുന്നെങ്കിലും ഇപ്പോഴും 13 കോടിയോളം പേർ മാത്രമാണ് ഇതിൽ ഭാഗമായത്. ഇക്കുറി ആർ.എസ്.ബി.വൈയ്ക്ക് കൂടുതൽ ഫണ്ട് കേന്ദ്രം നീക്കിവച്ചേക്കും.


വേണം, കരുതൽ

ആരോഗ്യമേഖലയിൽ ഇന്ത്യയുടെ വിഹിതം ഉയർത്തണമെന്നത് ഏറെക്കാലമായി ഈ രംഗത്തുള്ളവർ ഉന്നയിക്കുന്ന ആവശ്യമാണ്. കൊവിഡ് പശ്ചാത്തലത്തിൽ ഈ ആവശ്യത്തിന് പ്രസക്തിയും ഏറുന്നു. 2019ലെ ബഡ്ജറ്റിൽ 60,000 കോടി രൂപയായിരുന്നു ആരോഗ്യമേഖലയ്ക്കുള്ള ബഡ്ജറ്റ് വിഹിതം. 2020ൽ ധനമന്ത്രി വിഹിതം 67,484 കോടി രൂപയായി ഉയർത്തി. ഇക്കുറി ഒരുലക്ഷം കോടി രൂപ വകയിരുത്തിയേക്കും.