വിഷുവിന് മലയാളികൾക്ക് ഏറെ പ്രധാനമാണ് കണിവെള്ളരി. ആഘോഷം മുന്നിൽ കണ്ട് കൃഷി ചെയ്യാൻ തുടങ്ങിയവരും ഏറെയാണ്.മൂന്നുഗ്രാം വിത്തുകൊണ്ട് ഒരു സെന്റിൽ വെള്ളരി നടാം. ഒരു സെന്റിൽ 13 കുഴികളെടുക്കക. കുറച്ച് ആഴത്തിൽ വിത്തുകൾ നടണം. ഓരോ കുഴികൾ തമ്മിലും അത്യാവശ്യം നല്ല അകലം പാലിക്കണം. വളർന്നു വരുമ്പോൾ നല്ല തൈകളെ മാത്രം സംരക്ഷിച്ചാൽ മതി. പുഴു കുത്തുന്നവയെ ആദ്യമേ തന്നെ നശിപ്പിക്കണം.വളരെ വേഗത്തിൽ വിളവെടുക്കാമെന്നതാണ് വെള്ളരി. രണ്ടരമാസം പിന്നിടുമ്പോൾ തന്നെ വിളവെടുപ്പ് തുടങ്ങാവുന്നതാണ്. അതിന് ശേഷം മൂന്നുമാസത്തോളം വിള ലഭ്യമാകും. നനവാണ് പ്രത്യേകം ശ്രദ്ധിക്കേണ്ടത്. കായ പിടിച്ചു തുടങ്ങിയാൽ നനവ് അധികമാകാതിരിക്കാൻ ശ്രദ്ധിക്കണം. അങ്ങനെ വന്നാൽ വെള്ളരിക്ക അഴുകുന്നതിന് കാരണമാകും. രാവിലെയോ വൈകുന്നേരങ്ങളിലോ ഒരു നേരത്തെ നനവ് മതിയാകും. അത്യാവശ്യം സൂര്യപ്രകാശം ലഭിക്കുന്നിടങ്ങളിൽ വേണം വിള കൃഷി ചെയ്യാൻ.
വെള്ളരിയുടെ ഇലകളിൽ ഇടയ്‌ക്കിടെ ഇലപ്പുള്ളിരോഗം സാധാരണമാണ്. ഇതിനെതിരെ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി രണ്ടാഴ്‌ചയിൽ ഒരു തവണ എന്ന കണക്കിൽ തളിച്ചാൽ മതി. മൊസൈക് രോഗമാണ് മറ്റൊന്ന്. ഈ വൈറസ് രോഗത്തെ തടയാൻ രോഗം ബാധിക്കാത്ത ചെടികളിൽ നിന്നുള്ള വിത്തുകൾ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കണം. രോഗം പരത്തുന്ന വെള്ളീച്ചകളെ നിയന്ത്രിക്കുന്നതും ഗുണം ചെയ്യും. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങളെ കൃഷി ചെയ്യുന്നതും മികച്ച പ്രതിരോധമാർഗമാണ്. ഇളംകായ്‌കൾ തിന്നു നശിപ്പിക്കുന്ന കായീച്ചകളെ കെണിയുപയോഗിച്ചോ പ്ലാസ്റ്റിക് ഷീറ്റോ കടലാസോ കൊണ്ട് കായ്‌കൾ പൊതിഞ്ഞോ നിയന്ത്രിക്കാം. വണ്ടുകളെ ഗോമൂത്രം-കാന്താരിമുളക് മിശ്രിതം വഴിയും നിയന്ത്രിക്കാം.