തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പിലേക്ക് സംസ്ഥാനം അടുക്കവേ സോളാർ കേസുമായി ബന്ധപ്പെട്ട പീഡന പരാതികളിൽ സി.ബി.ഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് സർക്കാർ ഉത്തരവിറക്കിയതോടെ പ്രതിപക്ഷത്തിന് പുതിയ ആയുധം കൈവന്നിരിക്കുകയാണ്. കേസിൽ സി ബി ഐ അന്വേഷണം വേണമെന്ന് പരാതിക്കാരി കഴിഞ്ഞയാഴ്ചയാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ഏറെ പ്രതീക്ഷിക്കപ്പെട്ട രീതിയിൽ തന്നെ സർക്കാർ സി ബി ഐയെ കേസ് ഏൽപ്പിച്ചുകൊണ്ട് നടപടി കൈക്കൊള്ളുകയും ചെയ്തു. എന്നാൽ സർക്കാർ പറഞ്ഞതു കൊണ്ടുമാത്രം കേസ് അന്വേഷിക്കാൻ സി ബി ഐ വരാൻ സാദ്ധ്യതയില്ല. ഇക്കാര്യത്തിൽ നിർണായക തീരുമാനം എടുക്കേണ്ടത് സി ബി ഐ തിരുവനന്തപുരം യൂണിറ്റാണ്.
തിരുവനന്തപുരം ടൈറ്റാനിയം കേസ് സി ബി ഐ അന്വേഷിക്കണമെന്നമെന്ന സർക്കാരിന്റെ ആവശ്യം അടുത്തിടെ പഴ്സനേൽ മന്ത്രാലയം തള്ളിയിരുന്നു. സി ബി ഐ കൊച്ചി യൂണിറ്റിൽ നിന്നും നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഈ കേസ് അന്വേഷിക്കേണ്ടതില്ലെന്ന നിലപാട് സി ബി ഐ സ്വീകരിച്ചത്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടെത്തുന്ന കേസുകളിൽ പ്രാഥമിക പഠനം നടത്തിയ ശേഷം മാത്രമേ ആ കേസ് ഏറ്റെടുക്കണമോ എന്ന് തീരുമാനിക്കുകയുള്ളു. സി ബി ഐ അന്വേഷിക്കുന്ന കേസുകളുടെ ബാഹുല്യവും, നിരവധി കേസുകൾ ഒരേ സമയം അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ അഭാവവുമെല്ലാം എല്ലാ കേസുകളും ഏറ്റെടുക്കുന്നതിൽ നിന്നും സി ബി ഐയെ വിലക്കുന്നുണ്ട്.
നിലവിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് ഉദ്ദേശം നാനൂറ് കേസുകൾ കേരള ഹൈക്കോടതിയിൽ തന്നെയുണ്ട്. ഇതിൽ ഗൗരവമുള്ള കേസുകൾ വരെയുണ്ടെങ്കിലും ഏറ്റെടുക്കാൻ നിരവധി ബുദ്ധിമുട്ടുകൾ കേരളത്തിൽ സി ബി ഐ നേരിടുന്നുണ്ട്. സോളാർ കേസ് ഏറ്റെടുത്താലും അന്വേഷിക്കേണ്ട തിരുവനന്തപുരം യൂണിറ്റിൽ വേണ്ടത്ര ഉദ്യോഗസ്ഥർ ഇല്ലെന്നതും തിരിച്ചടിയാവും.
സാധാരണ ഗതിയിൽ സംസ്ഥാന സർക്കാർ അന്വേഷിക്കാൻ അവശ്യപ്പെടുന്ന കേസുകൾ സി ബി ഐ ഏറ്റെടുക്കാനാണ് സാദ്ധ്യത കൂടുതൽ. അടുത്തിടെ സംസ്ഥാനത്തെ കേസുകളിൽ സി.ബി.ഐ അന്വേഷണത്തിന് മുൻകൂർ അനുമതി വേണമെന്ന് സക്കാർ നിലപാടെടുത്തിരുന്നു. ലൈഫ് മിഷൻ കേസിൽ സി ബി ഐ അന്വേഷണം ആരംഭിച്ചതാണ് സർക്കാരിനെ ഇത്തരമൊരു നടപടിക്ക് പ്രേരിപ്പിച്ചത്. അടുത്തിടെയായി സർക്കാരും സി ബി ഐയും തമ്മിൽ ശീതസമരം നിലനിൽക്കുന്നുമുണ്ട്. കശുഅണ്ടി കോർപ്പറേഷനിലെ അഴിമതി സംബന്ധിച്ച് പ്രോസിക്യൂഷൻ അനുമതി സർക്കാർ നൽകാത്തതും ഇതിനൊപ്പം കൂട്ടിവായിക്കേണ്ടതാണ്. ഷുക്കൂർ വധക്കേസ്, പെരിയ ഇരട്ടക്കൊലപാതകം തുടങ്ങിയവ സി ബി ഐ അന്വേഷിക്കുന്നതിനെ സംസ്ഥാന സർക്കാർ എതിർത്തതും ഏറെ ചർച്ചയായിരുന്നു.
തദ്ദേശ തിരഞ്ഞെടുപ്പിൽ അടിപതറിയ യു ഡി എഫിനെ രക്ഷിക്കാൻ ഉമ്മൻചാണ്ടിയെ പ്രചാരണസമിതി അദ്ധ്യക്ഷനാക്കിയതിനു പിന്നാലെയാണ് അദ്ദേഹത്തിനും കെ.സി.വേണുഗോപാൽ, എ.പി. അനിൽകുമാർ, അടൂർ പ്രകാശ്, ഹൈബി ഈഡൻ എന്നിവർക്കും എതിരായ കേസുകളിൽ സർക്കാരിന്റെ നീക്കം. ബി.ജെപി നേതാവ് എ.പി. അബ്ദുള്ളക്കുട്ടിക്കെതിരായ കേസും സി.ബി.ഐക്ക് ശുപാർശ ചെയ്തിട്ടുണ്ട്. കോൺഗ്രസ് വിട്ട് ബി.ജെ.പിയിലേക്കു ചേക്കേറി, ദേശീയ ഉപാദ്ധ്യക്ഷൻ എ.പി. അബ്ദുള്ളക്കുട്ടിയും കേസിലുള്ളതിനാൽ ബി.ജെ.പിക്കെതിരെയും ഇത് ആയുധമാണ്. ബി.ജെ.പിയെ ബാധിക്കുന്നതിനാൽ സി.ബി.ഐ ഇക്കാര്യത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നതും പ്രധാനമാണ്.
സ്വർണ്ണക്കടത്തിലും മറ്റും കേന്ദ്ര ഏജൻസികളെ തങ്ങൾക്കെതിരെ രാഷ്ട്രീയമായി ദുരുപയോഗിക്കുന്നതായി ഇടതുമുന്നണി പ്രചാരണം അഴിച്ചുവിട്ടിരുന്നു. സോളാറിൽ സി.ബി.ഐ വിമുഖത കാട്ടിയാൽ ആ ആരോപണം ഇടതുമുന്നണി കടുപ്പിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പേ ഇത് ചർച്ചയാക്കാം.