tea

രാവിലെ എഴുന്നേറ്റാലുടൻ ഒരു ചൂടുചായ, മലയാളികൾക്ക് അത് നിർബന്ധമാണ്. ചിലർക്ക് കാപ്പിയോടും കട്ടനോടുമാണ് താത്പര്യം.

പ്രഭാതഭക്ഷണം കഴിക്കുന്നതുവരെ വിശക്കാതിരിക്കാൻ, ഉന്മേഷം കിട്ടാൻ, പ്രഭാതകൃത്യങ്ങൾ സുഗമമാകാൻ, മരുന്ന് കഴിക്കാൻ, പത്ര വിതരണക്കാരനും കറവക്കാരനും കൃഷിക്കാരനും പ്രാർത്ഥനയ്ക്ക് പോകുന്നവർക്കും ഒരു ഇടക്കാല ആശ്വാസം കിട്ടാൻ, തണുപ്പകറ്റി ഒന്ന് ചൂടാകാൻ...... തുടങ്ങി നിരവധി കാരണങ്ങളാണ് ചായകുടിക്കാർ നിരത്തുന്ന ന്യായങ്ങൾ.

എന്നാൽ, ഇത് കാരണം വയറെരിച്ചിൽ, നെഞ്ചരിച്ചിൽ ,ഗ്യാസ്, വിശപ്പില്ലായ്മ, മലശോധനകുറവ്, പുളിച്ചുതികട്ടൽ, വയറുവേദന,അസിഡിറ്റി,അൾസർ എന്നൊക്കെ പറഞ്ഞ് ഡോക്ടർമാരെ സമീപിക്കുന്നതും ഇവർ തന്നെയാണ്.

ചിലർക്ക് രാവിലെതന്നെ ചായയോടൊപ്പം ഒരു കടി കൂടി വേണം. ബിസ്കറ്റ്, ബ്രഡ് ,കേക്ക്, അരിപത്തൽ ,കലത്തപ്പം, എണ്ണപ്പലഹാരങ്ങൾ..... അങ്ങനെ നീളും ആ ലിസ്റ്റ്. എന്നാൽ, രാവിലെ പ്രഭാതകൃത്യങ്ങൾ നിർവഹിച്ച് എത്രയും നേരത്തെ പല്ലുതേച്ച് വെറുംവയറ്റിൽ തന്നെ കുളിച്ചാൽ ആരോഗ്യസംരക്ഷണത്തിന്റെ പകുതിയായി എന്നുപറയാം.

വയറിന് തുടങ്ങുന്ന ദഹനപ്രശ്നങ്ങൾ പിന്നീട് നിരവധി രോഗങ്ങൾക്ക് കാരണമാകാം. അതിനാൽ രാവിലെ വെറുംവയറ്റിൽ ചായ കുടിക്കുന്ന ശീലം ഒഴിവാക്കിയാൽ തന്നെ നിരവധി രോഗങ്ങളിൽ നിന്ന് മുക്തി നേടാനാകും.

ആ ജീവനാന്തം ഇതിനായി മരുന്ന് കഴിക്കുന്നതും ഒഴിവാക്കാം.
ശുദ്ധ ജലമോ, ചൂടാറിയ വെള്ളമോ, അസുഖത്തിന് അനുസരിച്ച് മരുന്ന് ചേർത്ത് തിളപ്പിച്ചാറ്റി അരിച്ചെടുത്ത കഷായമോ, ഇഞ്ചി ചേർത്ത സാദാ കാപ്പി ആറ്റിയോ കുടിക്കുന്നതിൽ ദോഷമല്ല.

ചായകൂടിയേ തീരൂ എന്നുള്ളവർ ചൂടാറ്റിയ ചായ, അതും പ്രഭാതഭക്ഷണത്തിന്റെ കൂടെ മാത്രം ഉപയോഗിക്കുക. എന്തുതന്നെയായാലും വെറും വയറ്റിൽ ചൂട് ചായ വേണ്ടേവേണ്ട. അപ്പോൾ പിന്നെ തോന്നുമ്പോഴൊക്കെ ചൂടുചായ കുടിക്കുന്ന ആൾക്കാരുടെ കാര്യം പറയേണ്ടതില്ലല്ലോ?

ചില രോഗങ്ങളുള്ളവർ കഫീൻ അടങ്ങിയ വസ്തുക്കൾ കുടിക്കുന്നത് തീരെ നല്ലതല്ല. എന്നാൽ ഉന്മേഷം കിട്ടാനും ഉറക്കമൊഴിഞ്ഞ് ജോലിചെയ്യാനും അത് പ്രയോജനം ചെയ്യാറുമുണ്ട്. എന്നാൽ സ്ഥിരമായി കുടിക്കുന്നത് ദഹന പ്രശ്നങ്ങളുണ്ടാക്കുകയും അസിഡിറ്റിയും അൾസറുമായി പരിണമിക്കുകയും ചെയ്യാം. ചായയും കാപ്പിയുമെല്ലാം ഒരുദിവസം കുടിക്കാൻ ആവശ്യമായ വെള്ളത്തിന്റെ അളവിനൊപ്പം കൂട്ടാൻ പാടില്ല. ശുദ്ധജലം ചെയ്യുന്ന പ്രയോജനം ചായയോ കാപ്പിയോ ചെയ്യുന്നില്ലെന്നതും ശുദ്ധജലമാണ് രണ്ടു മുതൽ മൂന്നു ലിറ്റർ വരെ കുടിക്കേണ്ടതെന്നും ഓർമ്മിക്കണം. ശരീരത്തിലെ നിർജ്ജലീകരണത്തിന് ചായയും കാപ്പിയും കാരണമാകാറുണ്ട്. അതുകൊണ്ട് അവ ഉപയോഗിക്കുന്നവർ വെള്ളം കൂടുതൽ കുടിക്കേണ്ടിവരും.