കമലഹാസനെ നായകനാക്കി ശങ്കർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇന്ത്യൻ 2. 'ഇന്ത്യൻ' എന്ന സിനിമയുടെ രണ്ടാം ഭാഗമായ ഈ ബിഗ് ബജറ്റ് ചിത്രത്തിനായി ലോകം മുഴുവനുമുള്ള സിനിമാ പ്രേമികൾ അക്ഷമരായി കാത്തിരിക്കുകയാണ്. ആദ്യ ഭാഗമിറങ്ങി 22 വർഷങ്ങൾക്ക് ശേഷമാണ് രണ്ടാം ഭാഗം ഒരുങ്ങുന്നത്.

കാജൽ അഗർവാളാണ് നായികയായെത്തുന്നത്.ഇപ്പോഴിതാ ചിത്രവുമായി ബന്ധപ്പെട്ട് കൗമുദി ടിവിയിലൂടെ ചില വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് ഇന്ത്യൻ 2ന്റെ മലയാളിയായ കോസ്റ്റ്യൂം ഡിസൈനർ എസ് ബി സതീശൻ.

indian-2

'ഇന്ത്യൻ 2നായി കോസ്റ്റ്യൂം ചെയ്തത് വളരെ ചലഞ്ചിംഗായിരുന്നു. ഏകദേശം പതിനഞ്ച് ലക്ഷം രൂപയോട് അടുപ്പിച്ച് ഒരു കോസ്റ്റ്യൂമിന് വില വരും. ശങ്കർ സാറിന്റെ പടത്തിൽ കോസ്റ്റ്യൂം ചെയ്യാൻ പറ്റിയത് ഭാഗ്യമായി കാണുന്നു. കോസ്റ്റ്യൂം എപ്പോൾ ശരിയാകുമെന്നൊക്കെ നമ്മളോട് ചോദിച്ചതിന് ശേഷമാണ് അദ്ദേഹം ബാക്കിയുള്ള കാര്യങ്ങൾ പ്രൊഡക്ഷനിലൊക്കെ പറയുന്നത്. .

ഇന്ത്യയിലെ തന്നെ പല ഭാഗത്തും പോയിട്ടാണ് ഓരോ ഡ്രസും ഡിസൈൻ ചെയ്തത്. എനിക്ക് പരിചയമില്ലാത്ത ഏരിയയിലൂടെയാണ് പോകുന്നത്, ഉറപ്പായിട്ടും ആർട്ടിസ്റ്റിന് പറ്റിയ രീതിയിൽ ചെയ്തു തരുമെന്ന് ഞാൻ ശങ്കർ സാറിനോട് പറഞ്ഞിരുന്നു. പക്ഷേ സമയം വേണമെന്നും ആവശ്യപ്പെട്ടു.അപ്പോൾ സാർ പറഞ്ഞു അങ്ങനെയൊരു ധൈര്യമുണ്ടെങ്കിൽ ചെയ്‌തോളൂന്ന്. മിനിയേച്ചർ കാണിക്കാവോ എന്ന് ചോദിച്ചു. കാണിച്ചോപ്പോൾ ഓകെ പറഞ്ഞു.പഴയ കാലഘട്ടത്തിന്റെ കോസ്റ്റ്യൂമാണ് ഞാൻ ചെയ്യുന്നത്.

കമൽ സാറൊക്കെ പേഴ്‌സണൽ കോസ്റ്റ്യൂം ഡിസൈനറെ വച്ച് ഡ്രസ് ഡിസൈൻ ചെയ്യുന്നയാളാണ്. നമ്മൾ ചെയ്യുന്ന കോസ്റ്റിയൂം അദ്ദേഹം ഇടുന്നത് നമ്മുടെ ഭാഗ്യമാണ്. അദ്ദേഹം ഇങ്ങനെ ചെയ്യുന്നത് ആദ്യമാണെന്ന് തോന്നുന്നു.'- സതീശൻ പറഞ്ഞു.