സോഷ്യൽ മീഡിയയിലൂടെ വിവാഹം ആലോചിക്കുന്നത് ഒരു പുതിയ കാര്യമല്ല. ലോക്ക്ഡൗൺ കാലത്ത് അതിന്റെ ആക്കം കൂടിയെന്നുമാത്രം. എന്നാൽ വ്യത്യസ്തമായൊരു വിവാഹാലോചനയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. വീട്ടിലെ ഓമനപ്പട്ടിക്ക് കല്യാണ ആലോചനയുമായി എത്തിയിരിക്കുകയാണ് ഒരു ഉടമസ്ഥൻ. സോഷ്യൽ മീഡിയയിലൂടെയാണ് പഗിന് ജീവിതപങ്കാളിയെ ആവശ്യമുണ്ട് എന്ന പരസ്യം നൽകിയിരിക്കുന്നത്. സംഭവം കേരളത്തിൽ തന്നെയാണ്. 'തികച്ചും മലയാളിയായ' ഒരു പഗിനാണ് ഇപ്പോൾ തകൃതിയായി വിവാഹാലോചനകൾ നടക്കുന്നത്. തന്റെ പ്രിയപ്പെട്ട പഗിന് ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോഴാണ് സോഷ്യൽ മീഡിയയിൽ പരസ്യവുമായി എത്തിയതെന്നാണ് ഉടമസ്ഥൻ പറയുന്നത്. ഏതായാലും കല്യാണ പരസ്യം ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. മാത്രവുമല്ല, വിവാഹപ്പരസ്യത്തിലെ പഗ് പ്രത്യക്ഷപ്പെട്ടതും കുറച്ച് വ്യത്യസ്തമായിട്ടാണ്. ഇരു കാലുകളിൽ നിവർന്നു നിൽക്കുന്ന പഗിന്റെ ഒരു ഫുൾ സൈസ് ഫോട്ടോയും പരസ്യത്തിനൊപ്പം പങ്കുവച്ചിട്ടുണ്ട്. കേരളത്തനിമയുള്ള കസവു മുണ്ടും അതിന് ചേരുന്ന പിങ്ക് സിൽക്ക് ഷർട്ടുമാണ് പഗ്ഗിന്റെ വേഷം. കൂടാതെ തൂശനിലയിൽ വിളമ്പിയ സദ്യയ്ക്ക് മുന്നിൽ നിൽക്കുന്ന പഗ്ഗിന്റെ ചിത്രവും സമൂഹമാദ്ധ്യമങ്ങളിൽ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു.