തിരുവനന്തപുരം: കനത്ത മഴയിലും കടലാക്രമണത്തിലും തകർന്ന ശംഖുംമുഖം ബീച്ചിന്റെ പുനർനിർമ്മാണത്തിനുള്ള രണ്ട് ഘട്ടമായുള്ള എസ്‌റ്രിമേറ്റ് 5.39 കോടിയിൽ നിന്ന് 8.05 കോടിയായി ഉയർത്തി. തീരം പുനർനിർമ്മാണ പദ്ധതിച്ചെലവ് പുതുക്കി നിശ്ചയിക്കുന്നത് ഇത് രണ്ടാംതവണയാണ്. പൊതുമരാമത്ത് ചീഫ് എൻജിനിയർ (റോഡ്സ്) നൽകിയ കത്തിനെ തുടർന്നാണ് ഇപ്പോൾ പദ്ധതിച്ചെലവ് പുനരവലോകനം ചെയ്തത്. കഴിഞ്ഞ വർഷം ആഗസ്റ്റിലാണ് നവീകരണത്തിനായി ആദ്യം കരാർ നൽകിയത്.
കനത്ത മഴയെയും കടലാക്രമണത്തെയും തുടർന്ന് ശംഖുംമുഖം തീരത്തേക്കുള്ള റോഡ് തകർന്ന് ഇരുചക്ര വാഹനങ്ങൾക്ക് പോലും സഞ്ചരിക്കാൻ കഴിയാത്ത സ്ഥിതിയാലായി. റോഡിന്റെ അടിവശത്തുള്ള മണ്ണ് ഒലിച്ചു പോകുകയും പിന്നീട് തിരമാലകൾ വന്നുപതിച്ചും റോഡിന്റെ സ്ഥിരത തന്നെ നഷ്ടപ്പെടുന്ന സ്ഥിതിയാണെന്ന് ചീഫ് എൻജിനിയർ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ജൂലായിൽ ആദ്യം എസ്‌റ്റിമേറ്റ് തയ്യാറാക്കുമ്പോൾ കടൽത്തീരം 50 മീറ്ററിൽ കൂടുതൽ നശിച്ചിരുന്നു. എന്നാൽ പിന്നീട് ക്രമേണ കൂടുതൽ കടൽത്തീരം നഷ്ടപ്പെടുകയായിരുന്നു. ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും അതിനാലാണ് നിർമാണച്ചെലവ് പുനഃക്രമീകരിച്ചതെന്നും എൻജിനിയർ വ്യക്തമാക്കി.
സെപ്തംബറിൽ സാഹചര്യം വിലയിരുത്താൻ ചേർന്ന യോഗം ഭാവിയിൽ കടലാക്രമണത്തിൽ റോഡ് തകരുന്നത് തടയുന്നതിനായി തീരത്ത് ഡയഫ്രം വാൾ നിർമിക്കുന്നതിന് ശുപാർശ ചെയ്തു. സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്ര്യൂട്ടിന്റെ നിർദ്ദേശപ്രകാരമായിരുന്നു ഇത്. തുടർന്ന് ആദ്യഘട്ടത്തിലെ എസ്റ്റിമേറ്റ് 6.39 കോടിയായി പുതുക്കി നിശ്ചയിച്ചു. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായി ജനുവരിയിൽ ചേർന്ന യോഗം അടിയന്തരമായി പണി പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് എസ്‌റ്റിമേറ്റ് വീണ്ടും പുതുക്കി. തുടർന്ന് ഇത് റീബിൽഡ് കേരളയുടെ ഉന്നതാധികാര സമിതിയുടെ പരിഗണനയ്ക്ക് വിട്ടു.
രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് 1.1 കോടിയാണ് ചെലവായി കണക്കാക്കിയിരുന്നത്. എന്നാൽ, ഇത് പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ചീഫ് എൻജിനിയർ റിപ്പോർട്ട് നൽകി. മാത്രമല്ല രണ്ട് ഘട്ടങ്ങളായി പദ്ധതി നടപ്പാക്കാനാകില്ലെന്നും ശരിയായ രീതിയിൽ നിർമാണം പൂർത്തിയാക്കണമെങ്കിൽ 56 ലക്ഷം രൂപ കൂടി അധികം വേണ്ടിവരുമെന്നും വ്യക്തമാക്കി. തകർന്ന റോഡിന്റെ പുനർനിർമാണത്തിനാണ് ഈ തുകയെന്നും ചീഫ് എൻജിനിയർ ചൂണ്ടിക്കാട്ടി. പുതുക്കിയ എസ്റ്റിമേറ്റ് റീബിൽഡ് കേരളയുടെ ഉന്നതാധികാര സമിതി അംഗീകരിക്കുകയും കടൽത്തീരം നഷ്ടപ്പെടുന്നത് തടയുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിനോട് നിർദ്ദേശിക്കുകയും ചെയ്തു.
2018ൽ ശംഖുംമുഖത്തെ റോഡ് പുനർനിർമാണത്തിനായി 4.5 കോടിയുടെ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. ലോകബാങ്കിന്റെ വായ്‌പാ സഹായത്തോടെയായിരുന്നു പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചത്. പൊതുമരാമത്ത് വകുപ്പ് വിശദമായ രൂപരേഖ തയ്യാറാക്കുകയും രണ്ട് ഘട്ടങ്ങളിലായി 5.39 കോടി ചെലവിട്ട് പണി പൂർത്തിയാക്കാനും തീരുമാനിച്ചു. പദ്ധതി പ്രകാരം കഴിഞ്ഞവർഷം സെപ്തംബർ ആദ്യഘട്ടം പൂർത്തിയാക്കേണ്ടതായിരുന്നു. 45 ദിവസത്തിനുള്ളിൽ രണ്ടാംഘട്ടവും പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു.
ശംഖുംമുഖം ബീച്ചിൽ 2018, 19, 20 വർഷങ്ങളിലുണ്ടായ കടലേറ്റമാണ് മനോഹരമായ ബീച്ചിനെ അപ്പാടെ തകർത്തത്. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ഒക്ടോബറിലാണ് ഡയഫ്രം വാൾ നിർമ്മാണം ആരംഭിച്ചത്. കേന്ദ്രസർക്കാർ സ്ഥാപനമായ സെൻട്രൽ റോഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ആണ് പുനർനിർമ്മാണ രൂപരേഖ തയ്യാറാക്കിയത്. തീരറോഡിനെ കടലാക്രമണത്തിൽ നിന്ന് സംരക്ഷിക്കുന്നതിന് നൂതന സാങ്കേതികവിദ്യയായ റീ ഇൻഫോഴ്സ്ഡ് കോൺക്രീറ്റ് ഡയഫ്രം വാൾ നിർമ്മിച്ച് ആങ്കർ ചെയ്‌ത് 260 മീറ്റർ നീളത്തിലും 50 സെന്റിമീറ്റർ കനത്തിലും 8 മീറ്റർ താഴ്ചയിലുമാണ് സംരക്ഷണഭിത്തി നിർമ്മിക്കുന്നത്. ഇതോടൊപ്പം ഏഴര മീറ്റർ വീതിയുള്ള ഇരുവരിപ്പാതയും നിർമ്മിക്കും.