തിരുവനന്തപുരം: ടി പത്മനാഭന്റെ അഭിപ്രായ പ്രകടനം വസ്തുത മനസിലാക്കാതെയെന്ന് വനിതാ കമ്മീഷൻ അദ്ധ്യക്ഷ എംസി ജോസഫൈൻ. പരാമർശം വളരെയേറെ വേദനിപ്പിച്ചെന്നും,വസ്തുത മനസിലാക്കാൻ അദ്ദേഹം ശ്രമിക്കേണ്ടതായിരുന്നെന്നും അവർ പറഞ്ഞു.
വസ്തുത എന്താണെന്ന് അദ്ദേഹത്തിന് തന്നോട് വിളിച്ച് ചോദിക്കാമായിരുന്നെന്നും, ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ് പത്മനാഭനെന്നും ജോസഫൈൻ പറഞ്ഞു. വൃദ്ധയ്ക്ക് നീതി കിട്ടുമെന്നും കേസ് കോടതിയിലാണെന്നും അവർ വ്യക്തമാക്കി.
കിടപ്പുരോഗിയായ വൃദ്ധ നേരിട്ട് വനിതാ കമ്മീഷന് മുന്നിൽ ഹാജരാകരണമെന്ന് എംസി ജോസഫൈൻ നിർബന്ധം പിടിച്ചത് വിവാദമായിരുന്നു. പരാതി കേൾക്കാൻ നേരിട്ട് ഹാജരാകാതെ മറ്റ് മാർഗമുണ്ടോ എന്ന് ചോദിച്ച ബന്ധുവിനെ അധിക്ഷേപിച്ച് സംസാരിക്കുന്ന ജോസഫൈന്റെ ഫോൺ സംഭാഷണം നേരത്തെ പുറത്തുവന്നിരുന്നു. ഇതിനെ ടി പത്മനാഭൻ രൂക്ഷമായി വിമർശിച്ചിരുന്നു.
സി പി എമ്മിന്റെ ഗൃഹസന്ദർശന പരിപാടിയുടെ ഭാഗമായി എത്തിയ പി ജയരാജനോടായിരുന്നു ജോസഫൈന്റെ നടപടിയോടുളള തന്റെ എതിർപ്പ് അദ്ദേഹം പ്രകടിപ്പിച്ചത്. കമ്മീഷൻ അദ്ധ്യക്ഷയുടെ വാക്കുകൾ പദവിക്ക് നിരക്കാത്തതാണെന്നും, വലിയ കാറും ഉയർന്ന ശമ്പളവും നൽകി അവരെ നിയമിച്ചത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചിരുന്നു.