തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് സംസ്ഥാനത്തെ കുടുംബശ്രീകളിൽ ശ്രദ്ധകേന്ദ്രീകരിക്കാനൊരുങ്ങി കോൺഗ്രസ്. കാലാകാലങ്ങളായി സി പി എമ്മിന് വളരെയധികം സ്വാധീനമുളള ഇടമാണ് കുടുംബശ്രീ യൂണിറ്റുകൾ. ഇത് തകർക്കുക കോൺഗ്രസിനെ സംബന്ധിച്ച് അത്ര എളുപ്പമല്ല. അതു മനസിലാക്കി സ്വാധീനം ഉറപ്പിക്കാനുളള ശ്രമങ്ങളാണ് പാർട്ടി നടത്തുന്നത്.
കുടുംബശ്രീകളിൽ പുതിയ ഭരണസമിതി മാർച്ച് ഒന്നുമുതൽ അധികാരത്തിൽ വരും. കുടുംബശ്രീയുടെ വിവിധ തലങ്ങളിലേക്കുളള തിരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന് പുറത്തിറങ്ങിയിട്ടുണ്ട്. ഇതിനിടെയാണ് കെ പി സി സി ജനറൽ സെക്രട്ടറി എം മുരളിയുടെ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.
അയൽക്കൂട്ട തിരഞ്ഞെടുപ്പ്, സി ഡി എസ്, എ ഡി എസ് തിരഞ്ഞെടുപ്പുകൾ വരാനിരിക്കെ ഇവയിൽ സ്വാധീനം ചെലുത്താൻ സാധിച്ചാൽ പ്രാദേശിക തലങ്ങളിൽ നേട്ടമുണ്ടാകുമെന്നാണ് സർക്കുലറിൽ പറയുന്നത്. തദ്ദേശതിരഞ്ഞെടുപ്പിൽ കുടുംബശ്രീ പ്രവർത്തകരെ തങ്ങൾക്കെതിരെ ഉപയോഗിച്ച് നേട്ടം കൊയ്യാൻ മറ്റ് പ്രസ്ഥാനങ്ങൾക്ക് സാധിച്ചിട്ടുണ്ടെന്ന വിലയിരുത്തലിലാണ് യു ഡി എഫ്. ഇതിൽ തിരുത്തൽ വരുത്തി നിയമസഭ തിരഞ്ഞെടുപ്പിൽ യു ഡി എഫിന് അനുകൂല നിലപാടെടുക്കുന്നതിനായി കുടുംബശ്രീ പ്രവർത്തകരിലുൾപ്പടെ സ്വാധീനം ചെലുത്താൻ സാധിക്കണം എന്ന കണക്കുകൂട്ടലിലാണ് കെ പി സി സി.
വാർഡ്, മണ്ഡലം, ബ്ലോക്ക്, ജില്ലാ കമ്മിറ്റികളും ജനപ്രതിനിധികളും ഇതിനായി പ്രവർത്തിക്കണമെന്നാണ് മേൽത്തട്ടിൽ നിന്നുളള പ്രത്യേക നിർദ്ദേശം. കുടുംബശ്രീയിൽ കോൺഗ്രസ് പ്രവർത്തകർ ഉണ്ടായിട്ടും പാർട്ടിയുടെ ഇടപെടൽ ഇല്ലാത്തതാണ് പ്രവർത്തകരെ സി പി എമ്മിനൊപ്പം നിർത്തുന്നതെന്ന വിലയിരുത്തലിലാണ് യു ഡി എഫ്. ഇതിൽ മാറ്റം വരുത്തി കുടുംബശ്രീയിൽ ഇടത് മുന്നണിക്കുളള സ്വാധീനം ഇല്ലാതാക്കാനാണ് കെ പി സി സി ലക്ഷ്യമിടുന്നത്. സർക്കാർ പദ്ധതിയായ കുടുംബശ്രീയിൽ സി പി എം സ്വാധീനം കൂടിയതോടെ നേരത്തെ കോൺഗ്രസ് ജനശ്രീ എന്ന പേരിൽ എം എം ഹസന്റെ നേതൃത്വത്തിൽ ബദൽ സംഘടന ആരംഭിച്ചിരുന്നെങ്കിലും വിജയത്തിലെത്തിക്കാൻ സാധിച്ചിരുന്നില്ല.
കുടുംബശ്രീയിലെ തിരഞ്ഞെടുപ്പ് ഇങ്ങനെ
തിരഞ്ഞെടുപ്പ് വിജ്ഞാപനവും വോട്ടർപട്ടിക പ്രസിദ്ധീകരണവും 25ന്
അയൽക്കൂട്ടയോഗം ചേർന്ന് അദ്ധ്യക്ഷയെ തിരഞ്ഞെടുക്കൽ 26 മുതൽ 31 വരെ
അയൽക്കൂട്ട അദ്ധ്യക്ഷർക്കുളള പരിശീലനം ഫെബ്രുവരി ഒന്നു മുതൽ ആറ് വരെ
അയൽക്കൂട്ട തിരഞ്ഞെടുപ്പ് ഒമ്പതു മുതൽ പതിനഞ്ച് വരെ
എ ഡി എസ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 18 മുതൽ 22 വരെ.
സി ഡി എസ് തിരഞ്ഞെടുപ്പ് ഫെബ്രുവരി 28ന്
പുതിയ ഭരണസമിതി അധികാരത്തിലെത്തൽ മാർച്ച് ഒന്നിന്