kochi-beating

കൊച്ചി: കളമശ്ശേരി ഗ്ളാസ് ഫാക്‌ടറി കോളനിക്കാരനായ പതിനേഴുകാരനെ മർദ്ദിച്ച സംഭവത്തിലെ ഏഴ് പ്രതികളിൽ പ്രായപൂർത്തിയാകാത്ത ഒരാൾ തൂങ്ങി മരിച്ച സംഭവത്തിൽ പൊലീസിനെതിരെ ആരോപണവുമായി നാട്ടുകാർ. കുട്ടി മരിക്കാൻ കാരണം പൊലീസ് മർദ്ദനമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു. മർദ്ദിച്ച സംഭവത്തിൽ സ്‌റ്റേഷനിലെത്തിയ കുട്ടികളെ പൊലീസ് ക്രൂരമർദ്ദനത്തിനിരയാക്കി. ജീവിതം തകർക്കുമെന്ന് ഭീഷണിപ്പെടുത്തി.

അവശ നിലയിലായ കുട്ടികൾ എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കുട്ടി ആത്മഹത്യ ചെയ്യാൻ കാരണം പൊലീസ് മർദ്ദനമാണെന്ന് നാട്ടുകാർ ആരോപിച്ചു. മർദ്ദനത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ കുട്ടികളെ കൗൺസിലിംഗ് നടത്തുന്നതിന് ചൈൽഡ് ലൈനിൽ ബന്ധപ്പെട്ടെങ്കിലും അവർ ഒഴിഞ്ഞുമാറിയെന്നും നാട്ടുകാർ ആരോപിച്ചു.

കേസിൽ പ്രതിയായ പതിനേഴുകാരനാണ് ഇന്ന് രാവിലെ എട്ട് മണിയോടെ വീട്ടിൽ തൂങ്ങി മരിച്ചത്.കുട്ടി തൂങ്ങിയത് കണ്ടയുടനെ വീട്ടുകാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്‌‌റ്റുമോർട്ടം നടപടികൾക്കായി മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിലേക്ക് മാ‌റ്റി. കുട്ടികളെ മർദ്ദിച്ചിട്ടില്ലെന്നും ഇവർ ഉൾപ്പെട്ട മ‌റ്റൊരു വഴക്കിലാണ് സ്‌റ്റേഷനിൽ വിളിച്ചുവരുത്തിയതെന്നും പൊലീസ് പറയുന്നു. പിന്നീടാണ് സമപ്രായക്കാരനെ മർദ്ദിച്ച ഇവരുടെ വീഡിയോ വൈറലായത്. ആ സംഭവത്തിന് ശേഷം ഇവരെ സ്‌റ്റേഷനിൽ കൊണ്ടുവന്നിട്ടില്ലെന്നും ആദ്യം എത്തിയപ്പോൾ തന്നെ പ്രായപൂർത്തിയാകാത്തതിനാൽ കേസെടുത്ത ശേഷം വീട്ടുകാർക്കൊപ്പം വിടുകയാണുണ്ടായതെന്നും കളമശ്ശേരി പൊലീസ് അറിയിച്ചു.