പഴയതൊക്കെയും
പൊടിതട്ടിയെടുക്കുന്ന നേരത്ത്
കണ്ടു അതിലും പഴയൊരാ
കറുപ്പിലും വെളുപ്പിലുമുള്ള ചിത്രം.
നിറമുള്ള നിൻ കൗമാരകാലം
കറുപ്പിലും വെളുപ്പിലും നിന്നു ചിരിപ്പൂ.
എണ്ണക്കറുമ്പൻ മുടി
രണ്ടായി മെടഞ്ഞിട്ട്
രണ്ടിലും കെട്ടിയ ചുവന്ന റിബൺ
കറുപ്പായി മുടിയിൽ പറ്റിക്കിടപ്പൂ.
നെറ്റിയിൽ ഭംഗിയിൽ തൊട്ടൊരാ
ചുവന്ന വട്ടത്തിലുള്ള പൊട്ട്
കറുപ്പായ് ഒട്ടിയമർന്നിരിപ്പൂ.
മെല്ലിച്ച കൈത്തണ്ടയിൽ
കിലുങ്ങിച്ചിരിച്ചൊരാ
ചുവന്ന കുപ്പിവളകളുമതാ
കറുപ്പായ് ചിരിച്ചു നിൽപ്പൂ.
എത്രയാശിച്ചു വാങ്ങിയ,യാ
പട്ടുപാവാടയും ബ്ളൗസും
കറുപ്പിന്നഴകിൽ ചേർന്നു കിടപ്പൂ.
നിറമുള്ള സ്വപ്നങ്ങളൊക്കെയും
കറുപ്പായ് വീണ്ടും കാണുമ്പോഴൊക്കെയും
ആ കറുപ്പിനെന്തൊരഴകു നിൻ കണ്ണിലെ
കരിമഷിപോലെ നൈർമല്യം !