ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ അമ്മയും അച്ഛനും ചേർന്ന് യുവതികളായ രണ്ടു മക്കളെ കൊലപ്പെടുത്തി. വ്യായാമം ചെയ്യാനുപയോഗിക്കുന്ന ഡംബല്ലുപയോഗിച്ചാണ് അലേഖ്യ (27), സായ് ദിവ്യ( 22) എന്നിവരെ മാതാപിതാക്കളും സ്കൂൾ പ്രിൻസിപ്പിൽമാരുമായ പദ്മജയും ഭർത്താവ് പുരുഷോത്തം നായിഡുവും ചേർന്ന് ഞായറാഴ്ച കൊലപ്പെടുത്തിയത്. നരബലിയ്ക്കാണ് മക്കളെ കൊലപ്പെടുത്തിയെതെന്നാണ് വിവരം.
ഞായറാഴ്ച വൈകിട്ട് വീട്ടിൽ നിന്ന് അസാധാരണ ശബ്ദങ്ങളും കരച്ചിലും കേട്ടതിനെ തുടർന്ന് അയൽക്കാർ പൊലീസിനെ വിവരമറിയിക്കുയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പൊലീസിനെ വീട്ടിൽ കയറ്റാൻ ദമ്പതികൾ സമ്മതിച്ചില്ല. പിന്നീട്, ബലപ്രയോഗത്തിലൂടെ വീടിനുള്ളിൽ കയറിയപ്പോഴാണ് യുവതികളുടെ മൃതദേഹം കണ്ടെത്തിയത്.
ഒരാളുടെ മൃതദേഹം പൂജാമുറിയിൽ നിന്നും മറ്റൊന്ന് മറ്റൊരു മുറിയിൽ നിന്നുമാണ് കണ്ടെത്തിയത്. രണ്ടു മൃതദേഹങ്ങളും ചുവന്ന തുണി ഉപയോഗിച്ച് പൊതിഞ്ഞിരുന്നു. കലിയുഗം അവസാനിച്ച് തിങ്കളാഴ്ച മുതൽ സത്യയുഗം തുടങ്ങുകയാണെന്നും തിങ്കളാഴ്ച സൂര്യനുദിക്കുന്നതോടെ മക്കൾക്ക് വീണ്ടും ജീവൻ ലഭിക്കുമെന്ന് മന്ത്രവാദി പറഞ്ഞുവെന്നുമാണ് ദമ്പതിമാർ പറയുന്നത്. ഇവർ പൊലീസ് കസ്റ്റഡിയിലാണ്.
മൂത്തമകളായ അലേഖ്യ ബിരുദാനന്തര ബിരുദധാരിയാണ്. ഇളയമകൾ സായി ദിവ്യ ബി.ബിഎ. ബിരുദധാരിയും മുംബയിലെ എ.ആർ റഹ്മാൻ സംഗീത സ്‌കൂളിലെ വിദ്യാർത്ഥിനിയുമാണ്.
രാജ്യത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ കാലയളവിൽ ഇവരുടെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നതായി പൊലീസ് പറയുന്നു.