ഇന്നേവരെ ഒരാളും പറയാതിരുന്ന കഥ നമ്മുടെ മുന്നിലേക്ക് തുറന്നുവിട്ട ജിയോ ബേബി എന്ന സംവിധായകൻസിനിമ വന്ന വഴിയെക്കുറിച്ച് സംസാരിക്കുന്നു...
കോട്ടയം തലനാടിലാണ് എന്റെ വീട്. കുട്ടിക്കാലത്ത് വീട് അടച്ചിട്ട് അച്ഛനും അമ്മയും ജോലിയ്ക്കും ഞങ്ങൾ സ്കൂളിലും പോകും. അന്നത്തെ കാലത്ത് എന്റെ കൂട്ടുകാരുടെ അച്ഛന്മാരൊന്നും അടുക്കളയിൽ കയറിയിരുന്നില്ല. പക്ഷേ, എന്റെ അച്ഛൻ വലിയ അളവിൽ അല്ലെങ്കിൽ പോലും അടുക്കളയിലെ ജോലി ചെയ്യുമായിരുന്നു. വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോൾ ചായ ഇട്ടു തരും. അച്ഛന്റെ സ്പെഷ്യൽ ഡിഷസ് ഉണ്ടാക്കി വയ്ക്കും. അമ്മയ്ക്ക് വെളുത്തുള്ളി പൊളിച്ചു കൊടുക്കുക, ചെറിയുള്ളി തൊലി കളഞ്ഞു കൊടുക്കുക പോലുള്ള ചെറിയ സഹായങ്ങളും ചെയ്തു കൊടുക്കും.
വീട്ടിൽ ഏറ്റവും നന്നായി കടുക് പൊട്ടിക്കുന്നത് അച്ഛനാണ് എന്ന തമാശ പോലും ഞങ്ങൾക്കിടയിൽ പറയാറുണ്ടായിരുന്നു. കുട്ടിക്കാലത്ത് വീട്ടുജോലികളിൽ വലിയ സഹായങ്ങളൊന്നും ഞാനും ചെയ്തിരുന്നില്ല. പക്ഷേ, കഴിച്ച പാത്രം കഴുകി വയ്ക്കുമായിരുന്നു. വീട്ടിൽ അതിഥികൾ വന്നാൽ അവരുടെ പാത്രങ്ങൾ കഴുകേണ്ട ചുമതല എനിക്കായിരുന്നു. 15-16 വയസ് മുതലൊക്കെ അത് ചെയ്ത ഓർമ്മകളുണ്ടെനിക്ക്. വിവാഹം കഴിച്ചപ്പോൾ വീട്ടിലെ ജോലികൾ ഷെയർ ചെയ്യണമെന്ന് തീരുമാനിച്ചാണ് കല്യാണം കഴിക്കുന്നത് തന്നെ. എന്നാൽ, അത്രത്തോളം പണിയുണ്ടെന്നും ഇതിത്ര പ്രശ്നമുള്ള ഏരിയ ആണെന്നും കല്യാണം കഴിച്ചാണ് ഞാൻ മനസിലാക്കുന്നത്. എന്നെ സംബന്ധിച്ച് ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയി. അടുക്കളയിലെ ജോലി കഴിഞ്ഞ് എന്റെ ജോലി ചെയ്യാനുള്ള സമയമില്ലായ്മ, മടുപ്പ്, വേസ്റ്റ് മാനേജ്മെന്റ്, വീട് തൂക്കുന്നത്, തുടയ്ക്കുന്നത് അങ്ങനെ ഇതെല്ലാം ഒന്നിച്ചു ചെയ്ത സമയത്താണ് ഇത്തരമൊരു സിനിമയെക്കുറിച്ച് ആലോചിച്ചത്. എന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരും അടുക്കളയിൽ കയറുന്നവരാണ്. പക്ഷേ, നിറയെ കൂട്ടുകാരികളും ബന്ധുക്കളായ ചില പെൺകുട്ടികളും ഇങ്ങനെ കഷ്ടപ്പെടുന്നുണ്ട് എന്ന് എനിക്കറിയാമായിരുന്നു. ഈ കഥ പറയേണ്ട ഒന്ന് തന്നെയാണ് എന്ന് എനിക്കുറപ്പുണ്ടായിരുന്നു.