shikar-dhawan

ലക്‌നൗ: പക്ഷികൾക്ക് കൈവെളളയിൽ തീറ്റ നൽകിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ഓപ്പണർ ശിഖർ ധവാനെതിരെ കേസെടുക്കുമെന്ന് ഉത്തർപ്രദേശ് പൊലീസ്. പക്ഷിപ്പനിയുടെ പശ്‌ചാത്തലത്തിലാണ് നടപടി. ഉത്തർപ്രദേശിലെ വാരണാസിയിൽ വച്ച് നടത്തിയ ഒരു ബോട്ട് യാത്രക്കിടെയാണ് ധവാൻ പക്ഷികൾക്ക് തീറ്റ നൽകിയത്.

പക്ഷികൾക്ക് തീറ്റ കൊടുക്കുന്ന ചിത്രം ധവാൻ തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ചിരുന്നു. ഈ ചിത്രം പുറത്തുവന്നതോടെയാണ് വിവാദം ഉടലെടുത്തത്. ധവാനെ കൂടാതെ താരം യാത്ര ചെയ്‌ത ടൂറിസ്റ്റ് ബോട്ടിന്റെ ഉടമയ്‌ക്കും ജീവനക്കാർക്കുമെതിരെ കേസെടുത്തേക്കുമെന്നും സൂചനയുണ്ട്.

View this post on Instagram

A post shared by Shikhar Dhawan (@shikhardofficial)

പക്ഷികൾക്ക് തീറ്റ നൽകുന്നതിൽ നിന്ന് ടൂറിസ്റ്റുകളെ തടയണമെന്ന് ഇവർക്ക് പൊലീസും ജില്ലാ ഭരണകൂടവും കർശന നിർദ്ദേശം നൽകിയിട്ടുളളതാണെന്നും ഇതിൽ അവർ വീഴ്‌ച വരുത്തി എന്നും വാരണാസി ജില്ലാ മജിസ്ട്രേറ്റ് പറഞ്ഞു.

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുളളത്. കേരളം, ഹരിയാന, മദ്ധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഢ്, പഞ്ചാബ് എന്നിവിടങ്ങളിലാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചത്.