എല്ലാ ചർമ്മക്കാർക്കും ഒരേ പോലുള്ള സൗന്ദര്യവർദ്ധക വസ്‌തുക്കൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ശ്രദ്ധിക്കണം. എണ്ണമയം കൂടുതലുള്ള ചർമ്മമുള്ളവർ എണ്ണയുടെയും പാൽപ്പാടയുടെയും ഉപയോഗം പടേ ഒഴിവാക്കണം. ഇല്ലെങ്കിൽ മുഖക്കുരുവും കാരയും ഉണ്ടാകാനിടയുണ്ട്. വിണ്ടുകീറിയ ചർമ്മമുള്ളവർക്ക് മുഖത്ത് എന്ത് തേച്ചാലും നീറ്റലുണ്ടാകും. അതുകൊണ്ട് ചർമ്മത്തിന്റെ സ്വഭാവം അറിഞ്ഞു വേണം ചർമ്മസംരക്ഷണം നടത്താൻ.മൂന്ന് ടേബിൾ സ്‌പൂൺ കടലമാവിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇതിൽ ഒരു ടേബിൾ സ്‌പൂൺ പാലൊഴിച്ച് കുഴച്ച് മുഖത്ത് പുരട്ടി ഉണങ്ങുമുമ്പ് കഴുകി കളയുക. മുൾട്ടാണിമിട്ടിയും ചന്ദനവും റോസ് വാട്ടറിൽ മിക്സ് ചെയ്തു മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ച് മുഖത്തിട്ടാൽ മുഖക്കുരു അപ്രത്യക്ഷമാകും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേർത്ത മിശ്രിതം മുഖത്തിട്ടു ഉണങ്ങുമ്പോൾ കഴുകികളയാം. തണ്ണിമത്തന്റെ നീര് കൊണ്ട് തുടയ്‌ക്കുന്നത് മുഖത്തിന് തിളക്കം നൽകും.