ശരീരത്തിന് ദ്രോഹം ചെയ്യാത്ത അപൂരിത കൊഴുപ്പുകളായ ഡോക്കോസ ഹെക്‌സനോയിക് ആസിഡ് , എയ്‌ക്കോസ പെന്റനോയിക് ആസിഡ് എന്നിങ്ങനെ രണ്ടുതരം ആസിഡുകൾ മത്സ്യങ്ങളിലുണ്ട് . ശരീരത്തിന്റെ പൊതുവായ ആരോഗ്യം നിലനിർത്താനും നാഡീഞരമ്പുകളുടെയും രക്തക്കുഴലുകളുടെയും ഹൃദയത്തിന്റെയും സുഗമമായ പ്രവർത്തനത്തിനും ഈ ഫാറ്റി ആസിഡുകൾ ഏറെ സഹായിക്കുന്നു. അതിനാൽ ഹൃദയാഘാതം, തളർവാതം എന്നിവയുടെ സാദ്ധ്യത കുറയ്‌ക്കാൻ കൊഴുപ്പേറിയ മത്സ്യങ്ങളുടെ ഉപയോഗം സഹായിക്കും.
കുട്ടികൾക്കും മുതിർന്നവർക്കും
കൂടാതെ വാർദ്ധക്യത്തിന് മുമ്പ് തന്നെ പ്രത്യക്ഷപ്പെടുന്ന നാഡീഞരമ്പുകളുടെ അപചയം മൂലമുള്ള മറവിരോഗം, വിഷാദരോഗം, കുട്ടികളിലെ ആസ്ത്മ, ഓട്ടോഇമ്മ്യൂൺ രോഗങ്ങൾ എന്നിവ പ്രതിരോധിക്കാനും മത്സ്യം കഴിക്കുന്നത് സഹായിക്കുന്നു. ഇത്തരം അപൂരിത കൊഴുപ്പുകൾ ശരീരത്തിലെ കൊഴുപ്പുകലകളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഫലപ്രദമായി പുറംതള്ളാനും സഹായിക്കുന്നു. രോഗപ്രതിരോധശേഷി ഉയർത്താൻ ശ്വേതരക്താണുക്കളുടെ ആരോഗ്യകരമായ പ്രവർത്തനത്തിനും ഇവ തുണയാകുന്നു.ശർഭസ്ഥശിശുവിന്റെ ആരോഗ്യകരമായ വളർച്ചയ്‌ക്കും കുട്ടികളിൽ തലച്ചാറിന്റെ വികാസത്തിനും കണ്ണിന്റെ ആരോഗ്യത്തിനും ഒമേഗ 3 ഫാറ്റി ആസിഡുകൾ സഹായിക്കുന്നു. അതിനാൽ, ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഭക്ഷണത്തിൽ ഭക്ഷ്യവിഭവങ്ങൾ ധാരാളമായി ഉൾപ്പെടുത്തണം.അതേസമയം, ശ്രദ്ധിക്കേണ്ട ഒരു പ്രധാന സംഗതിയുണ്ട്. സ്രാവ്, വലിയ ചൂര തുടങ്ങിയ മത്സ്യങ്ങളിൽ മെർക്കുറി പോലുള്ള ഘനലോഹങ്ങളുടെ അംശം കൂടുതലുണ്ടാകാൻ സാധ്യതയുണ്ട്.ഗർഭിണികളും മുലയൂട്ടുന്ന അമ്മമാരും ഇത്തരം വലിയ മത്സ്യങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തേണ്ടതാണ്.
നല്ല ഉറക്കത്തിനും മത്സ്യം
ജീവൽപ്രവർത്തനങ്ങളുടെ കാര്യത്തിൽ ഒരു സ്റ്റീറോയിഡ് ഹോർമോൺ പോലെ ശരീരത്തിൽ പ്രവർത്തിക്കുന്ന ജീവകമാണ് വിറ്റാമിൻ ഡി. എല്ലുകളുടെയും പല്ലുകളുടെയും ബലത്തിന് വിറ്റാമിൻ ഡി വേണം. തലച്ചോറിന്റെയും രോഗപ്രതിരോധവ്യൂഹത്തിന്റെും ആരോഗ്യകരമായ പ്രവർത്തനത്തിനും അത് അത്യന്താപേക്ഷിതമാണ്. അതിനാൽ വിറ്റാമിൻ ഡിയുടെ അപര്യാപ്തത ഗൗരവമാർന്ന ആരോഗ്യപ്രശ്‌നങ്ങൾക്ക് വഴിതുറക്കുന്നു. ഇന്ത്യക്കാരിൽ 6570 ശതമാനം പേരും വിറ്റാമിൻ ഡിയുടെ അപര്യാപ്തത അനുഭവിക്കുന്നവരാണെന്ന് പുതിയ പഠനങ്ങൾ പറയുന്നു.ആവശ്യത്തിന് സൂര്യപ്രകാശം ഏൽക്കാതിരിക്കുകയും സമീകൃതാഹാരം കഴിക്കാതിരിക്കുകയും ചെയ്താൽ വിറ്റാമിൻ ഡി യുടെ കുറവ് നികത്താൻ മരുന്നുകൾ കഴിക്കേണ്ടിവരും.
വിളർച്ചയകറ്റാൻ
സ്ത്രീകളിലും പെൺകുട്ടികളിലും സാധാരണ കാണപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ് വിളർച്ച. ഇരുമ്പ് അടങ്ങിയ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗമാണ് ഇതിനുള്ള പരിഹാരം. സസ്യസ്രോതസ്സുകളെ അപേക്ഷിച് മത്സ്യം ഉൾപ്പെടെയുള്ള മാംസഭക്ഷണങ്ങളിൽനിന്നുള്ള ഇരുമ്പിന്റെ ജൈവലഭ്യത വളരെ കൂടുതലാണ്. വിറ്റാമിൻബി12, ഫോളിക് ആസിഡ് എന്നിവയുടെ കുറവു മൂലവും വിളർച്ച സംഭവിക്കാം. ഈ സാഹചര്യത്തിലും മത്സ്യവിഭവങ്ങളുടെ ഉപയോഗം ഒരു ഉത്തമ പരിഹാരമാണ്. അയോഡിൻ, സിങ്ക് തുടങ്ങിയ ധാതുക്കളാൽ സമൃദ്ധമായ കക്ക, ചിപ്പി, ചെമ്മീൻ, ഞണ്ട് പോലുള്ള കടൽവിഭവങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തിയാൽ പുരുഷബീജങ്ങളുടെ എണ്ണവും ചലനശേഷിയും വർധിക്കും. പുരുഷഹോർമോണായ റെസ്റ്റോസ്റ്റീറോണിന്റെ അളവും വർധിക്കുന്നു. അതുവഴി പുരുഷന്മാരിലെ പ്രത്യുല്പാദനശേഷി മെച്ചപ്പെടും.