
നല്ല ചർമ്മം എല്ലാവരുടെയും സ്വപ്‌നമാണ്. അതെങ്ങനെ സ്വന്തമാക്കുമെന്നറിയാം. മൂന്ന് ടേബിൾ സ്‌പൂൺ കടലമാവിൽ ഒരുനുള്ള് മഞ്ഞൾപ്പൊടി ചേർക്കുക. ഇതിൽ ഒരു ടേബിൾ സ്‌പൂൺ പാലൊഴിച്ച് കുഴച്ച് മുഖത്ത് പുരട്ടി ഉണങ്ങുമുമ്പ് കഴുകി കളയുക. മുൾട്ടാണിമിട്ടിയും ചന്ദനവും റോസ് വാട്ടറിൽ മിക്‌സ് ചെയ്തു മുഖത്ത് പുരട്ടി ഉണങ്ങുമ്പോൾ കഴുകിക്കളയാം. തുളസിയിലയും മഞ്ഞളും അരച്ച് മുഖത്തിട്ടാൽ മുഖക്കുരു അപ്രത്യക്ഷമാകും. തക്കാളിനീരും പയറുപൊടിയും ചന്ദനവും ചേർത്ത മിശ്രിതം മുഖത്തിട്ടു ഉണങ്ങുമ്പോൾ കഴുകികളയാം. സാധാരണ ചർമ്മത്തിന് തൈര് മുഖത്ത് പുരട്ട് പത്ത് - പതിനഞ്ച് മിനിട്ടിന് ശേഷം കഴുകികളയാം. തൈരിൽ ലാക്ടിക് ആസിഡ് ഉള്ളതുകൊണ്ട് ചർമ്മത്തിന്റെ നിറം വർദ്ധിക്കുകയും ചർമ്മം സുന്ദരമാകുകയും ചെയ്യും. നാരങ്ങാനീരും മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി പുരട്ടുന്നതും സാധാരണ ചർമ്മക്കാർക്ക് നല്ലതാണ്. വരണ്ടചർമ്മത്തിന് സോപ്പിന് പകരം പയറുപൊടിയോ കടലമാവോ ഉപയോഗിക്കാം. തേങ്ങാപ്പിണ്ണാക്കും ഇത് പോലെ ഉപയോഗിക്കാം. വരണ്ട ചർമ്മക്കാർക്ക് തേനാണ് ഏറ്റവും നല്ല മോയ്ചറൈസർ. തേനിന് ഇരുമ്പ്, മാഗ്നീഷ്യം, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. നല്ലൊരു ആന്റിസെപ്റ്റിക് കൂടിയാണ് തേൻ. മുട്ടയുടെ മഞ്ഞക്കരുവും രണ്ടുടീ സ്‌പൂൺ തേനും തൈരും ചേർത്ത് മുഖത്തും കഴുത്തിലും പുരട്ടുക. പതിനഞ്ച് മിനിട്ടിന് ശേഷം കഴുകി കളയാം. പഴവും തേനും ചേർത്ത് മുഖത്ത് പുരട്ടുന്നതും ഗുണം ചെയ്യും. എണ്ണമയമുള്ള ചർമ്മത്തിന് മുഖത്ത് നന്നായി പഴുത്ത പപ്പായ പുരട്ടി പത്തു മിനിട്ടിന് ശേഷം കഴുകിക്കളയുക. പപ്പായ നല്ലൊരു എക്‌സ് ഫോളിയേറ്ററാണ്. കൂടാതെ ആന്റി ഓക്‌സിഡന്റായതിനാൽ ഒരു ആന്റി ഏജിംഗ് ട്രീറ്റ്മെന്റായും ഉപയോഗിക്കാം. വേവിച്ച കാരറ്റും തേനും ചേർത്ത് പുരട്ടുന്നതും പ്രായമാകുന്നതിനെ തടയുന്നു. കടലമാവിൽ മുട്ടയുടെ വെള്ളയും തേനും ചേർത്ത് പുരട്ടുന്നതും നല്ലതാണ്.