തെറ്റായ ആഹാരരീതി തന്നെയാണ് കുഞ്ഞുങ്ങളിലെ അമിതവണ്ണത്തിന്റെ ഏറ്റവും പ്രധാന കാരണം. കുഞ്ഞുങ്ങൾക്ക് കൃത്യമായ ഒരു ഭക്ഷണച്ചിട്ട രൂപപ്പെടുത്തേണ്ടത് രക്ഷിതാക്കളാണ്. കൈയിൽ കിട്ടുന്നതലെല്ലാം കഴിക്കുന്നത് തടയണം, വിശപ്പുള്ളപ്പോൾ മാത്രം കഴിപ്പിക്കാൻ പഠിപ്പിക്കണം. കൃത്യമായ സമയം കണക്കാക്കി കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുന്നതാണ് ശരിയായ ഭക്ഷണരീതി. കൃത്യമായൊരു ഭക്ഷണചിട്ട രൂപപ്പെടുത്തുന്നതിലൂടെ തന്നെ കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പിക്കാനാകും. കൊഴുപ്പ് അധികം അടങ്ങിയ ആഹാര സാധനങ്ങൾ കുട്ടികൾ കഴിക്കുന്നതിനെ സ്‌നേഹപൂർവം തടയണം. അതുപോലെ ഫാസ്റ്റ് ഫുഡിൽ നിന്നും കുട്ടികളെ പരമാവധി അകറ്റി നിറുത്തുക. പുറത്ത് നിന്നുള്ള ആഹാരങ്ങൾ കഴിച്ചു ശീലിച്ചാൽ പിന്നെ കുട്ടികൾക്ക് വീട്ടിലെ ഭക്ഷണത്തോട് വിരക്തി തോന്നുക സ്വാഭാവികം. അതുപോലെ ചില മാതാപിതാക്കൾ കുട്ടികളെ നിർബന്ധിച്ച് അമിതമായി ആഹാരം കഴിപ്പിക്കാറുണ്ട്. എത്ര ആഹാരം കൊടുത്താലും കുഞ്ഞുവയർ എത്ര നിറഞ്ഞാലും വീണ്ടും കോരി വായിൽ വച്ചുകൊടുത്ത് തീറ്റിക്കരുത്. കുഞ്ഞുങ്ങളുടെ വയർ വളരെ ചെറുതാണെന്നും ആവശ്യത്തിലധികമായാൽ കുഞ്ഞുങ്ങൾക്ക് ഛർദ്ദിയും വയറിളക്കവും പിടിപെടുമെന്നും ഓർക്കുക.