ന്യൂഡൽഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചിത്രത്തിന് പകരം രാഷ്ട്രപതി രാംനാഥ് കോവിന്ദ് അനാച്ഛാദനം ചെയ്തത് സുഭാഷ്ചന്ദ്രബോസായി സിനിമയിൽ വേഷമിട്ട ബംഗാളി നടൻ പ്രൊസൻജിത് ചാറ്റർജിയുടെ ചിത്രമാണെന്ന് ആരോപണം.
നേജാതിയുടെ 125ാം ജന്മദിനത്തോട് അനുബന്ധിച്ച് രാഷ്ട്രപതി ഭവനിൽ 23നാണ് നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തത്. രാഷ്ട്രപതിയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ചടങ്ങിന്റെ ചിത്രം പങ്കുവെച്ചിരുന്നു. ഇതോടെയാണ് ചിത്രം മാറിയെന്ന വാദവുമായി നിരവധി പ്രമുഖർ രംഗത്തെത്തിയത്.
'അഞ്ചുലക്ഷം രൂപ രാമക്ഷേത്രത്തിന് സംഭാവന നൽകിയതോടെ നേതാജിയുടെ ബയോപിക്കിൽ അഭിനയിച്ച പ്രസൻജിത് ചാറ്റർജിയുടെ ചിത്രം രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. ഇന്ത്യയെ ദൈവം രക്ഷിക്കട്ടെ (കാരണം സർക്കാരിന് തീർച്ചയായും അത് കഴിയില്ല) -മഹുവ മെയ്ത്ര ട്വിറ്ററിൽ കുറിച്ചു. രാഷ്ട്രപതി പങ്കുവച്ച ചിത്രത്തിനെതിരെ ട്രോളുകളും ട്വിറ്ററിൽ നിറഞ്ഞു. അതേസമയം സംഭവത്തിൽ രാഷ്ട്രപതി ഭവൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.