a-n-shamseer

കോഴിക്കോട്: എ എൻ ഷംസീർ എം.എൽ.എയുടെ ഭാര്യ ഡോ.പി.എം ഷഹലയ്‌ക്ക് കാലിക്ക‌റ്റ് സർവകലാശാലയിൽ അനധികൃത നിയമനത്തിന് ശ്രമം നടത്തുന്നതായി പരാതി. സേവ് യൂണിവേഴ്‌സി‌റ്റി ക്യാംപെയിനാണ് ഇതുസംബന്ധിച്ച് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. ഷഹലയെ ഇന്റർവ്യു ചെയ്യേണ്ട ഇന്റർവ്യു ബോർഡിൽ ഇവരുടെ ഗവേഷണ ഗൈഡായിരുന്ന ഡോ.പി.കേളുവിനെയാണ് നിയമിച്ചിരിക്കുന്നതെന്നും പരാതിയിലുണ്ട്. സർവകലാശാല വിദ്യാഭ്യാസ വിഭാഗത്തിൽ അസിസ്‌റ്റന്റ് പ്രൊഫസർ തസ്‌തികയിൽ യോഗ്യതയുള‌ളവരെ മറികടന്ന് ഷഹളയെയും ഒപ്പം സിപിഎം മങ്കട ഏരിയാ സെക്രട്ടറി പി.കെ അബ്‌ദുൾ നവാസിന്റെ ഭാര്യ ഡോ. റീഷ കാരാളിയെയും നിയമിക്കാനാണ് നീക്കം.

ഈ തസ്‌തികകളിൽ ആകെ രണ്ട് ഒഴിവുകളാണുള‌ളത്. ഇന്റർവ്യുവിന് ശേഷം തയ്യാറാക്കിയ മെറി‌റ്റ് ലിസ്‌റ്റിൽ റീഷ ഒന്നാമതും ഷഹള മൂന്നാമതുമാണ്. ഷഹളയ്‌ക്ക് നിയമനം നൽകാനായാണ് ഡോ.പി.കേളുവിനെ നിയമിച്ചതെന്നും ഗവർണർക്ക് നൽകിയ പരാതിയിൽ സേവ് യൂണിവേഴ്‌സി‌റ്റി ക്യാംപെയിൻ പറയുന്നു. ജനുവരി 30 ന് ചേരുന്ന സിൻഡിക്കേ‌റ്റ് യോഗം ഇവരുടെ നിയമനം അംഗീകരിക്കും. യൂണിവേഴ്‌സി‌റ്റി എഡ്യൂക്കേഷൻ മേധാവി തന്നെ ഇന്റർവ്യൂ ബോർഡിലുള‌ളപ്പോൾ വിരമിച്ച അദ്ധ്യാപകനെ ഉൾപ്പെടുത്തിയത് തെ‌റ്റാണെന്നും തന്റെ കീഴിൽ ഗവേഷണം നടത്തിയ വിദ്യാർത്ഥി ഇന്റർവ്യുവിനെത്തിയാൽ ഗവേഷണ മേൽനോട്ടം വഹിച്ചയാൾ മാറിനിൽക്കുക പതിവാണെന്നും ഇവിടെ അതുണ്ടായില്ലെന്നും പരാതിയിൽ പറയുന്നു. എന്നാൽ ഈ നടപടിയിൽ തെ‌റ്റൊന്നുമില്ലെന്നാണ് വൈസ് ചാൻസിലർ ഡോ.എം.കെ ജയരാജ് അറിയിച്ചത്.

സർവകലാശാലയിൽ 126 അദ്ധ്യാപക തസ്‌തികയിലെ ഒഴിവുകളിൽ ഉടൻ തന്നെ ഇഷ്‌ടക്കാരെ തിരുകിക്കയ‌റ്റി നിയമനം നടത്തുന്നതിന് ശ്രമം നടക്കുകയാണെന്നും സേവ് യൂണിവേഴ്‌സി‌റ്രി ക്യാംപെയിൻ ആരോപിക്കുന്നു. മുൻപ് കണ്ണൂർ സർവകലാശാലയിൽ ഷഹലയ്‌ക്ക് വിവാദ നിയമനം നൽകിയത് വിവാദമായിരുന്നു. ഈ നിയമനം പിന്നീട് കോടതി റദ്ദാക്കിയിരുന്നു.