മുംബയ്: തൻെറ ചാനലുകളുടെ റേറ്റിങ്ങ് കൃത്രിമമായി വർദ്ധിപ്പിക്കാൻ റിപബ്ലിക് ടി.വി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമി അഞ്ച് ഘട്ടങ്ങളിലായി 12,000 ഡോളറും 40 ലക്ഷം രൂപയും തന്നെന്ന് ബ്രോഡ്കാസ്റ്റ് ഒൗഡിയൻസ് റിസർച്ച് കൗൺസിൽ മുൻ മേധാവി പാർഥദാസ് ഗുപ്ത പൊലീസിന് മൊഴിനൽകി. ഗുപ്തയടക്കം മൂന്ന് പേർക്കെതിരെ 11 ന് കോടതിയിൽ സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തിൽ തെളിവായി പൊലീസ് ഇതും നൽകിയിട്ടുണ്ട്. 2004 മുതൽ അർണബിനെ അറിയാം. 2013 ലാണ് ബാർകിൽ ചേരുന്നത്. 2017 ൽ റിപബ്ലിക് ടി.വി തുടങ്ങുന്നതിന് മുമ്പുതന്നെ അർണബ് തന്നെ വിവരം അറിയിക്കുകയും റേറ്റിംഗ് കൂട്ടാൻ സഹായിക്കണമെന്ന് സൂചന നൽകുകയും ചെയ്തിരുന്നു. അദ്ദേഹം ഭാവിയിൽ തന്നെയും സഹായിക്കുമെന്ന സൂചനയും നൽകി. 2017 നും 2019 നുമിടയിൽ ഞാൻ എൻെറ സംഘത്തിനൊപ്പം ചേർന്ന് റിപബ്ലിക് ടി.വിയെ ഒന്നാമതെത്തിച്ചു. അതേസമയം, സമ്മർദം ചെലുത്തി പറയിപ്പിച്ചതാണെന്നും കോടതിയിൽ തെളിവായി പരിഗണിക്കില്ലെന്നും ഗുപ്തയുടെ അഭിഭാഷകൻ അർജീൻ സിംഗ് പറഞ്ഞു.