fdi

കൊച്ചി: കൊവിഡിൽ കഴി‌ഞ്ഞവർഷം ആഗോളതലത്തിൽ നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്.ഡി.ഐ) കുത്തനെ ഇടി‌ഞ്ഞിട്ടും ഇന്ത്യയിലേക്കുള്ളനിക്ഷേപം 13 ശതമാനം വർദ്ധിച്ചുവെന്ന് യു.എന്നിന്റെ റിപ്പോർട്ട്. 2020ൽ ആഗോള എഫ്.ഡി.ഐ 42 ശതമാനം ഇടി‌ഞ്ഞ് 85,900 കോടി ഡോളറിൽ ഒതുങ്ങിയെന്നാണ് യു.എൻ കോൺഫറൻസ് ഓൺ ട്രേഡ് ആൻഡ് ഡെവലപ്‌മെന്റ് (യു.എൻ.സി.ടി.എ.ഡി) തയ്യാറാക്കിയ ഗ്ലോബൽ ഇൻവെസ്‌റ്റ്‌മെന്റ് ട്രെൻഡ്‌സ് മോണിറ്റർ റിപ്പോർട്ടിലുള്ളത്.

2019ൽ ആഗോള എഫ്.ഡി.ഐ 1.5 ലക്ഷം കോടി ഡോളറായിരുന്നു. 2008-09ലെ ആഗോള സാമ്പത്തികമാന്ദ്യ വേളയിൽ ലഭിച്ചതിനേക്കാൾ 30 ശതമാനം കുറവാണ് 2020ലെ നിക്ഷേപം. 1990ന് ശേഷം ലഭിക്കുന്ന ഏറ്റവും കുറഞ്ഞ നിക്ഷേപവും ഇതാണ്. 2021ലും പ്രതിസന്ധി തുടരുമെങ്കിലും എഫ്.ഡി.ഐ ഇടിവ് 5-10 ശതമാനത്തിൽ ഒതുങ്ങുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോർട്ടിലുണ്ട്.

നിക്ഷേപ വിഹിതം

2020ൽ ഏറ്റവുമധികം എഫ്.ഡി.ഐ ഒഴുകിയത് ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിലേക്കാണ്; മൊത്തം നിക്ഷേപത്തിന്റെ 72 ശതമാനം.

കണക്ക് ഇങ്ങനെ (ബ്രായ്ക്കറ്റിൽ 2019നെ അപേക്ഷിക്കുള്ള വളർച്ച):

 വികസ്വര രാജ്യങ്ങൾ : $61,600 കോടി (-12%)

 വികസിത രാജ്യങ്ങൾ : $22,900 കോടി (-69%)

 ദരിദ്ര രാജ്യങ്ങൾ : $1,300 കോടി (-77%)

 ആകെ നിക്ഷേപം : $85,900 കോടി (-42%)

വികസിതർക്ക് തിരിച്ചടി

വികസിത രാജ്യങ്ങളാണ് 2020ൽ എഫ്.ഡി.ഐയിൽ വൻ തിരിച്ചടി നേരിട്ടത്. ബ്രിട്ടനിലേക്കുള്ള നിക്ഷേപം പൂജ്യമായിരുന്നു. അമേരിക്ക 46 ശതമാനം, ഓസ്‌ട്രേലിയ 46 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു. യൂറോപ്പിലേക്ക് ഒഴുകിയത് വെറും 400 കോടി ഡോളറാണ്.

ഇറ്റലി, ജർമ്മനി, ബ്രസീൽ എന്നിവയും നഷ്ടം രേഖപ്പെടുത്തി. ലാറ്റിൻ അമേരിക്ക 37 ശതമാനം, ആഫ്രിക്ക 18 ശതമാനം, ഏഷ്യയിലെ വികസ്വര രാജ്യങ്ങൾ 4 ശതമാനം എന്നിങ്ങനെയും നഷ്‌ടം കുറിച്ചു.

ഇന്ത്യയ്ക്ക് ഡിജിറ്റൽ കുതിപ്പ്

ഡിജിറ്റൽ മേഖലയിലേക്ക് (പ്രധാനമായും റിലയൻസ് ജിയോയിലേക്ക്) നിക്ഷേപമൊഴുകിയതാണ് ഇന്ത്യയ്ക്ക് നേട്ടമായതെന്ന് യു.എൻ വ്യക്തമാക്കി. ചൈന കുറിച്ച വളർച്ച നാലു ശതമാനമാണ്.

ഇന്ത്യയോട് പ്രിയം

കൊവിഡിലും ഇന്ത്യയിലേക്ക് ഒഴുകുന്നത് റെക്കാഡ് വിദേശ നിക്ഷേപമാണ്. സെപ്‌തംബർപാദത്തിൽ 2,180 കോടി ഡോളറിന്റെ എഫ്.ഡി.ഐ ഇന്ത്യ നേടി. 1,410 കോടി ഡോളറായിരുന്നു 2019ലെ സമാനപാദ നിക്ഷേപം. കമ്പ്യൂട്ടർ ഹാർഡ്‌വെയർ/സോഫ്‌റ്റ്‌വെയർ മേഖലയിലേക്കാണ് 58.3 ശതമാനം നിക്ഷേപവുമെത്തിയത്.