ചെന്നൈ: കാർഷിക നിയമങ്ങളിൽ ഉൾപ്പെടെയുള്ള കേന്ദ്രത്തിന്റെ നിലപാടുകളെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. തമിഴ്നാട്ടിലെ കരൂറിൽ പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. തമിഴ്നാട്ടിൽ കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പരിപാടികൾക്ക് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി മൂന്നുദിവസത്തെ സന്ദർശനത്തിലാണ് രാഹുൽ. രാജ്യത്തേക്ക് നോക്കുകയാണെങ്കിൽ പ്രധാനമന്ത്രി ആറുവർഷമായി ചെയ്തതെന്താണെന്ന് കാണാനാകും. ദുർബലമായ, വിഭജിക്കപ്പെട്ട ഇന്ത്യയെയാണ് കാണാനാകുക. രാജ്യം മുഴുവൻ ബി.ജെ.പി -ആർ.എസ്.എസ് ആശയങ്ങൾ പടർത്തി വെറുപ്പ് സൃഷ്ടിക്കുന്നു. നമ്മുടെ ഏറ്റവും വലിയ ശക്തിയായ സമ്പദ്വ്യവസ്ഥയെ തകർത്തുകളഞ്ഞു -രാഹുൽ പറഞ്ഞു. നമ്മുടെ യുവജനങ്ങൾക്ക് ഇപ്പോൾ ജോലി നേടാൻ കഴിയുന്നില്ല. അത് നരേന്ദ്രമോദി സ്വീകരിച്ച തെറ്റായ നടപടികളുടെ ഭാഗമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. കാർഷിക നിയമങ്ങൾ കർഷകരെ തെരുവിലിറക്കുന്നതിന് വഴിയൊരുക്കി. അവ കാർഷിക മേഖലയെ പൂർണമായും തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 'ഇപ്പോൾ പ്രധാനമന്ത്രി കർഷകരെ ആക്രമിച്ചുകൊണ്ടിരിക്കുന്നു. ഇന്ത്യൻ കാർഷിക മേഖലയെ താറുമാറാക്കി മൂന്ന് വൻകിട വ്യവസായികൾക്ക് കൈമാറുന്നതിന് മൂന്ന് പുതിയ നിയമങ്ങൾ കൊണ്ടുവന്നു. ഒന്നു ചിന്തിച്ചുനോക്കൂ, സ്വയം സംരക്ഷിക്കാൻ കർഷകർക്ക് കോടതിയിൽപോകുന്നതിന് പോലും അനുവാദമില്ലെന്ന് നിയമത്തിൽ പറയുന്നു' -രാഹുൽ കൂട്ടിച്ചേർത്തു.