airport

കുവൈറ്റ്: കുവൈറ്റിലേക്ക് വരുന്ന വിമാന യാത്രക്കാരുടെ എണ്ണം നിജപ്പെടുത്തിയത് വിമാനത്താവളം അടച്ചിടുന്നത് ഒഴിവാക്കാനെന്ന് കുവൈറ്റ് അധികൃതർ വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ കൊവിഡിന്റെ വകഭേദം പടർന്നതോടെയാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പുതിയ കൊവിഡ് വൈറസിന്റെ വ്യാപന ശേഷി വളരെ വലുതാണ്. രോഗവ്യാപനം വർദ്ധിച്ചതോടെ വിമാനത്താവളം അടച്ചിടണമെന്ന നിർദ്ദേശം ഉയർന്നിരുന്നു. എന്നാൽ വിശദമായ ചർച്ചകൾക്ക് ശേഷം തൽക്കാലം യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയും പരിശോധനകളും ജാഗ്രതയും മതിയാകുമെന്നും തീരുമാനിച്ചു.

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാരുടെ എണ്ണം പ്രതിദിനം 1000 ആയി നിജപ്പെടുത്തിയിരുന്നു. ഒരു വിമാനത്തിൽ 35 യാത്രക്കാർ മാത്രമേ പാടുള്ളൂവെന്ന് വിമാന കമ്പനികൾക്ക് നിർദ്ദേശം നൽകി. ഫെബ്രുവരി 6 വരെയാണ് ഈ നിയന്ത്രണം. വിമാനത്താവളത്തിലെ പരിശോധനകൾ വിപുലമാക്കുന്നതുവരെ യാത്രക്കാരുടെ എണ്ണത്തിൽ നിയന്ത്രണം തുടരുമെന്ന് വ്യോമയാന വകുപ്പ് അറിയിച്ചു. ഇതിന് രണ്ടാഴ്ചയോളം വേണ്ടിവരുമെന്നും അധികൃതർ വ്യക്തമാക്കി.