
മുംബയ്: കാർഷിക ബില്ലിനെതിരെ ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാഢ്യം പ്രഖ്യാപിച്ച് മുംബയിൽ നടന്ന സമരത്തിൽ 21 ജില്ലകളിൽ നിന്നായി പങ്കെടുത്തത് പതിനായിരങ്ങൾ.
സി.പി.എമ്മിന്റെ കർഷക സംഘടനയായ അഖിലേന്ത്യാ കിസാൻ സഭയാണ് വിവിധ കൂട്ടായ്മകളുടെ സഹകരണത്തോടെ റാലി സംഘടിപ്പിച്ചത്. ആസാദ് മൈതാനത്തിൽ നടന്ന റാലിയിലും പതിനായിരങ്ങളുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. എന്നാൽ, ദക്ഷിണ മുംബയിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ച് ചെയ്യാനൊരുങ്ങിയ പ്രതിഷേധക്കാർക്ക് പൊലീസ് അനുമതി നിഷേധിച്ചു. മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്യാരിയെ കാണുമെന്നും തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മെമ്മോറാണ്ടം സമർപ്പിക്കുമെന്നും എ.ഐ.കെ.എസ് മഹാരാഷ്ട്ര യൂണിറ്റ് അറിയിച്ചു. കോഷ്യാരി നിലവിൽ ഗോവയിലാണുള്ളത്. ഗവർണറുടെ സെക്രട്ടറി പ്രതിഷേധക്കാരെ കാണാൻ സന്നദ്ധത പ്രകടിപ്പിച്ചെങ്കിലും. അത്, പ്രതിഷേധക്കാർ നിരസിച്ച്, മെട്രോ സിനിമയ്ക്ക് സമീപം കുത്തിയിരിപ്പ് സമരം നടത്തി.
അതേസമയം, കോടതിയുടെ അറിയിപ്പ് പ്രകാരം ദക്ഷിണ മുബയിൽ റാലികൾ നടത്താൻ അനുവാദം നൽകാനാവില്ലെന്ന് ജോയിന്റ് കമ്മിഷണർ വിശ്വാസ് പാട്ടിൽ പറഞ്ഞു. റാലിയിൽ പങ്കെടുക്കുന്നവർമാസ്ക് ധരിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. 800 ആളം സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചത്.
പഞ്ചാബ് പാകിസ്ഥാനിലല്ല: പവാർ
ഡൽഹിയിൽ സമരം നയിക്കുന്ന കർഷകരോടുള്ള കേന്ദ്രസർക്കാരിന്റെ സമീപനത്തെ അപലപിച്ച് എൻ.സി.പി അദ്ധ്യക്ഷൻ ശരത് പവാര്‍. പ്രതിഷേധിക്കുന്നവർ പഞ്ചാബിലെ കർഷകരാണെന്ന കേന്ദ്ര നിലപാടിനെ പവാർ വിമർശിച്ചു. പഞ്ചാബ് എന്താ പാകിസ്ഥാനാണോയെന്ന് ചോദിച്ച പവർ അവരും നമ്മുടെ ഭാഗമാണെന്നും ഓർമപ്പെടുത്തി. മുംബയ് ആസാദ് മൈതാനത്ത് ഒത്തുകൂടിയ കർഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായിരുന്നു അദ്ദേഹം.
ഈ സർക്കാർ കർഷകരെ നശിപ്പിക്കാൻ ശ്രമിക്കുകയാണ്. അത്തരമൊരു സർക്കാരിനെ അട്ടിമറിക്കാൻ കഴിയുമെന്ന് നിങ്ങളുടെ ശക്തികൊണ്ട് തെളിയിച്ചുവെന്നും പവാർ പറഞ്ഞു.
മഹാരാഷ്ട്ര ഗവർണർ ഭഗത് സിംഗ് കോഷ്‌യാരിയേയും പവാർ വിമർശിച്ചു. മഹാരാഷ്ട്ര ഇതിനുമുമ്പ് ഇത്തരമൊരു ഗവർണറെ കണ്ടിട്ടില്ല. അദ്ദേഹത്തിന് നടി കങ്കണയെ കാണാൻ സമയമുണ്ട്, എന്നാൽ കർഷകരെ കാണാൻ മാത്രം സമയമില്ലെന്നും പവാർപറഞ്ഞു.
നിയമങ്ങൾ പാർലമെന്റിൽ മതിയായ ചർച്ചകളില്ലാതെയാണ് പാസാക്കിയത്. നിയമങ്ങളിൽ ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അതൊന്നും മോദി സർക്കാർ ചെവികൊണ്ടില്ല. ബില്‍ സെലക്ട് കമ്മിറ്റിക്ക് വിടാൻ ആവശ്യപ്പെട്ടു. എന്നാൽ, ചർച്ചയില്ലാതെ നിയമം പാസാക്കുമെന്നാണ് കേന്ദ്രം പറഞ്ഞതെന്നും പവാർ വ്യക്തമാക്കി.