ലണ്ടൻ : സീസണിലെ ദയനീയ പ്രകടനത്തെത്തുടർന്ന് ഇംഗ്ലീഷ് ക്ലബ് ചെൽസി അവരുടെ ഇതിഹാസതാരമായിരുന്ന ഫ്രാങ്ക് ലാംപാർഡിനെ പരിശീലക സ്ഥാനത്ത് നിന്ന് പുറത്താക്കി. അവസാനം കളിച്ച 8 ലീഗ് മത്സരങ്ങളിൽ അഞ്ചിലും തോറ്റ് ചെൽസി നിലവിൽ ഒമ്പതാം സ്ഥാനത്തായതോടെയാണ് ലാംപാർഡിന് പുറത്തേക്കുള്ള വഴിതെളിഞ്ഞത്. എഫ്. എ കപ്പിന്റെ നാലാം റൗണ്ടിൽ ലൂട്ടൺ ടൗണിനെതിരെ ചെൽസി 3-1ന്റെ വിജയം നേടിയതിന് പിന്നാലെയാണ് ലാംപാർഡിനെ പരിശീലക സ്ഥാനത്ത് നിന്ന് നീക്കിയതായുള്ള വിവരം ചെൽസി മാനേജ്മെന്റ് പുറത്ത് വിട്ടത്.
ഇത് വളരെ ബുദ്ധിമുട്ടേറിയ തീരുമാനമാണ്. വൃക്തിപരമായി ഞാനും ഫ്രാങ്കും തമ്മിൽ വളരെ ആഴത്തിലുള്ള ബന്ധമാണുള്ളത്. ഞാനേറ്റവുമധികം ബഹുമാനിക്കുന്ന വൃക്തിയാണ് അദ്ദേഹം- ലാംപാർഡിനെ പരിശീലകസ്ഥാനത്ത് നിന്ന് മാറ്റിയതറിയിച്ച് ചെൽസി ക്ലബിന്റെ വെബ്സ്റ്റിൽ പ്രസിദ്ധീകരിച്ച പത്രക്കുറിപ്പിൽ ടീം ഉടമ റോമൻ അബ്രോമോവിച്ച് കുറിച്ചു.
കഴിഞ്ഞ സീസണിന്റെ തുടക്കത്തിലാണ് 42കാരനായ ലാംപാർഡ് രണ്ടാം ഡിവിഷൻ ക്ലബായ ഡെർബി കൗണ്ടിയിൽ നിന്ന് പരിശീലകനായി ചെൽസിയിൽ തിരിച്ചെത്തുന്നത്. ട്രാൻസ്ഫർ വിലക്ക് അടക്കം നേരിട്ട ആ സീസണിൽടീമിനെ ടോപ് ഫോറിൽ എത്തിച്ചതോടെ ലാംപാർഡിനെ ഈ സീസണിലും നിലനിർത്തി. ഒപ്പം വമ്പൻ ട്രാൻസ്ഫറുകളാണ് ഇക്കുറി ചെൽസി നടത്തിയത്. സീസൺ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും പിന്നീട് ലാംപാർഡിന് ആ മികവ് നിലനിർത്താനായില്ല.
മുൻ പി.എസ്.ജി പരിശീലകൻ തോമസ് ടുഷേലിനെയാണ് ലാംപാർഡിന് പകരക്കരനായി ചെൽസി പ്രധാനമായും പരിഗണിക്കുന്നത്.
2003ൽ റഷ്യൻ കോടീശ്വരൻ അബ്രോമോവിച്ച് ചെൽസിയുടെ ഉടമയായ ശേഷം പരിശീലകസ്ഥാനത്തു നിന്ന് മാറ്റപ്പെടുന്ന 12മത്തെയാളാണ് ലാംപാർഡ്.
കളിക്കാരനെന്ന നിലയിൽ ചെൽസി ജേഴ്സിയിൽ 3 പ്രിമിയർ ലീഗ് കിരീടങ്ങളും ചാമ്പ്യൻസ് ലീഗും ലാംപാർഡ് സ്വന്തമാക്കിയിട്ടുണ്ട്. ക്ലബിന്റെ റെക്കാഡ് സ്കോററുമാണ്.