ksrtc

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിലെ ഡീസൽ വിതരണം ശാസ്ത്രീയമാക്കാൻ ഫ്യൂവൽ മോണിട്ടറിംഗ് സിസ്റ്റം നടപ്പിലാക്കും. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്നായിരിക്കും ഈ സംവിധാനം നടപ്പിലാക്കുക. ഒരു ബസിൽ എത്ര ഇന്ധനം നിറച്ചു, ഓരോ ഡിപ്പോയിലെയും പമ്പിലെ ടാങ്കിൽ എത്ര ഡീസൽ ഉണ്ട് തുടങ്ങിയ വിവരങ്ങളൊക്കെ ചീഫ് ഓഫീസിൽ കിട്ടുന്ന വിധത്തിലായിരിക്കും സംവിധാനം.

കെ.എസ്.ആർ.ടി.സിയെക്കുറിച്ച് കേരളകൗമുദി എഡിറ്റോറൽ പേജിൽ പ്രസിദ്ധീകരിച്ച 'നോ ബെൽ നോ ബ്രേക്ക്' പരമ്പരയുടെ ആദ്യ ഭാഗത്തു തന്നെ ഡീസൽ വെട്ടിപ്പ് നടക്കുന്നതിനെക്കുറിച്ച് വിവരിച്ചിരുന്നു. ആദ്യ ഭാഗം പ്രസിദ്ധീകരിച്ച 20നു തന്നെ ഗതാഗതവകുപ്പും കെ.എസ്.ആർ.ടി.സി ഉന്നത ഉദ്യോഗസ്ഥരും തമ്മിൽ ഡീസൽ വെട്ടിപ്പ് തടയുന്ന മാർഗങ്ങൾ ചർച്ച ചെയ്തു. തുടർന്നാണ് ഐ.ഒ.സി അധികാരികളുമായി ചർച്ച നടന്നത്. പുതിയ സംവിധാനം ഐ.ഒ.സി സ്ഥാപിക്കും. ആദ്യ ഘട്ടമായി 64 ഡിപ്പോകളിലാകും ഫ്യൂവൽ മോണിറ്ററിംഗ് സിസ്റ്റം സ്ഥാപിക്കുക.

ഒരു മാസം ഒരു കോടി മുതൽ രണ്ടുകോടി രൂപ വരെയുള്ള ഡീസൽ വെട്ടിപ്പ് ലോക്ക് ഡൗണിനു തൊട്ടുമുമ്പുവരെ നടന്നിരുന്നു എന്നാണ് കണക്കാക്കുന്നത്. അത്രയും വെട്ടിപ്പ് നടത്താൻ ഒരു ബസ് ഒരു ദിവസം ആകെ ഓടുന്നതിൽ 10 കിലോമീറ്റർ കൂടുതൽ കാണിച്ചാൽ മതിയാകും. ബസ് ഓടുന്നതിന്റെ കൃത്യമായ കണക്കറിയാൻ എല്ലാ ബസിലും ജി.പി.എസ് സംവിധാനവും ഏർപ്പെടുത്തും. ഓഫീസ് സംവിധാനം മുഴുവൻ കമ്പ്യൂട്ടർവത്കരിക്കും. സോഫ്ട്‌വെയറിലധിഷ്ഠതമായ പുതിയ അക്കൗണ്ടിംഗ് സംവിധാനം ഏർപ്പെടുത്താനും ഗതാഗത വകുപ്പ് തീരുമാനിച്ചു.

പൊതു സ്ഥലമാറ്റം കരട് ഉടൻ

രണ്ടു ദിവസത്തിനുള്ളിൽ ജീവനക്കാരുടെ പൊതുസ്ഥലംമാറ്റ ലിസ്റ്റിന്റെ കരട് പ്രസിദ്ധീകരിക്കാൻ മാനേജ്മെന്റ് തീരുമാനിച്ചു. കെ.എസ്.ആർ.ടി.സിയുടെ 94 ഡിപ്പോകളിലും സർവീസുകളുടെ എണ്ണത്തിന് അനുസരിച്ചുള്ള ജീവനക്കാരല്ല ഉള്ളതെന്ന് പരമ്പരയുടെ രണ്ടാം ഭാഗത്ത് വിവരിച്ചിരുന്നു. ഒന്നുകിൽ കുറവ്, അല്ലെങ്കിൽ കൂടുതൽ. ആവശ്യാനുസരണം ഇവരെ ഡ്യൂട്ടിക്ക് നിയോഗിക്കാൻ കഴിയാത്ത മാനേജ്മെന്റാണ് ഈ കൊവിഡ് കാലത്ത് ജനം ബസിൽ കുത്തിക്കയറി പോകുന്നതിന്റെ പ്രധാന ഉത്തരവാദിയെന്നും പരമ്പരയിൽ ചൂണ്ടിക്കാണിച്ചിരുന്നു.
ഒാരോ ഡിപ്പോയിലും അധികമായുള്ളവരെ പുനർവിന്യസിക്കാനാണ് തീരുമാനം. രോഗികൾ, സ്ത്രീകൾ എന്നിവരുടെ പരാതികൾ പരിഗണിക്കും. അദർ ഡ്യൂട്ടിക്കാരെന്ന് പറഞ്ഞ് മറ്റ് ജോലി ചെയ്യുന്ന കണ്ടക്ടർമാർക്കും മാറ്റം ഉണ്ടാകും.

ചീഫ് ഓഫീസിൽ ശുദ്ധികലശം

കോർപ്പറേഷന്റെ നിയമ വിഭാഗം കാര്യക്ഷമമായല്ല പ്രവർത്തിക്കുന്നത് എന്ന് കണ്ടെത്തിയതിനെ തുടർന്ന് ചീഫ് ലാ ഓഫീസർ എസ്. രാധാകൃഷ്ണനെ മാറ്റി. പകരം ചുമതല എറണാകുളം ഡെപ്യൂട്ടി ലാ ഓഫീസർ ഹേമയ്ക്ക് നൽകി. നിയമ വിഭാഗം ആകെ അഴിച്ചുപണിയാനാണ് സി.എം.ഡി ബിജു പ്രഭാകറിന്റെ തീരുമാനം. ഇതിനായി ഹൈക്കോടതിയിലെ അഭിഭാഷകരെ ഉൾപ്പെടുത്തി നിയമ ഉപദേശക പാനൽ രൂപീകരിക്കും. തിരുവനന്തപുരം മേഖലയിലെ പെൻഷൻകാര്യ വിഭാഗത്തിലേക്കാണ് രാധാകൃഷ്ണന് മാറ്റം.