salina

റൊമാനിയ: ലോകപ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിൽ ഇടംപിടിച്ച വിശാലമായ ഗുഹയാണ് റൊമേനിയയിലെ സലിന തുർദ. വർഷങ്ങൾക്ക് മുൻപ് ഇതൊരു ഉപ്പുഖനിയായിരുന്നു. ഇപ്പോൾ സഞ്ചാരികളെ ഇവിടേക്ക് ആകർശിക്കുന്നത് ഭൂമിക്കടിയിൽ 100 മീറ്റർ ആഴത്തിൽ നിർമ്മിച്ച മാജിക് തീംപാർക്കാണ്.. 1992 മുതൽ സലീന തുർദ ഒരു ഹലോതെറാപ്പി കേന്ദ്രമായിരുന്നു. 2008ൽ ആറു ദശലക്ഷം യൂറോ ചെലവഴിച്ചാണ് ഇവിടം ഒരു തീം പാർക്കാക്കി മാറ്റിയത്. 2010ൽ പൂർത്തിയായ ഈ പാർക്കിൽ വർഷംതോറും ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. തികച്ചും വ്യത്യസ്തവും കൗതുകകരവുമായ ഒരു അനുഭവമായിരിക്കും ഭൂമിക്കടിയിലെ തീം പാർക്കിലേക്കുള്ള യാത്ര.

ഇടുങ്ങിയ തുരങ്കങ്ങൾക്കിടയിലൂടെ വേണം ഈ തീം പാർക്കിൽ പ്രവേശിക്കാൻ. ഇവിടെ നിന്ന് സഞ്ചാരികൾക്ക് ഒന്നുകിൽ തുരങ്കത്തിലൂടെ നടക്കാം, അല്ലെങ്കിൽ ഗ്ലാസ് എലിവേറ്ററിൽ താഴെയുള്ള പ്രധാന ഫ്ലോറിലെത്താം. സന്ദർശകരെ മുകളിലേക്കും താഴെയുള്ള പാർക്കിലേക്കും കൊണ്ടുപോകാനായി ഒരു എലിവേറ്റർ മാത്രമേ ഇവിടെയുള്ളൂ. പലതരത്തിലുള്ള വിനോദങ്ങളും ഇവിടെയുണ്ട്.. എന്നാൽ 20 മീറ്റർ ഉയരമുള്ള ഫെറിസ് വീലാണ് ഇവിടത്തെ ജനപ്രിയ റൈഡ്. ഭൂമിയിൽ നിന്ന് 120 മീറ്റർ താഴെയുള്ള മറ്റൊരു ഗുഹയിലേക്ക് സഞ്ചാരികളെ കൊണ്ടുപോകാനായി മറ്റൊരു എലിവേറ്റർ കൂടിയുണ്ടിവിടെ. ഇതിന്റെ മദ്ധ്യഭാഗത്തായി അതിമനോഹരമായ ഒരു ഭൂഗർഭ തടാകം കാണാൻ കഴിയും. സഞ്ചാരികൾക്ക് പാഡിൽ ബോട്ട് വാടകയ്‌ക്കെടുത്ത് യാത്ര ചെയ്യാനുള്ള അവസരവും ഇവിടെയുണ്ട്. കൂടാതെ ഗിസേല മൈൻ, റുഡോൾഫ് മൈൻ, ടെരേഷ്യ മൈൻ, ലോസിഫ് മൈൻ തുടങ്ങിയ ഖനികൾ ഇവിടത്തെ മുഖ്യാകർഷണങ്ങളാണ്.