റിയോഡി ജനീറോ: വിമാനം തകർന്നുവീണ് ബ്രസീലിയൻ ഫുട്ബാൾ ക്ലബായ പൽമാസിന്റെ നാല് താരങ്ങളും പ്രസിഡന്റും മരിച്ചു. വിമാനത്തിന്റെ പൈലറ്റും മരിച്ചു. വിലനോവയ്ക്കെതിരായ കോപ വെർഡെ മത്സരത്തിൽ പങ്കെടുക്കാനായിപ്പോയ പൽമാസ് താരങ്ങളായ ലുക്കാസ് പ്രക്സിഡസ്, ഗ്വിൽഹെർമെ നോയെ, റെനുലെ, മാർക്കസ് മൊളിനേരി ക്ലബ് പ്രസിഡന്റ് ലൂക്കാസ് മെയ്റ എന്നിവരാണ് മരിച്ചത്. പൽമാസ് സിറ്റിക്ക് സമീപമുള്ള ടൊക്കൻഡിനസ് എയർ ഫീൽഡിലെ റൺവേയിൽ നിന്ന് പറന്നുയർന്നയുടൻ വിമാനം തകർന്നു വീഴുകയായിരുന്നു.
ടീമിലെ മറ്റു താരങ്ങൾ നേരത്തെ മറ്റൊരു വിമാനത്തിൽ മത്സര സ്ഥലത്ത് എത്തിയിരുന്നു. മരണപ്പെട്ട താരങ്ങൾക്ക് കൊവിഡ് പോസിറ്റീവായതിനാൽ പ്രത്യേക വിമാനത്തിൽ കൊണ്ടുപോകാനായിരുന്നു തീരുമാനം. ക്വാറന്റൈൻ കാലാവധി കഴിഞ്ഞതിനു പിറ്റേ ദിവസം ആയതിനാലാണ് ഇവർക്കു വേണ്ടി പ്രത്യേക വിമാനം ഏർപ്പെടുത്തിയത്.