ന്യൂഡൽഹി: ഉപരിതലത്തിൽ നിന്ന് വായുവിലേക്ക് പ്രയോഗിക്കാവുന്ന ആകാശ്-എൻജി മിസൈൽ ഡി.ആർ.ഡി.ഒ വിജയകരമായി പരീക്ഷിച്ചു വ്യോമ ഭീഷണികളെ പ്രതിരോധിക്കാൻ ഏറെ ശേഷിയുള്ളതാണ് പുതിയ മിസൈൽ.
ഒഡിഷ തീരത്തെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ നിന്നാണ് ആകാശ്-എൻജി (ന്യൂ ജനറേഷൻ) മിസൈൽ വിജയകരമായി പരീക്ഷിച്ചത്. ആകാശ്-എൻജി പുതിയ തലമുറ സർഫെയ്സ്-ടു-എയർ മിസൈലാണ്. വ്യോമാക്രമണ ഭീഷണികളെ നേരിടാൻ ശക്തമായ ഒരു സംവിധാനമാണിതെന്ന് ഡി.ആർ.ഡി.ഒ പ്രസ്താവനയിൽ പറഞ്ഞു.
ഏറെ കൃത്യതയോടെയാണ് മിസൈൽ പരീക്ഷണം നടന്നത്. നേരത്തെ സജ്ജമാക്കിയ ടാർഗെറ്റിനെ ആകാശ്–എൻജി മിസൈലിന് കൃത്യമായി തടയാൻ കഴിഞ്ഞുവെന്നും ദൗത്യത്തിൽ എല്ലാ പരീക്ഷണ ലക്ഷ്യങ്ങളും പൂർത്തീകരിച്ചുവെന്നും അധികൃതർ അറിയിച്ചു.
കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റത്തിന്റെ പ്രകടനം, ഓൺബോർഡ് ഏവിയോണിക്സ്, മിസൈലിന്റെ എയറോഡൈനാമിക് കോൺഫിഗറേഷൻ എന്നിവ വിജയകരമായി പരീക്ഷിച്ചുവെന്നാണ് അറിയുന്നത്.