ഐലീഗിൽ ഗോകുലം 4-1ന് നെറോക്കയെ കീഴടക്കി
കൊൽക്കത്ത: ഐ ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ മലയാളികളുടെ സ്വന്തം ഗോകുലം കേരള എഫ്.സിക്ക് ഗംഭീര ജയം. ഇന്നലെ നടന്ന മത്സരത്തിൽ നെറോക്ക എഫ്.സിയെ ഗോകുലം ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി നാലാം സ്ഥാനത്തേക്ക് ഉയരാനും ഗോകുലത്തിനായി. നെറോക്കയുടെ യുംകയിബാം ജിതേഷർ സിംഗിന്റെ വകയായിക്കിട്ടിയ സെൽഫ് ഗോളിലൂടെ 23-ാം മിനിട്ടിൽ ഗോകുലം ലീഡെടുത്തു. 31-ാം മിനിട്ടി ഫിലിപ്പ് അഡ്ജായും 39-ാം മിനിട്ടിൽ ജസ്റ്റിൻ ജോർജും നെറോക്ക വലകുലുക്കിയതോടെ ആദ്യ പകുതിയിൽ ഗോകുലം മൂന്ന് ഗോളിന്റെ ലീഡ് നേടി. 86-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഷെരീഫ് മുഹമ്മദാണ് ഗോകുലത്തിന്റെ ഗോൾ പട്ടിക പൂർത്തിയാക്കിയത്. 88-ാം മിനിട്ടിൽ സോഗ്പു സിംഗ്സ്റ്റാണ് നെറോക്കയുടെ ആശ്വാസ ഗോൾ നേടിയത്.
മുംബയ്-
ചെന്നൈയിൻ സമനില
മഡ്ഗാവ്: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ നിലവിലെ ഒന്നാം സ്ഥാനക്കാരായ മുംബയ് സിറ്റി എഫ്.സിയെ ചെന്നൈയിൻ എഫ്.സി സമനിലയിൽ തളച്ചു. ഇരുടീമും ഓരോ ഗോൾ വീതം നേടി. ബർത്തലോമയി ഒഗ്ബച്ചെയിലൂടെ മുന്നിലെത്തിയ മുംബയ്യെ രണ്ടാം പകുതിയിൽ പെനാൽറ്റിയിലൂടെ ഗോൺസാൽവസ് നേടിയ ഗോളിലൂടെയാണ് ചെന്നൈയിൻ സമനിലയിൽ കുരുക്കിയത്.