ലണ്ടൻ : എഫ്.എ കപ്പ് നാലാം റൗണ്ടിൽ നിലവിലെ പ്രിമിയർ ലീഗ് ചാമ്പ്യൻമാരായ ലിവർപൂളിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് കീഴടക്കി. അഞ്ചാം റൗണ്ടിലെത്തി. ഗ്രീൻവുഡും റാഷ് ഫോർഡും ബ്രൂണോ ഫെർണാണ്ടസുമാണ് യുണൈറ്റഡിനായി ലക്ഷ്യം കണ്ടത്. മൊഹമ്മദ് സലയാണ് ലിവപൂളിന്റെ രണ്ട് ഗോളുകളും നേടിയത്.
കഴിഞ്ഞയാഴ്ച ഇരുടീമുകളും തമ്മിൽ ഏറ്റുമുട്ടിയപ്പോൾ ഗോൾരഹിത സമനിലയിൽ പിരിയുകയായിരുന്നു.
യുണൈറ്റഡിന്റെ തട്ടകമായ ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ ലിവർപൂളാണ് ആദ്യ ലക്ഷ്യം കണ്ടത്. 18-ാം മിനിട്ടിൽ സല യുണൈറ്റഡിന്റെ വലകുലുക്കി.
എന്നാൽ 26ാം മിനുട്ടിൽ റാഷ്ഫോർഡിന്റെ അസിസ്റ്റിൽ മാസൻ ഗ്രീൻവുഡ് ഗോൾമടക്കി യുണൈറ്റഡിന് സമനില സമ്മാനിച്ചു. 48ാം മിനിട്ടിൽ റാഷ്ഫോർഡിലൂടെ യുണൈറ്റഡ് ലീഡെടുത്തു. 58ാം മിനിട്ടിൽ സലാ ലിവറിനെ ഒപ്പം എത്തിച്ചു. 78ാം മിനുട്ടിൽ ഫ്രീകിക്ക് മനോഹരമായി ഗോളാക്കി ബ്രൂണോ ഫെർണാണ്ടസ് യുണൈറ്റഡിന് സ്വപ്നജയം സമ്മാനിക്കുകയായിരുന്നു.
4-3-3 എന്ന സ്ഥിരം ഫോർമേഷനിലിറങ്ങിയ ലിവർപൂളിനെ 4-2-3-1 ഫോർമേഷനിലാണ് യുണൈറ്റഡ് നേരിട്ടത്.
ബാഴ്സയ്ക്കും
അത്ലറ്റിക്കോയ്ക്കും ജയം
കാമ്പ്നു: സ്പാനിഷ് ലാലിഗയിൽ മുൻചാമ്പ്യൻമാരായ ബാഴ്സലോണ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് എൽച്ചെയെ കീഴടക്കി. ഫ്രാങ്ക് ഡി ജോംഗിം റിക്കി പ്യൂഗുമാണ് ബാഴ്സയ്ക്കായി ലക്ഷ്യം കണ്ടത്.നിലവിൽ ഒന്നാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് വലൻസിയയെ കീഴടക്കി രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡുമായുള്ള പോയിന്റ് അകലം ഏഴാക്കി.