ന്യൂഡൽഹി : കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടത്തുന്ന ട്രാക്ടർ റാലിക്കായി രാജ്യതലസ്ഥാനത്തേക്ക് കർഷക പ്രവാഹം. സിംഘു, തിക്രി, ഗാസിപൂർ അതിർത്തികളിലെ റാലിയിൽ ക്രമസമാധാന പ്രശ്നങ്ങൾ ഒഴിവാക്കാൻ കർഷക സംഘടനകളും പൊലീസും മുൻകരുതൽ നടപടികൾ സ്വീകരിച്ചു.
റാലിക്കായുള്ള മുന്നൊരുക്കങ്ങൾ സമരഭൂമികളിൽ പൂർത്തിയായി. റിപ്പബ്ലിക് ദിന പരേഡിന് ശേഷം സിംഘു , തിക്രി, ഗാസിപുർ എന്നിവിടങ്ങളിൽ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് റാലി തുടങ്ങുന്നത്. . ഡൽഹിക്ക് അകത്ത് പ്രവേശിച്ച് തിരികെ സമരഭൂമിയിലെത്തുന്ന തരത്തിലാണ് ക്രമീകരണം. ട്രാക്ടറുകളിൽ ദേശീയ പതാകയും കർഷക സംഘടനകളുടെ കൊടികളും മാത്രം ഉപയോഗിക്കും. പൊലീസുമായുണ്ടാക്കിയ ധാരണ അനുസരിച്ച് അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ സംഘടനകൾ കർശന മാർഗനിർദേശങ്ങൾ പുറത്തിറക്കി. അയ്യായിരം ട്രാക്ടറുകൾക്കാണ് റാലിയിൽ പൊലീസ് അനുമതി എന്നാൽ ഒരു ലക്ഷം ട്രാക്ടറുകൾ പങ്കെടുക്കുമെന്നാണ് കർഷകസംഘടനകൾ പ്രഖ്യാപിച്ചിരിക്കുന്നത്.
റാലിയ്ക്കായി പൊലീസിനൊപ്പം ഏകോപനത്തിന് മൂവായിരം പേരുടെ സന്നദ്ധസംഘത്തെ തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സ്ഥിതിഗതികൾ വിലയിരുത്തി.