asia

'ദി ഫാസ്റ്റ് ആന്‍ഡ് ദി ഫ്യൂരിയസ്' സംവിധായകന്‍ റോബ് കൊഹനെതിരെ ലൈംഗിക പീഡന ആരോപണവുമായി ഇറ്റാലിയന്‍ നടിയും സംവിധായികയുമായ ആസിയ അര്‍ജന്റോ. ഉടൻ പുറത്തിറങ്ങുന്ന ആത്മകഥയുടെ മുന്നോടിയായി നൽകിയ അഭിമുഖത്തിലാണ് സംവിധായകനെതിരെ നടി ആരോപണമുന്നയിച്ചത്.. ലൈംഗിക ഉത്തേജക മരുന്ന് നല്‍കിയ ശേഷം കോഹൻ ദുരുപയോഗം ചെയ്തു എന്നാണ് ്ഭിമുഖത്തിൽ നടി പറഞ്ഞത്.

എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് മനസ്സിലായില്ല, രാവിലെ ഉറക്കമുണര്‍ന്നപ്പോള്‍ ഞാൻ കിടക്കയിൽ നഗ്നയായി കിടക്കുകയായിരുന്നുവെന്ന് നടി പറയുന്നു'. 2002ല്‍ കൊഹന്‍ ഒരുക്കിയ എക്‌സ്എക്‌സ്എക്‌സ് (XXX) എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് സംഭവമെന്നും നടി പറഞ്ഞു.

അതേസമയം നടിയുടെ ആരോപണങ്ങള്‍ തീര്‍ത്തും വ്യാജമാണെന്ന് കൊഹന്റെ വക്താവ് പ്രതികരിച്ചത്. ഒന്നിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ ഇരുവര്‍ക്കുമിടയില്‍ നല്ല ബന്ധമായിരുന്നെന്നും നടിയെ സുഹൃത്തായാണ് കൊഹന്‍ കണ്ടിരുന്നതെന്നും പ്രസ്താവനയില്‍ പറയുന്നു..

ഹോളിവുഡ് രംഗത്തെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ ആദ്യം രംഗത്തുവന്ന നടിമാരില്‍ ഒരാളാണ് ആസിയ. ഹോളിവുഡ് നിര്‍മ്മാതാവ് ഹാര്‍വി വെയ്ന്‍സ്റ്റീനെതിരെ ലൈംഗിക പീഡനം ആരോപിച്ചവരില്‍ ആസിയയും ഉള്‍പ്പെട്ടിരുന്നു. നാളെ ഇറ്റലിയില്‍ പുറത്തിറങ്ങുന്ന നടിയുടെ ആത്മകഥയായ അനാറ്റമി ഓഫ് എ വൈല്‍ഡ് ഹാര്‍ട്ടില്‍ കൊഹനെക്കുറിച്ച് ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം നടിക്കെതിരെയും 2018ൽ ലൈംഗിക പീഡന ആരോപണം ഉയർന്നിരുന്നു. 17 വയസുള്ളപ്പോൾ തന്നെ ലൈംഗികായി ഉപയോഗിച്ചെന്ന് നടൻ ജിമ്മി ബെന്നറ്റ് ആസിയയ്ക്കെതിരെ ആരോപണം ഉന്നയിച്ചിരുന്നു.. എന്നാൽ നടി അന്ന് ഇക്കാര്യം നിഷേധിച്ചിരുന്നു. പണം നൽകി നടി പരാതി ഒതുക്കിയതാണെന്നും അന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു..