തിരുവനന്തപുരം: ഇന്ത്യ കണ്ട ഏറ്റവും മികച്ച അത്ലറ്റായ പി.ടി ഉഷയെ കണ്ടെത്തിയ ഒതയോത്ത് മാധവൻ നമ്പ്യാർ എന്ന ഒ.എം നമ്പ്യാർ സാറിന് പത്മശ്രീ പുരസ്കാരം വൈകിക്കിട്ടിയ അംഗീകാരമാണ്. 2016ൽ പാർക്കിൻസൺ രോഗം ബാധിച്ച 89കാരനായ നമ്പ്യർ സാറിനെ മറ്റ് വാർദ്ധക്യ സഹജമായ അവശതകളും അലട്ടുന്നുണ്ട്. 1985ൽ രാജ്യം ദ്റോണാചാര്യ പുരസ്കാരം നൽകി ആദരിച്ച നമ്പ്യാർ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി പരിശീലകനാണ്. പയ്യോളിക്കടുത്ത് മീനത്തുകരയിലെ ഒതയോത്ത് വീട്ടിൽ വിശ്രമജീവിതത്തിൽ ആയിരിക്കവേ നിർദ്ധനർക്ക് വീട് വയ്ക്കാൻ സ്ഥലം നൽകിയും പാവങ്ങൾക്ക് കൈത്താങ്ങായും ജീവിതത്തിലും ഫെയർ പ്ലേ കാത്തു സൂക്ഷിക്കുന്ന വ്യക്തിയാണ്.
ഫയർ ഫോഴ്സിലായിരുന്ന നമ്പ്യാർ തുടർന്ന് പട്യാലയിൽ നിന്ന് കോച്ചിംഗ് ഡിപ്ലോമ നേടിയ ശേഷം ജി.വി രാജയുടെ ക്ഷണപ്രകാരമാണ് കേരള സ്പോർട്സ് കൗൺസിലിൽ കോച്ചാകുന്നത്.1976ൽ കണ്ണൂർ സ്പോർട്സ് ഡിവിഷനിലെത്തിയ നമ്പ്യാരുടെ പിന്നീടുള്ള കരിയർ പി.ടി ഉഷയെന്ന പയ്യോളി എക്സ്പ്രിന്റെ വിജയകഥയാണ്.
1990ൽ ബെയ്ജിംഗ് ഏഷ്യൻ ഗെയിംസോടെ ഉഷ വിരമിക്കുന്നത് വരെ വഴികാട്ടിയായി നമ്പ്യാരുണ്ടായിരുന്നു. 1990ൽ സായ്യിൽ ചേർന്നു. പിന്നീട് കണ്ണൂരിൽ പരിശീലക വേഷത്തിൽ ഉണ്ടായിരുന്നു. ഉഷയെക്കൂടാതെ പത്മിനി, സാറാമ്മ, വന്ദന റാവു എന്നീ പ്രമുഖരും നമ്പ്യാരുടെ കീഴിൽ കുറച്ചു നാൾ പരിശീലനം നേടിയിട്ടുണ്ട്. കെ.സ്വർണലത, സി.ടി ബിൽക്കമ്മ, പി.ജി ത്രേസ്യാമ്മ, വി.വി മേരി, വി.വി ഉഷ, ലതാങ്കി ത്രേസ്യാമ്മ ജോസഫ് തുടങ്ങി നമ്പ്യാർ സാറിന്റെ ശിഷ്യ സമ്പത്ത് വളരെ സമ്പന്നമാണ്.