തിരുവനന്തപുരം: ദുരൂഹസാഹചര്യത്തിൽ മരിച്ച നവവധുവിന്റെ ഭർതൃമാതാവ് മരിച്ചനിലയിൽ. കല്ലമ്പലം സുനിതാ ഭവനിൽ ശ്യാമളയാണ് മരിച്ചത്. വീടിനോട് ചേർന്ന പറമ്പിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരുമകൾ ആതിരയെ രണ്ടാഴ്ച മുമ്പ് കുളിമുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബർ 30 നായിരുന്നു ശ്യാമളയുടെ മകനുമായുള്ള ആതിരയുടെ വിവാഹം നടന്നത്. യുവതി സ്വന്തം വീട്ടിൽ പോകുന്നത് ശ്യാമളയ്ക്ക് ഇഷ്ടമല്ലായിരുന്നു.ഇതിനെച്ചൊല്ലി വീട്ടിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ഭർത്താവിന്റെ മാതാപിതാക്കൾ സമീപത്തെ കുടുംബ വീട്ടിലേക്ക് മാറി.
സംഭവ ദിവസം മകളെ കാണാനെത്തിയ മാതാവ് ശ്രീനയും സഹോദരനും ആളും അനക്കവുമില്ലാത്ത വീടാണ് കണ്ടത്. അയൽവാസികൾക്കൊപ്പം തിരച്ചിൽ നടത്തിയപ്പോഴാണ് ആതിരയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കൈയിലെ ഞരമ്പുകളും, കഴുത്തും അറുത്ത നിലയിലായിരുന്നു മൃതദേഹം.കൊലപാതകമാണെന്ന് ബന്ധുക്കൾ ആരോപിച്ചിരുന്നു.