പത്തനംതിട്ട: ജില്ലാ കളക്ടർ സ്ഥനമൊഴിയുന്നതിന് മുമ്പ് ഫേസ്ബുക്ക് ലൈവിൽ വികാരാധീനരായി പി ബി നൂഹ് ഐഎഎസ്. പത്തനംതിട്ടക്കാർക്ക് നന്ദി പറയാനാണ് അദ്ദേഹം ലൈവിൽ വന്നത്. ഒരുപാടാളുകൾ തന്നോട് സഹകരിക്കുകയും, സഹായിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
'പ്രിയപ്പെട്ട പത്തനംതിട്ടക്കാർക്ക് നമസ്‌കാരം. രണ്ടരവർഷത്തെ പ്രവർത്തനം അവസാനിപ്പിച്ച് പോകുകയാണ്. രണ്ടര വർഷം നമ്മൾ എല്ലാവരും ഒന്നിച്ച് ഒരുപാട് കാര്യങ്ങൾ ചെയ്തിട്ടുണ്ട്. 2018 ജൂൺ മൂന്നിനാണ് ഇവിടെ ഞാൻ ചുമതലയേറ്റത്. 2021 ജനുവരി 25ന് ഞാൻ മറ്റൊരു ഉത്തരവാദിത്വത്തിലേക്ക് മാറുകയാണ്.
മറ്റൊരു കളക്ടർ ചുമതലയേറ്റെടുക്കും. ഞാൻ ഇവിടെ ഉണ്ടായിരുന്ന കാലയളവിൽ നിങ്ങൾക്കെല്ലാം അറിയുന്നപോലെ കുറേ ഏറെ പ്രശ്‌നങ്ങൾ നമ്മൾക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഒരു പക്ഷേ ചരിത്രത്തിൽ ഇതുവരെ ഇല്ലാതിരുന്ന തരത്തിലുള്ള ഒരുപാട് പ്രശ്‌നങ്ങളാണ് നമുക്ക് അനുഭവിക്കേണ്ടി വന്നത്.
നമ്മൾ എല്ലാവരും ഒറ്റക്കെട്ടായി ആ വിഷയങ്ങളൊക്കെ നേരിട്ടവരാണ്. ചുരുക്കി പറഞ്ഞാൽ 2018 ലെ വെള്ളപ്പൊക്കവും ശബരിമല പ്രശ്‌നവും, 2019ലെ ലോക്‌സഭാ ഇലക്ഷൻ,2019ലെ വെള്ളപ്പൊക്കം, 2019കോന്നി ബൈ ഇലക്ഷൻ,2019ലെ ശബരിമല ,2020ലെ കൊവിഡ്, പഞ്ചായത്ത് ഇലക്ഷൻ ഇത്രയുമാണ് കഴിഞ്ഞ രണ്ടര വർഷങ്ങളായി നമ്മൾനേരിട്ട കാര്യങ്ങൾ. ഇതിൽ പലതും ചരിത്രത്തിൽ മുമ്പ് ഇല്ലാത്ത കാര്യങ്ങളായിരുന്നു.
പോകുന്നതിന്റെ മുമ്പായി ഞാൻ ഇങ്ങനെയൊരു ലൈവ് വന്നതിന്റെ കാരണം ജില്ലയിൽ എന്തെങ്കിലും ചെയ്യാൻ സാധിച്ചിട്ടുണ്ടെങ്കിൽ അത് പതിനായിരക്കണക്കിന് വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന ആളുകളുടെ ആത്മാർത്ഥമായ സഹകരണം കൊണ്ടാണ്. ഈ ആളുകളൊക്കെ പല തരത്തിൽ സഹകരിച്ചിട്ടുള്ളതും സഹായിച്ചിട്ടുള്ളവരും ആണ്. എല്ലാവരെയും വിളിച്ച് നന്ദിപറയാനുള്ള സൗകര്യം ഇല്ലാത്തതുകൊണ്ട് ഒറ്റവാക്കിൽ നന്ദി പറഞ്ഞിട്ട് പോകണം. പിന്നെ അവസാനമായി നിങ്ങളോട് എല്ലാവരോടും ഒന്ന് സംസാരിച്ച്‌പോകണം എന്ന് കരുതി കൂടിയാണ് ലൈവിൽ വന്നത്.
നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ എന്റെ ഡിപ്പാർട്ട്‌മെന്റായ റവന്യൂഡിപ്പാർട്ട്മെന്റിൽ ആയിരക്കണക്കിന് ആളുകളുണ്ട്. എന്നെ നിങ്ങൾക്ക് അറിയാം. എന്നാൽ അറിയപ്പെടാത്ത നൂറുകണക്കിന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമുതൽ ഓഫീസ് അറ്റന്റർ മുതൽ നൂറ് കണക്കിന് ആയിരക്കണക്കിന് ഉദ്യോഗസ്ഥർ ഉണ്ട്. വില്ലേജ് ഓഫീസർമാർ ഉണ്ട് തഹസീദാർമാർ, ഡപ്യൂട്ടി തസഹസീദാർമാർ, ഡെപ്യൂട്ടി കളക്ടർമാർ, സബ്കളക്ടർ, എന്റെ എഡിഎം അങ്ങനെ നിരവധിപേർ. വലിയൊരു ടീമിന്റെ പ്രയത്‌നത്തിന്റെ ഫലമായാണ് കുറച്ചെങ്കിലും നന്നായി പ്രവർത്തിക്കാൻ സാധിച്ചത്.
കഴിഞ്ഞ മാർച്ച് ഏഴിനാണ് കൊവിഡ് പത്തനംതിട്ടയിൽ റിപ്പോർട്ട് ചെയ്തത്. ഇന്നുവരെ വീട്ടിൽ പോലും പോകാതെ ജോലിചെയ്ത ആയിരക്കണക്കിന് ആരോഗ്യ പ്രവർത്തകരുണ്ട്. എല്ലാ ഡിപ്പാർട്ട്‌മെന്റിനോടും നന്ദിയുണ്ട്. വാർഡ് മെമ്പർമാർ മുതലുള്ള ജനപ്രതിനിധികൾ ഒടുവിൽ ഏറ്റവും പ്രിയപ്പെട്ട എം.പിമാർ എം.എൽ.എമാർ, ജില്ലയിലുള്ള മന്ത്രിമാർ എല്ലാവരോടും നന്ദിയുണ്ട്. നമ്മുടെ കൂടെയുണ്ടായിരുന്ന ആയിരക്കണക്കിന് സംഘടനകൾ എന്റെ അറിവ് വെച്ച് പത്തനംതിട്ട ജില്ലയിൽ ഒരോ ചെറിയ സ്ഥലത്തും സംഘടനകൾ ഉണ്ട്. വീട്ടമ്മാരുടെ കൊച്ചുകുട്ടികളുടെ, മുതിർന്നവരുടെ എൻആർഐ സംഘടനകൾ അവരെല്ലാവരും കഴിയുന്ന വിധം സഹായിച്ചിട്ടുണ്ട്.
എന്റെ കൂടെ 2018 മുതൽ പ്രവർത്തിച്ച 10000ത്തോളം വരുന്ന വാളന്റീയർമാർ. ഇത്രയും ആളുകൾചേർന്നാണ് ജില്ലയിലെ 13 ലക്ഷം ആളുകൾക്ക് വേണ്ടി പ്രവർത്തിച്ചത്. നന്ദി പറയുക മാത്രമല്ല പോകുമ്പോൾ എല്ലാവരെയും ഒരു നിമിഷം ഓർത്തിട്ട് പോകാമെന്ന് കരുതി.
നമ്മൾ എല്ലാവരും ഒന്നിച്ച് നിന്നതുകൊണ്ട് മാത്രം സ്വന്തമാക്കാൻ കഴിഞ്ഞ നേട്ടങ്ങളുണ്ട്. ഇനിയും ഒരു പക്ഷേ ഇതുപോലെ പ്രശ്‌നങ്ങളുണ്ടാകും. നമ്മൾ ഉണ്ടാക്കിയെടുത്തത് ഒരു മാതൃകയാണ്. ചരിത്രത്തിൽ ഇല്ലാത്ത പ്രതിസന്ധികൾ വരുമ്പോൾ ചരിത്രം ഇതുവരെ കാണാത്ത ഒത്തൊരുമയോടെ നമ്മൾ അതിനെനേരിടുമെന്ന പാഠമാണ് കഴിഞ്ഞ രണ്ടര വർഷം കൊണ്ട് പഠിച്ചത്.
അതുകൊണ്ട് ഇനിയും നമ്മൾക്ക് ഒന്നും ഭയപ്പെടാനില്ല. ഇതിലും വലുത് കണ്ടതാണ് പത്തനംതിട്ടക്കാർ എന്ന് മനസിൽ വിചാരിച്ചിട്ട് ഒറ്റക്കെട്ടായി നിന്നാൽ മതി,ഇതിലും വലിയ പ്രശ്‌നങ്ങൾ വന്നാലും നേരിടാൻ കഴിയും. നാടുവിട്ടൊന്നുംപോകുന്നില്ല, രണ്ടര മണിക്കൂർ ദൂരത്തിനപ്പുറത്ത് തിരുവനന്തപുരത്ത് ഞാൻ ഉണ്ടാകും. നമ്മൾ എല്ലാവരും ഒന്നിച്ചാണ് ഇനിയും പ്രവർത്തിക്കാനുണ്ടാകുക. ഞാൻ സാധാരണ ലൈവിൽ വരിക ഒന്നുകിൽ എന്തെങ്കിൽ വലിയ പ്രശ്‌നമുണ്ടാകുമ്പോഴാണ് അല്ലെങ്കിൽ നിങ്ങളെ ഉപദേശിക്കാനായിരിക്കും അല്ലാതെ സമാധനത്തോടെ സംസാരിച്ച ഒരു ദിവസമായിരിക്കും ഇത്.
നിങ്ങൾ എല്ലാവരും വളരെ അധികം എന്നെ സ്‌നേഹിച്ചിട്ടുണ്ട്, സഹായിച്ചിട്ടുണ്ട്, എല്ലാ സ്‌നേഹത്തിനും സഹായത്തിനും നന്ദി, നിങ്ങൾ എന്നിലർപ്പിച്ച വിശ്വാസം എന്റെ ഉത്തരവാദിത്വം വർദ്ധിപ്പിച്ചിട്ടുണ്ട്. കളക്ടർ ചെയ്യും ചെയ്യും എന്ന് നിങ്ങളെല്ലാവരും പറഞ്ഞപ്പോൾ, പിന്നെ എനിക്ക് ചെയ്യാതിരിക്കാനാകില്ല. അങ്ങനെയൊക്കെയാണ് ഞാൻ എന്തെങ്കിലുമൊക്കെ ചെയ്തിട്ടുണ്ടാകുക. ഇനിയും നമുക്ക് എവിടെയെങ്കിലുംവച്ച് കാണാം.
പത്തനംതിട്ടകാർക്ക് എല്ലാവർക്കും എന്റെ മനസിൽ ഒരു സ്ഥാനം ഉണ്ടാകും. ഞാൻ ഏത് പദവിയിൽ എവിടെയായിരുന്നായാലും എന്തെങ്കിലും സഹായം ആവശ്യപ്പെട്ടാൽ പത്തനംതിട്ടക്കാരാണെങ്കിൽ എന്റെ പ്രിയപ്പെട്ട ജില്ലയിലെ ആളുകൾ എന്ന പരിഗണന ഉണ്ടാകും. ജീവിതത്തിൽ ഒരിക്കലും മറക്കാത്ത ഒരു പാട് അനുഭവപാഠങ്ങൾ തന്നതിന്, പത്തനംതിട്ടയിൽ നിന്ന് പോകുമ്പോൾ ഏത് പ്രതിസന്ധിയെയും നേരിടാൻ എന്നെ പഠിപ്പിച്ചതിന്, ഒത്തൊരുമിച്ച് നിന്നാൽ ഏതൊരു പ്രതിസന്ധിയെയും നേരിടാനാകുമെന്ന് പഠിപ്പിച്ചതിന്, എന്റെ ഏറ്റവും പ്രിയപ്പെട്ട ആളുകളായി നിന്നതിന് എല്ലാവർക്കും നന്ദി. ഇവിടെ ഇരുന്നത് ചെറിയ ടെൻഷനിൽ ഒന്നുമല്ല. ചെയ്ത ജോലിക്ക് പ്രതിഫലം കിട്ടിയെന്ന് തോന്നിയത് നൂറ് കണക്കിന് ആളുകൾ എന്നെ കാണാൻ വന്നപ്പോഴാണ്.' -അദ്ദേഹം പറഞ്ഞു.