protest

ന്യൂഡൽഹി: ഡൽഹിയിലേക്കുള്ള കർഷകരുടെ ട്രാക്ടർ പ്രക്ഷോഭത്തിനിടെ നടന്ന അക്രമ സംഭവങ്ങളെ അപലപിച്ച് സംയുക്ത കിസാൻ മോർച്ച. പ്രക്ഷോഭ സമരത്തിനിടെ അക്രമം നടത്തിയവരിൽ നിന്നും അകലം പാലിക്കുമെന്നും ട്രാക്ടർ റാലിയിൽ പങ്കെടുത്ത കർഷകരോട് നന്ദിയുണ്ടെന്നും സംയുക്ത കിസാൻ മോർച്ച അറിയിച്ചു.

സംയുക്ത കിസാന്‍ മോര്‍ച്ചയുടെ നേതൃത്വത്തിലാണ് വിവിധ കര്‍ഷക സംഘടനകള്‍ ഒരുമിച്ച് കാര്‍ഷിക നിയമത്തിനെതിരെ ഡൽഹിയിലേക്ക് ട്രാക്ടർ റാലി നടത്തിയത്. കര്‍ഷക സംഘടനകള്‍ക്ക് അക്രമത്തിൽ പങ്കില്ലെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ വ്യക്തമാക്കി. തികച്ചും സമാധാനപരമായാണ് കഴിഞ്ഞ അറുപത് ദിവസങ്ങളായി കര്‍ഷക സംഘടനകള്‍ സമരം നടത്തി വന്നത്.

എന്നാല്‍ ഇന്ന് സമാധാനപരമായ സമരത്തെ അട്ടിമറിക്കാന്‍ ചില വ്യക്തികളും സംഘടനകളും ശ്രമിച്ചതായി സംയുക്ത കിസാന്‍ മോര്‍ച്ച പ്രസ്താവനയില്‍ ആരോപിക്കുന്നു. രാജ്യത്തിന്റെ അഭിമാനമായ ദേശീയ സ്മാരകങ്ങളെയും പ്രതീകങ്ങളേയും അപമാനിക്കുന്നതിനോട് യോജിക്കുന്നില്ലെന്നും വിശദമായ പ്രസ്താവന ഇക്കാര്യത്തില്‍ പിന്നീട് നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച പറഞ്ഞു.

അക്രമം നടത്തിയത് തങ്ങളിൽപ്പെട്ടവരല്ലെന്നും കര്‍ഷക പ്രക്ഷോഭത്തിൽ സാമൂഹ്യ വിരുദ്ധ ശക്തികള്‍ നിഴഞ്ഞ് കയറിയതായും സംഘടനാ നേതൃത്വം ആരോപിച്ചു. അതേസമയം, ട്രാക്ടർ പ്രക്ഷോഭം വഷളാക്കിയത് കേന്ദ്ര സർക്കാരാണെന്ന ആരോപണവുമായി ആം ആദ്മി പാർട്ടി രംഗത്തെത്തി. അക്രമം സമരത്തെ ദുർബലപ്പെടുത്തിയെന്നും സമരക്കാർ ഡൽഹി ഒഴിയണമെന്നും പാർട്ടി ആവശ്യപ്പെട്ടിരുന്നു.