ഹൈദരാബാദ്: ഹൈദരാബാദിൽ 18 സ്ത്രീകളെ കൊലപ്പെടുത്തിയതിന് പിടിയിലായ സീരിയൽ കില്ലർ എം രാമുലു കൃത്യം തുടങ്ങിയത് ഭാര്യ ഉപേക്ഷിച്ചതിന്റെ വിഷമത്തിലാണെന്ന് പൊലീസ്. ഇരുപത്തിയൊന്നാം വയസിൽ വിവാഹിതനായ ഇയാളുടെ ഭാര്യ മറ്റൊരാളോടൊപ്പം ഒളിച്ചോടിയിരുന്നു. ഇതോടെ സ്ത്രീകളോട് പകയുണ്ടായി. തുടർന്നാണ് രാമുലു സ്ത്രീകളെ കൊലപ്പെടുത്താൻ ആരംഭിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.
പതിനാറ് കൊലപാതകം സഹിതം 21 കേസുകൾക്ക് അറസ്റ്റിലായ വ്യക്തിയാണ് എം രാമുലു. നാല് കേസുകൾ ഒഴികെ മറ്റെല്ലാ കേസുകളിൽ നിന്നും ഇയാളെ കോടതി വെറുതെവിട്ടു. രണ്ട് കേസുകൾക്ക് ജീവപര്യന്തം തടവ് ലഭിച്ചപ്പോൾ മറ്റ് രണ്ട് കേസുകൾ ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. വാദം നടക്കവെ ഇയാൾ പൊലീസിനെ വെട്ടിച്ച് കടന്നുകളയുകയായിരുന്നു.
45 വയസ് പ്രായമുളള രാമുലുവിനെ സിറ്റി ടാസ്‌ക് ഫോഴ്‌സും രാചാകൊണ്ട പൊലീസും ചേർന്നാണ് പിടികൂടിയത്. ലൈംഗിക ബന്ധത്തിന് പണം നൽകാമെന്ന് വാഗ്ദ്ധാനം ചെയ്‌താണ് ഇയാൾ സ്ത്രീകളെ കുടുക്കിയിരുന്നത്. മദ്യം കഴിച്ചതിനു ശേഷം ഇവരെ കൊന്ന് വിലപ്പെട്ട വസ്‌തുക്കളുമായി കടന്നുകളയുകയായിരുന്നു ഇയാളുടെ രീതി. 18 വർഷം മുമ്പാണ് ഇയാൾ ഇത്തരത്തിൽ കൊലപാതകങ്ങൾ നടത്താൻ ആരംഭിച്ചത്.
കഴിഞ്ഞ ഡിസംബറിൽ അമ്പതും മുപ്പത്തിയഞ്ചും വയസുളള രണ്ട് സ്ത്രീകളെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് ഇയാൾ ഇപ്പോൾ അറസ്റ്റിലായത്. ഇരുവരെയും പണവും മദ്യവും നൽകാമെന്ന് പറഞ്ഞ് ഒഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.