റെയിൽവേ വികസനം കേരളത്തിനു വളരെ അത്യന്താപേക്ഷികമാണ്. കേരളത്തിലെ യാത്രക്കാർ അധികവും റെയിൽവേ സംവിധാനത്തെയാണ് ആശ്രയിക്കുന്നത്. എന്നാൽ ഇതിനനുസരിച്ചുളള അടിസ്ഥാന റെയിൽ വികസനം സാധ്യമാകുന്നുമില്ല. നിരവധി സ്റ്റോപ്പുകളും എണ്ണമറ്റ വളവുകളും കാരണം തിരുവനന്തപുരം മുതൽ കാസർകോഡ് വരെ 575 കിലോമീറ്റർ സഞ്ചരിക്കാൻ ഇപ്പോൾ 12 മുതൽ 14 മണിക്കൂറാണെടുക്കുന്നത്. അതായത് ശരാശരിവേഗം മണിക്കൂറിൽ 45 കിലോമീറ്റർ. മാത്രമല്ല അധിക ട്രെയിൻ സർവീസുകൾ പ്രസ്തുതപാതയിൽ കൊണ്ടുവരാൻ സാധിക്കുകയില്ല എന്നതുകൊണ്ടു തന്നെ പുതിയ റെയിൽ ലൈൻ നിർമ്മിക്കേണ്ട സമയം അതിക്രമിച്ചിരിക്കുകയാണ്.
ജനങ്ങളുടെ പതിറ്റാണ്ടുകളായുളള ആഗ്രഹവും ആവശ്യവുമാണ് റെയിൽപാത ഇരട്ടിപ്പിക്കൽ. ഇതു മുൻ നിറുത്തി, കേരളത്തിലെ റെയിൽവേ വികസനം ത്വരിതപ്പെടുത്തുന്നതിനും അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തുന്നതിനും വേണ്ടി സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും സംയുക്തമായി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷൻ എന്ന സംയുക്തസംരംഭ കമ്പനിക്കു 2017 ൽ രൂപം നൽകുകയുണ്ടായി. അതിവേഗപാതയ്ക്കായുള്ള എല്ലാവിധ സഹായ സഹകരണങ്ങളും കേന്ദ്രസർക്കാരും കേന്ദ്ര റെയിൽ മന്ത്രാലയവും സംസ്ഥാന സർക്കാരിനു വാഗ്ദാനം ചെയ്തിട്ടുമുണ്ട്.
പദ്ധതിയുടെ ലക്ഷ്യങ്ങൾ
• കാസർകോടിനെയും തിരുവനന്തപുരത്തെയും നാലുമണിക്കൂർ കൊണ്ട് ബന്ധിപ്പിക്കുന്ന റെയിൽ ഗതാഗതം
• ചരക്കു വാഹനങ്ങൾ ട്രെയിനിൽ കയറ്റി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന റോൾ ഓൺ റോൾ ഓഫ് സേവനം
• ഇ-ടാക്‌സി, ഇ-വെഹിക്കിൾ എന്നിവയ്ക്കായുളള ചാർജിംഗ് ഫെസിലിറ്റി.
• ഐടി പാർക്കുകളുമായും കൊച്ചി മെട്രോയുമായും ബന്ധിപ്പിക്കുന്ന രീതിയിലുളള സ്റ്റേഷൻ സമുച്ചയങ്ങൾ.
•തിരുവനന്തപുരം കൊല്ലം, ചെങ്ങന്നൂർ,കോട്ടയം, എറണാകുളം, തൃശൂർ, തിരൂർ,കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ 10 സ്റ്റേഷനുകൾ.
• ഭിന്നശേഷിക്കാർക്കും വനിതകൾക്കും പ്രത്യേക സുരക്ഷ ഉറപ്പു വരുത്തുന്ന സൗകര്യങ്ങൾ.
• ഇലക്ട്രിക്ക് വാഹനങ്ങൾക്കും മറ്റു വാഹനങ്ങൾക്കും പാർക്കിംഗ് സൗകര്യങ്ങൾ
സവിശേഷതകൾ
• ദൈർഘ്യം : 529.45 കിലോമീറ്റർ.
• ഗേജ്: 1435 എംഎം (സ്റ്റാൻഡേർഡ് ഗേജ്).
• വേഗത: മണിക്കൂറിൽ 200 കിലോമീറ്റർ.
• ഭൂമി : 1383 ഹെക്ടർ.
• ഏറ്റെടുക്കേണ്ടി വരുന്ന ഭൂമിക്ക് തക്കതായ നഷ്ടപരിഹാരം.
• ഭൂമി നഷ്ടപ്പെടുന്നവർക്ക് ഈ പദ്ധതിയിൽ ജോലി നൽകുന്നതു പരിഗണിക്കും.
• നിർമ്മാണ ഘട്ടത്തിൽ 50,000 തൊഴിലവസരങ്ങൾ.
• പ്രവർത്തന ഘട്ടത്തിൽ 11,000 തൊഴിൽ അവസരങ്ങൾ.
• പ്രതിദിനം 68,000പേർക്ക് യാത്രാസൗകര്യം
• ആദ്യം ഒൻപത് ബോഗികൾ, പിന്നീട് 12 ബോഗികൾ. (യാത്രക്കാരുടെ എണ്ണം : 675)
• ചെലവ്: 66,000കോടി .
• ജനസാന്ദ്രത കൂടിയ സ്ഥലങ്ങളിൽ ആകാശ പാത.
• ഒരു യാത്രക്കാരന് കിലോമീറ്ററിന് 2.75 രൂപ നിരക്ക് .
• ചെറുപട്ടണങ്ങളിൽ പരമാവധി 27 ചെറിയ സ്റ്റേഷനുകൾ .
നിർദ്ദിഷ്ട അലൈൻമെന്റ്
കാസർകോടു മുതൽ തിരുവനന്തപുരം വരെ 529.45 കിലോമീറ്റർ നീളത്തിൽ 10സ്റ്റേഷനോടു കൂടിയാണ് സെമി ഹൈ സ്‌പീഡ് റെയിൽപാത രൂപകല്പന ചെയ്തിരിക്കുന്നത്. കാസർകോടു മുതൽ തിരൂർ വരെയുളള 220 കിലോമീറ്റർ പാത നിലവിലുളള റെയിൽ പാതയ്ക്ക് സമാന്തരമായും തിരൂർ മുതൽ തിരുവനന്തപുരം വരെയുളള പാത താരതമ്യേന ജനവാസം കുറഞ്ഞതുമായ മേഖലയിലൂടെയും കടന്നുപോകുന്നു. 88.41 കിലോമീറ്റർ തൂണുകളിൽ കൂടിയും 11.51 കിലോമീറ്റർ തുരങ്കത്തിലൂടെയും 24.79 കിലോമീറ്റർ കട്ട് ആന്റ് കവറിലൂടേയും 12.99 കിലോമീറ്റർ പാലത്തിലൂടേയുമാണ് വിഭാവനം ചെയ്തിട്ടുള്ളത്. പാതയുടെ ഒരുവശത്ത് സർവീസ് റോഡും ഓരോ 500 മീറ്റർ ഇടവേളയിൽ അടിപ്പാത/മേൽപ്പാതയും വിഭാവനം ചെയ്തിട്ടുണ്ട്.
വിശദമായ സാമൂഹ്യ ആഘാത പഠനം, ഭൂമി അളന്നു തിട്ടപ്പെടുത്തൽ തുടങ്ങിയ പ്രാരംഭ പ്രവർത്തനങ്ങൾക്കുള്ള നടപടിക്രമങ്ങളാണ് ഇപ്പോൾ നടന്നുവരുന്നത്. വീടുകൾ ഉൾപ്പെടെ 9314 കെട്ടിടങ്ങളെ മാത്രമാണ് പദ്ധതി ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
ഏറ്റവും സാങ്കേതികമായും സാമ്പത്തികമായും അതിലുപരി സാമൂഹ്യ പ്രശ്‌നങ്ങൾക്ക് മുൻതൂക്കം നൽകിക്കൊണ്ട് ജനസാന്ദ്രത കുറഞ്ഞ പ്രദേശങ്ങളിലൂടെയാണ് കെ-റെയിലിന്റെ അലൈൻമെന്റ് നിശ്ചയിച്ചിട്ടുള്ളത്. 1383 ഹെക്ടർ ഭൂമിയാണ് പുനരധിവാസത്തിന് ഉൾപ്പെടെ പദ്ധതിക്ക് ആവശ്യമായി വരിക. ഇതിൽ 1198 ഹെക്ടർ സ്വകാര്യ ഭൂമിയും 185 ഏക്കർ റെയിൽവേയുടെ ഭൂമിയുമാണ്. ഒരു ഹെക്ടറിന് ഏകദേശം ഒൻപത് കോടി നഷ്ടപരിഹാരമായി കണക്കാക്കിയിട്ടുണ്ട്.
ധനസംബന്ധമായ കാര്യങ്ങൾ
പാരീസ് ആസ്ഥാനമായുളള സിസ്ട്ര, ജിസി-യാണ് കെആർഡിസിഎൽ-നു വേണ്ടി സാദ്ധ്യതാ പഠന റിപ്പോർട്ട് തയാറാക്കിയത്. ഇതനുസരിച്ച് അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ വേണ്ടത് 66,405കോടി രൂപയാണ്. കേന്ദ്ര - സംസ്ഥാന സർക്കാരുകളിൽ നിന്നുളള ഓഹരി മുഖേനയും, ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുമുളള വായ്പ വഴിയും ധനസമാഹരണം സാദ്ധ്യമാകും.
സ്ഥിതിവിവര റിപ്പോർട്ട്
കാസർകോടു മുതൽ തിരുവനന്തപുരം വരെയുളള സെമി ഹൈസ്പിഡ് റെയിൽപാതാ പദ്ധതിയായ സിൽവർ ലൈൻപദ്ധതി കേരള സർക്കാർ അംഗീകരിക്കുകയും റെയിൽ മന്ത്രാലയം, കേന്ദ്ര സർക്കാർ തത്വത്തിൽ അനുമതി നൽകുകയും ചെയ്തു. ഡി.പി.ആർ. പഠനവും അനുബന്ധ പ്രവൃത്തികളും വിജയകരമായി പുരോഗമിക്കുന്നു. പദ്ധതിയുമായി ബന്ധപ്പെട്ടുളള ട്രാഫിക്ക് സർവേ, പരിസ്ഥിതി ആഘാതപഠനം, ഭൂമി ഗവേഷണ പഠനവും പൂർത്തീകരിക്കുകയുണ്ടായി. ഇതെല്ലാം കോർത്തിണക്കിക്കൊണ്ടുളള ഡി.പി.ആർ. 2019-20 സാമ്പത്തിക വർഷം തന്നെ സർക്കാരിലേക്ക് സമർപ്പിച്ചിട്ടുണ്ട്.