ഞാൻ ജനിക്കുമ്പോൾ ഇന്ത്യ പരമാധികാര റിപ്പബ്ലിക് ആയിട്ട് രണ്ടു വർഷമായിരുന്നു. പത്തു വയസ് മുതലുള്ള ഓർമ്മകൾക്ക് വ്യക്തതയുണ്ടല്ലോ. അങ്ങനെ കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലായി സ്വാതന്ത്ര്യ ദിനവും റിപ്പബ്ലിക് ദിനവും പല അവസ്ഥകളിൽ വായനക്കാരിൽ പലരെയും പോലെ ഞാനും ആഘോഷിക്കുകയുണ്ടായി. വിദ്യാർത്ഥികളായി, ഉദ്യോഗസ്ഥരായി, സാധാരണ പൗരന്മാരായി, മുതിർന്ന പൗരന്മാരായി അങ്ങനെ പല ജീവിതാവസ്ഥകളിൽ നമ്മൾ ഈ ദിനങ്ങൾ ആഘോഷിച്ചിട്ടുണ്ട്. ഒന്നും പണ്ടേപ്പോലെ നല്ലതല്ലെന്ന് പറയുന്ന 'വയസൻമാരുടെ (കുട്ടികളുടെ ഭാഷയിൽ ബൈജുമാരുടെ) ശീലം" കൊണ്ടല്ല രണ്ടു ദിവസം മുമ്പ് നമ്മൾ ആഘോഷിച്ച റിപ്പബ്ലിക് ദിനത്തിന്റെ ചേരുവയ്ക്ക് എന്തോ കുറവുള്ളതു പോലെ അനുഭവപ്പെട്ടത്. ഇത് ഒരു പുതിയ വിചാരമല്ല. റിപ്പബ്ലിക് ദിനാഘോഷം സർക്കാരിന്റെ ഒരു പരിപാടി മാത്രമായി മാറിപ്പോകുന്നു എന്ന് തോന്നിത്തുടങ്ങിയിട്ട് കുറച്ചു വർഷങ്ങളായി. പരേഡ് ഗ്രൗണ്ടിലെ പരിപാടികളിൽ ആവർത്തിക്കുന്ന ഇനങ്ങൾകൊണ്ടും അവയുടെ ഔപചാരികത കൊണ്ടുമല്ല ഇങ്ങനെയൊരു തോന്നലുണ്ടായത്. പണ്ടും ഈ ഔപചാരികതയുണ്ടായിരുന്നല്ലോ. ഔദ്യോഗിക പരിപാടിയെക്കുറിച്ചുമല്ല ഈ അഭിപ്രായപ്രകടനം. റിപ്പബ്ലിക്ക് ദിനാഘോഷത്തിൽ ജനങ്ങൾ എവിടെ എന്നതാണ് പ്രധാന ചോദ്യം. കേവലം മറ്റൊരവിധി ദിനമായി മാറുന്നോ ജനുവരി 26 ? സാധാരണജനങ്ങൾ ഈ ദിനം ആഘോഷിച്ചോ? അവർക്കു ഇതിന്റെ മൂല്യം തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ഇല്ലെങ്കിൽ ഭരണഘടനയുടെ പ്രാധാന്യം തിരിച്ചറിയുന്നില്ല എന്നല്ലേ അർഥം? അതിനെക്കാൾ ഒരാപത്ത് ഒരു രാജ്യത്തിന് വന്നു ഭവിക്കാനുണ്ടോ?
സാധാരണ ദിവസങ്ങളിൽ ദേശീയ പതാക സ്വകാര്യ സ്ഥാപനങ്ങളിലോ സ്വകാര്യ വാഹനങ്ങളിലോ വീടുകളിലോ ഉയർത്താൻ പാടില്ല. എന്നാൽ ആഗസ്റ്റ് 15നും ജനുവരി 26 നും ഈ നിയന്ത്രണമില്ല. ഈ ദിവസങ്ങളിൽ ഏതു ഭാരതീയനും പതാക ഉപയോഗിക്കാം. പണ്ടൊക്കെ സ്വകാര്യ വാഹനങ്ങളിൽ ഈ ദിവസങ്ങളിൽ പതാക പാറിക്കളിക്കുന്നത് കണ്ടിട്ടുണ്ട്. ഈ രണ്ടു വിശേഷ ദിവസങ്ങളിൽ ദേശീയപതാക പറപ്പിക്കുവാൻ സാധിക്കുന്നതിലൂടെ ഇന്ത്യ എന്ന ആശയത്തോട് ഓരോ പൗരനും വൈകാരികമായി കണ്ണി ചേരുകയാണ്. ഇന്ത്യ എന്ന രാജ്യത്തിലെ പൗരൻ എന്ന നിലയ്ക്ക് തനിക്കുമുണ്ട് ഈ രാജ്യത്തിന്റെ അഭിമാനത്തിൽ പങ്കും പങ്കാളിത്തവും എന്ന ആശയം ഓർമ്മപ്പെടുത്താനും ബലപ്പിക്കാനും ഈ ദിനാചാരണം അവസരമൊരുക്കിയിരുന്നു. സ്വതന്ത്ര ഭാരതത്തിന്റെ ആദ്യ ദശകങ്ങളിൽ കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ നമുക്ക് പൊതുവായി അഭിമാനിക്കാനും രാജ്യത്തിന്റേതെന്നു പറയാനുമായി കുറെ വലിയ മനുഷ്യരും ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട ബന്ധുരസ്മൃതികളുമുണ്ടായിരുന്നു. പൊതുവായ ദേശീയ സുകൃതങ്ങൾക്കു കാലാന്തരത്തിൽ മങ്ങലേറ്റു. രാഷ്ട്രത്തിനു പൊതുവായി അവകാശപ്പെട്ടിരുന്ന പലതും രാഷ്ട്രീയമായി വീതം വയ്ക്കപ്പെട്ടു. കക്ഷി രാഷ്ട്രീയത്തിന്റെ കത്തികൊണ്ട് ദേശീയ വികാരമെന്ന പൊതുബോധ്യത്തെ നമ്മൾ കുറേശ്ശേ കഷണിച്ചതു പോലെ തോന്നുന്നു.. ഒരു രാജ്യത്തിന് എല്ലാവർക്കും സ്വീകാര്യമായ ആശയങ്ങളും നായകരും ഓർമ്മകളും ബിംബങ്ങളും പ്രതീകങ്ങളും നഷ്ടമാവുമ്പോൾ ദേശീയാഘോഷംങ്ങൾ യാന്ത്രികമാവും. അതുകൊണ്ടാണ് സ്വാതന്ത്ര്യ ദിനത്തിൽ നമ്മുടെ ആ സ്വാതന്ത്ര്യത്തിന്റെ അർത്ഥത്തെക്കുറിച്ച് ആലോചിക്കാനും റിപ്പബ്ലിക് ദിനത്തിൽ നമ്മെ പരിരക്ഷിക്കുന്ന മഹത്തായ ഭരണഘടനയെക്കുറിച്ച് അഭിമാനിക്കാനും നമ്മൾ മറന്നു പോകുന്നത്. അഥവാ ഉദാസീനരാകുന്നത്. ആ മറവിയും ഉദാസീനതയുമാണ് നമ്മുടെ ആഘോഷങ്ങളെ സർക്കാർ പരിപാടികളായി പരിമിതപ്പെടുത്തുന്നത്.
ഡൽഹിയിലും സംസ്ഥാന തലസ്ഥാനങ്ങളിലും ചിട്ടയായി നടക്കുന്ന പരേഡുകൾക്കു അർത്ഥമില്ലെന്നല്ല. ആഘോഷങ്ങൾ അവ മാത്രമായി ഒതുങ്ങിപ്പോവുന്നു എന്നതാണ് പോരായ്മ. ജനങ്ങൾ സജീവമായി ആ നേട്ടത്തിന്റെ ഓർമ്മ പുതുക്കുന്നില്ല. രാഷ്ട്രത്തെക്കുറിച്ചുള്ള അഭിമാനത്തിലൂടെയാണ് സ്വാതന്ത്ര്യത്തിന്റെയും, ആ സ്വാതന്ത്ര്യത്തെ കാത്തു സൂക്ഷിക്കുന്ന ഭരണഘടനയുടെയും മൂല്യത്തെ അംഗീകരിക്കുന്നത്. ഭരണഘടനയില്ലെങ്കിൽ നമ്മുടെ സ്വാതന്ത്ര്യം എന്തുമാത്രം വികലമാക്കപ്പെടുമായിരുന്നില്ല! രാഷ്ട്രമുണ്ടെങ്കിലേ രാഷ്ട്രീയമുള്ളൂ. ആ ര്രാഷ്ട്രത്തിന്റെ ജീവശ്വാസമായ ഭരണഘടനയെക്കുറിച്ചും ജനാധിപത്യ പരമാധികാര റിപ്പബ്ലിക് എന്ന കല്പനയുടെ അർത്ഥവൈപുല്യത്തെക്കുറിച്ചും ഓരോ പൗരനെയും ബോദ്ധ്യപ്പെടുത്താനുള്ള അവസരമാണ് ഈ ദിനാഘോഷങ്ങൾ. ഈ സഹസ്രാബ്ദത്തിൽ ജനിച്ച യുവാക്കൾക്ക് സ്വാതന്ത്ര്യ സമരവും അതിന്റെ ധീരഗാഥകളും കേട്ടുകേഴ് വികൾ മാത്രം. അവരെ റിപ്പബ്ലിക് ദിനാഘോഷത്തിൽ സജീവ പങ്കാളികളാക്കാൻ നമുക്ക് കഴിയണ്ടേ? ആദിവാസികൾക്കും ദളിതർക്കും കർഷകർക്കും ദുർബലർക്കും ഈ റിപ്പബ്ലിക്കിന്റെ അവസര സാദ്ധ്യതകളുടെ സീമകൾക്കുള്ളിൽ ഇടമുണ്ടെന്നറിയിക്കാൻ ഈ ദിനം നമുക്ക് പ്രയോജനപ്പെടുത്താൻ സാധിക്കണ്ടേ? നമുക്കിടയിലെ അഭിപ്രായ ഭിന്നതകൾ പെരുപ്പിക്കാനല്ല, അവയ്ക്കതീതമായ ഐക്യബോധത്തെയും അഭിമാന ബോധത്തെയും പ്രോജ്വലിപ്പിക്കാനുള്ള സന്ദർഭങ്ങളാണ് ഈ ദിനാഘോഷങ്ങൾ. പൊതു മൂല്യങ്ങളും പൊതു ചരിത്രവും പൊതു ബിംബങ്ങളും നഷ്ടമാവുന്ന രാജ്യത്തിന്റെ ആതുരസൂചകമാണോ ശുഷ്കമാവുന്ന നമ്മുടെ ദേശീയ ദിനാഘോഷങ്ങൾ?
'പോരാ പോരാ നാളിൽ നാളിൽ ദൂര ദൂരമുയരട്ടേ" എന്ന് മഹാകവി വള്ളത്തോൾ വിഭാവനം ചെയ്ത നമ്മുടെ തൃപ്പതാക, മഹാകവിക്കും സമാനമനസ്കർക്കും 'നമ്മൾ നെയ്ത നൂല് കൊണ്ട്, നമ്മൾ നെയ്ത വസ്ത്രം കൊണ്ട് " നെയ്തെടുത്തതാണ്. ആ പതാക, 'അനീതിക്കൊരന്ത്യാവരണം" കൂടിയായിരുന്നു. നമ്മൾ, നമ്മൾ എന്ന് കവി ആവർത്തിക്കുന്ന ആ 'നമ്മൾ" പങ്കാളികളാകാത്ത ആഘോഷങ്ങൾ 'നമ്മളെ" ആശങ്കപ്പെടുത്തണം. പങ്കാളിത്തത്തിനുള്ള തടസ്സങ്ങൾ എന്താണെന്ന് ആത്മപരിശോധന ചെയ്യണം. ഒരു രാഷ്ട്രമെന്ന നിലയിൽ നമുക്കഭിമാനിക്കാൻ എന്തെല്ലാമെന്തെല്ലാമുണ്ട്? പക്ഷേ ആ നേട്ടങ്ങൾ രാഷ്ട്രത്തിന്റേതാകണം രാഷ്ട്രീയത്തിന്റേതാകരുത്.