ഓർക്കാപ്പുറത്ത് ഒരുദിവസം സിനിമയുടെ ഭാഗമാകുക, ആദ്യ വേഷത്തിന് തന്നെ കൈയടി ലഭിക്കുക, തുടരെ തുടരെ വേഷങ്ങൾ തേടിയെത്തുക. മീരാ നായരുടെ ജീവിതം മാറിമറിഞ്ഞത് വളരെ വേഗത്തിലായിരുന്നു. കോർപ്പറേറ്റ് കമ്പനിയിലെ ജോലിയിലൂടെയായിരുന്നു തുടക്കം. അധികം വൈകാതെ മാദ്ധ്യമരംഗത്തേക്ക്. അവിടെ നിന്ന് പിന്നെയും ബ്രേക്ക്... കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായി സിനിമയിൽ നിന്നും വിളിയെത്തുന്നത്. ആദ്യവേഷത്തിന് കിട്ടിയ കൈയടികൾ പിന്നെയും നിരവധി സിനിമകളിലേക്കുള്ള അവസരമൊരുക്കി. ഇപ്പോഴിതാ, ടെലിവിഷൻ പ്രേക്ഷകരുടെ പ്രിയതാരമാണ് മീര.
''മനം പോലെ മംഗല്യം പേര് പോലെ തന്നെ പ്രണയകഥ പറയുന്ന സീരിയലാണ്. ആദ്യമായി സീരിയൽ ചെയ്യുന്നതിന്റെ സന്തോഷത്തിലാണ്. മുമ്പും അവസരങ്ങൾ വന്നിരുന്നു, അതൊക്കെ വേണ്ടെന്ന് വച്ചതാണ്. ഇപ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത സമയത്ത് നല്ലൊരു കഥ വന്നു, കേട്ടപ്പോൾ വ്യത്യസ്തത തോന്നി. അങ്ങനെയാണ് ചെയ്യാമെന്ന് തീരുമാനിക്കുന്നത്. എ. എം നസീർ സാറിന്റെ സംവിധാനം കൂടിയായപ്പോൾ രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വന്നില്ല. മറാത്തി സീരിയലിന്റെ റീമേക്കാണ്. മീര എന്നു തന്നെയാണ് ഇതിലെയും എന്റെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിൽ കണ്ടുശീലിച്ചതിൽ നിന്നെല്ലാം വ്യത്യസ്തമായ കഥയാണ്. അതു തന്നെയാണ് ഈ സീരിയലിലേക്ക് എന്നെ ആകർഷിച്ചതും. പ്രോഗ്രസീവ് ആയിട്ടുള്ള കഥയാണ്. അമ്മായിയമ്മയും മരുമകളും തമ്മിൽ നല്ലൊരു ബന്ധം കാണിക്കുന്നുണ്ട്. പൊതുവേ, നമ്മുടെ സീരിയലുകളിലെല്ലാം അമ്മായിയമ്മയും മരുമകളും തമ്മിൽ അടിയും കരച്ചിലുമൊക്കെയാണല്ലോ. ഇതിൽ നല്ല കൂട്ടുകാരെ പോലെയാണ്. ഭർത്താവ് ഇല്ലാത്ത സ്ത്രീ ജീവിതം തിരികെ പിടിക്കുന്നതാണ് കാണിക്കുന്നത്. പൊതുവേ ഒറ്റയ്ക്ക് ജീവിക്കുന്ന സ്ത്രീകളുടെ ജീവിതം വേദന നിറഞ്ഞതായിട്ടാണല്ലോ കാണിക്കുന്നത്. ഇതിലെ മീര അങ്ങനെയല്ല. ആ ചിന്തയും കഥാപാത്രവുമൊക്കെ ഇഷ്ടമായി."" മീര വിശേഷങ്ങളുടെ വാതിൽ തുറന്നു.
''സംവിധായകൻ നസീർ സാറും പ്രൊഡ്യൂസറും വീട്ടിൽ വന്നാണ് കഥയെ കുറിച്ച് പറഞ്ഞത്. മീരയുടെ ജീവിതത്തിലൂടെയാണ് കഥ മുന്നോട്ട് പോകുന്നതെന്നും പറഞ്ഞു. ഇതിൽ പ്രധാനമായി കാണിക്കുന്നത് അമ്മായിയമ്മ മരുമകൾ ബന്ധവും മീരയും അരവിന്ദ് രാജയും തമ്മിലുള്ള പ്രണയവുമാണ്. രണ്ട് കഥാസന്ദർഭം നോക്കിയാലും മീരയ്ക്ക് പ്രാധാന്യമുണ്ട്. അതു തന്നെയാണ് ഇത് തിരഞ്ഞെടുക്കാനുള്ള കാരണവും. സ്ത്രീ കേന്ദ്രീകൃത കഥയാണ്. ഒരുപക്ഷേ, ടിപ്പിക്കൽ അമ്മായി അമ്മ റോളാണ് വന്നതെങ്കിൽ ചെയ്യുമായിരുന്നില്ല. അത്തരത്തിലുള്ള വേഷങ്ങൾ ഒത്തിരി വന്നിട്ടുണ്ട്. അതൊക്കെ നോ പറഞ്ഞ് വിട്ടിട്ടുമുണ്ട്. പിന്നെ നസീർ സാറിനെ പോലൊരാൾ വീട്ടിൽ വന്നു കഥ ഡീറ്റെയിലായി പറഞ്ഞപ്പോൾ അതിശയം തോന്നി. ഈ വേഷത്തിന് ചേരുന്ന ആളാണെന്ന് പറഞ്ഞപ്പോഴാണ് ചെയ്യാമെന്ന് ഏറ്റത്. എന്തായാലും അത് ശരിയായ തീരുമാനമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നുണ്ട്. "" മീര പറഞ്ഞു തുടങ്ങി.
ഇതൊരു വഴിത്തിരിവാണ്
അഭിനയം യാദൃശ്ചികമായി സംഭവിച്ചതാണ്. സിനിമയിലെത്തിയിട്ട് അധികകാലമായിട്ടുമില്ല. ഏഴു സിനിമകളാണ് ഇതുവരെ ചെയ്തത്. 'ഞാൻ പ്രകാശനി"ലൂടെയാണ് തുടക്കം. സത്യൻ അന്തിക്കാട് സാറിന്റെ സിനിമ എല്ലാവരെയും കൊതിപ്പിക്കുന്നതല്ലേ. പിന്നെ, സീരിയലുകളോട് ആദ്യമൊക്കെ ഞാനും അകൽച്ച കാണിച്ചിട്ടുണ്ട്. ഒരു ലോംഗ് ടേം കമ്മിറ്റ്മെന്റായതു കൊണ്ടാണ് കൂടുതൽ പേരും അതിൽ നിന്നും മാറി നിൽക്കുന്നത്. സിനിമയാകുമ്പോൾ ചെയ്തിട്ട് തിരിച്ചു പോകാം. ഇതിപ്പോൾ ഒരു വർഷത്തെ കരാറാണ്. മാസത്തിൽ പതിനഞ്ച് ദിവസത്തോളം ഞങ്ങളെല്ലാം ഒന്നിച്ചുണ്ടാകും. ഒരു കുടുംബം പോലെയായി. തിരുവനന്തപുരത്ത് തന്നെയാണ് ഷൂട്ട്. വീട്ടിൽ നിന്നും പോയി വരാവുന്നതേയുള്ളൂ. സീരിയലിൽ മരുമകളായിട്ട് എത്തുന്നത് സ്വാസികയാണ്. വളരെ പ്രൊഫഷണൽ ആയിട്ടുള്ള നടിയാണ് സ്വാസിക. അതുകൊണ്ട് തന്നെ അവൾക്കൊപ്പം വർക്ക് ചെയ്യാൻ എളുപ്പമാണ്. സ്വാസികയ്ക്ക് അറിയാം ഓരോ സീനിലും എന്താ വേണ്ടതെന്ന്. വർഷങ്ങളായി ഇവിടെയുള്ള ആളാണല്ലോ. പിന്നെ, പ്രേക്ഷകർക്കും വലിയ ഇഷ്ടമാണ്. സിനിമയിലും സീരിയലിലും ഒരുപോലെ തിളങ്ങാൻ സ്വാസികയ്ക്ക് പറ്റുന്നുണ്ട്.
അഭിനയം സ്വപ്നത്തിൽ
പോലുമുണ്ടായിരുന്നില്ല
അഭിനയം സ്വപ്നത്തിൽ പോലും ഉണ്ടായിരുന്നതല്ല. പഠനം, ജോലി, കുടുംബം. സാധാരണ ഒരു പെൺകുട്ടി സ്വപ്നം കാണുന്നതു പോലെയായിരുന്നു എന്റെ സ്വപ്നങ്ങളും. അഭിനയിക്കണമെന്ന് ആഗ്രഹിച്ചിട്ടുമില്ല, ഓഡിഷനുകളുൽ പങ്കെടുത്തിട്ടുമില്ല... മനസിലെങ്ങും സിനിമയെന്നോ അഭിനയമെന്നോ ഉള്ള സ്വപ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. എന്നിട്ടും ഈ രംഗത്തേക്കെത്തിയത് ദൈവനിശ്ചയമാകാം. എം.ബി.എ കഴിഞ്ഞ് ഒരു കോർപ്പറേറ്റ് കമ്പനിയിൽ കുറേ നാൾ ജോലി ചെയ്തു. രണ്ടാമത്തെ മകൻ ജനിച്ചതോടെ ജോലി വിട്ട് ജേണലിസം പഠിച്ചു. പിന്നെ മാദ്ധ്യമസ്ഥാപനങ്ങളിൽ വർക്ക് ചെയ്തു. പിന്നീട് അതിൽ നിന്നും ബ്രേക്കെടുത്ത് കുറച്ച് നാൾ ഒന്നും ചെയ്യാതെ വീട്ടിലുമിരുന്നു. ആ സമയത്താണ് കോളേജിൽ സീനിയറായിട്ട് പഠിച്ച ലീന 'എന്റെ അമ്മ" എന്നൊരു മ്യൂസിക്കൽ ആൽബം ചെയ്യാൻ തീരുമാനിച്ചത്. അത് മീരയ്ക്ക് ചെയ്യാമോയെന്ന് അവൾ ചോദിച്ചു. മീഡിയയിൽ ആയതുകൊണ്ട് കാമറയുമായി അടുത്ത് പരിചയമുണ്ടെന്നല്ലാതെ അഭിനയിച്ചൊന്നും ഒരു പരിചയവുമുണ്ടായിരുന്നില്ല. ആദ്യമൊക്കെ മടിച്ചെങ്കിലും അവൾ പ്രോത്സാഹനം തന്നതോടെ ഒരു രസത്തിന് പോയി ചെയ്തു. കണ്ടവരൊക്കെ അതിന് നല്ല അഭിപ്രായമാണ് പറഞ്ഞത്. അത് കണ്ടിട്ടാണ് സത്യൻ സാറിന്റെ 'ഞാൻ പ്രകാശനി"ലേക്ക് വിളിക്കുന്നത്.
ഏറെ ആസ്വദിച്ചാണ് അഭിനയിക്കുന്നത്
'ഞാൻ പ്രകാശ"നിലെ ടീന മോളുടെ അമ്മ റേച്ചലിന്റെ വേഷം നല്ല അഭിനന്ദനങ്ങൾ കിട്ടിയ കഥാപാത്രമാണ്. അപ്പോഴും ഞാൻ കരുതിയിരുന്നില്ല ഇതായിരിക്കും ഇനി മുന്നോട്ടുള്ള വഴിയെന്ന്. സത്യൻ അന്തിക്കാട് സാറിന്റെ സിനിമയായതുകൊണ്ടാണ് ചെയ്തത്. ഇങ്ങോട്ട് വിളിച്ച് പറയുമ്പോൾ എങ്ങനെ വേണ്ടെന്ന് പറയും. സിനിമയിൽ മുഖം കാണിക്കാൻ ആഗ്രഹിക്കുന്ന ഒരുപാട് പേരില്ലേ. അവരെയൊക്കെ ഓർത്തപ്പോൾ ചെയ്യാമെന്ന് തീരുമാനിച്ചു. പിന്നെ ആ സമയത്ത് ഞാൻ മറ്റൊന്നും ചെയ്യുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ആ വേഷം ഏറ്റെടുത്തത്. അതിനുശേഷവും അവസരങ്ങൾ വന്നുകൊണ്ടിരുന്നു. അപ്പോഴാണ് ശരിക്കും ഇഷ്ടം തോന്നി തുടങ്ങിയത്. ഇപ്പോഴിത് നന്നായി എൻജോയ് ചെയ്യുന്നുണ്ട്. ഇതുവരെ ചെയ്ത ജോലികളെല്ലാം വച്ചു നോക്കിയാൽ ഏറ്റവും കൂടുതൽ എൻജോയ് ചെയ്യുന്നത് ഇത് തന്നെയാണ്. ഫ്രീലാൻസായി നിൽക്കുന്നതിന്റെ സംതൃപ്തിയുണ്ട്. ഒരു കമ്പനിയിൽ പോയി സ്ഥിരമായി ജോലി ചെയ്താൽ കിട്ടാത്ത സന്തോഷവും ഇതിനുണ്ട്. അതുപോലെ, ഒരുപാട് ക്രിയേറ്റീവായിട്ട് നിൽക്കുന്ന ആൾക്കാർക്കൊപ്പം വർക്ക് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം വേറൊന്നാണ്. ആ വൈബ് ഞാൻ ശരിക്കും എൻജോയ് ചെയ്യുന്നുണ്ട്.
കാമറയ്ക്ക് മുന്നിൽ ആദ്യം നിന്നത് ഇപ്പോഴും ഓർക്കാൻ പേടിയാണ്. നല്ല ടെൻഷനായിരുന്നു. എന്തൊക്കെയായിരുന്നു ചെയ്തതെന്ന് ഇപ്പോഴും അറിയില്ല. സത്യൻസാർ, ലളിതചേച്ചിയുടെയും ഫഹദിന്റെയും മുന്നിലേക്ക് എന്നെ എടുത്തെറിയുകയായിരുന്നുവെന്ന് വേണം പറയാൻ. എത്തിപ്പെട്ടല്ലോ ഇനി ചെയ്തേ പറ്റൂവെന്ന് കരുതി എന്തൊക്കെയോ ചെയ്തു. ഇത്രയും വലിയ ആക്ടേഴ്സിനൊപ്പം ആദ്യ സീൻ ചെയ്യുക എന്നത് വലിയ ചാലഞ്ചാണ്. അവരൊക്കെ അഭിനയിക്കുന്നവരല്ല, ബിഹേവ് ചെയ്യുന്നവരാണ്. കണ്ടുപഠിക്കാനുള്ള സാവകാശം പോലും കിട്ടിയില്ല. അതിന് മുന്നേ അഭിനയിച്ചു തുടങ്ങി. പതിയെ പതിയെ ആ പേടിയൊക്കെ മാറി. വ്യത്യസ്തങ്ങളായ വേഷങ്ങൾ കിട്ടിയാൽ ചെയ്യാൻ സന്തോഷമേയുള്ളൂ. ഇപ്പോൾ കാമറാപ്പേടിയൊന്നുമില്ല. കാരക്ടറും ലൊക്കേഷനുമൊക്കെയായി കംഫർട്ടബിൾ ആണ്.
കിട്ടിയതെല്ലാം വ്യത്യസ്ത
വേഷങ്ങൾ
സീരിയലിലെ മീരയും യഥാർത്ഥ മീരയും തമ്മിൽ പെരുമാറ്റത്തിൽ ഒരു സാമ്യവുമില്ല. ഞാൻ വളരെ ബോൾഡാണ്. പക്ഷേ, സീരിയലിലെ മീര ഒരു പാവത്താനാണ്. പക്ഷേ, എന്നെ വളരെ വളരെ അടുത്തറിയുന്നവർ പറഞ്ഞത് ഈ മീരയും ആ മീരയും ഒന്നു തന്നെയാണെന്നാണ്. എന്തോ എനിക്കറിയില്ല അങ്ങനെയാണോയെന്ന്. ചിലപ്പോൾ അതായിരിക്കാം ശരി. ഞാനൊരു ക്രിയേറ്റീവ് പേഴ്സൺ ആണ്. എഴുത്തും നൃത്തവും അഭിനയവും ഒക്കെ കൂടെയുണ്ട്. അതുപോലെ, സിനിമയും സീരിയലും പരസ്യവുമൊക്കെ ചെയ്യുന്നുണ്ട്. പരസ്യം ഒരു ദിവസത്തെ ജോലിയേ ഉള്ളൂ. സിനിമ ചാലഞ്ചിംഗായിട്ടുള്ള കഥാപാത്രങ്ങൾ കിട്ടിയാൽ നല്ലതാണ്. പക്ഷേ, അത് കിട്ടുന്നത് വരെ കാത്തിരിക്കേണ്ടി വരും. സീരിയലാകുമ്പോൾ നമുക്കൊരു പ്ലാനിംഗ് ഉണ്ടാകും. ഇത്ര ദിവസം എൻഗേജ്ഡ് ആകും, വരുമാനത്തെ കുറിച്ചും കണക്കുണ്ടാകും. എന്തായാലും ഇപ്പോൾ അഭിനയം എനിക്ക് സന്തോഷം തരുന്ന കാര്യമാണ്. സിനിമയിൽ ഇതുവരെ ചെയ്തതെല്ലാം വ്യത്യസ്തമായ കഥാപാത്രങ്ങളാണ്. ഒരു പുതിയ ആർട്ടിസ്റ്റിനെ സംബന്ധിച്ച് അതൊരു ഭാഗ്യം തന്നെയാണ്.
എഴുത്ത് കൂടെയുണ്ട്
ചെറുപ്പം മുതലേ എഴുതാൻ ഇഷ്ടമാണ്. ഇംഗ്ലീഷ് കവിതകളും കഥകളുമാണ് എഴുതാറുള്ളത്. അടുത്ത കാലത്താണ് സോഷ്യൽ മീഡിയയിലൊക്കെ കവിതകൾ കുറിച്ചിടാൻ തുടങ്ങിയത്. നല്ല അഭിപ്രായങ്ങൾ കിട്ടിയതോടെ പുസ്തകമാക്കി. ആദ്യ പുസ്തകത്തിന് 'മ്യൂസ് ഇന്ത്യ യംഗ് റൈറ്റർ" അവാർഡ് കിട്ടി. അതൊക്കെ ആത്മവിശ്വാസം തരുന്ന കാര്യമാണ്. പിന്നീട് രണ്ട് പുസ്തകങ്ങൾ കൂടി ഇറക്കി. കുറച്ച് ആന്തോളജിയുടെയും ഭാഗമാകാൻ പറ്റി. തോന്നുമ്പോഴൊക്കെ എഴുതുന്നതാണ് രീതി. അതിന് പ്രത്യേകിച്ച് സമയമൊന്നും കണ്ടെത്താറില്ല. തിരുവനന്തപുരമാണ് സ്വദേശം. ഭർത്താവ് അരുൺ ബിസിനസ് ചെയ്യുന്നു. ഒൻപതിലും നാലിലും പഠിക്കുന്ന ആദിത്യയും അദ്വൈതുമാണ് മക്കൾ. അമ്മയും വീട്ടിലുണ്ട്. അധികം വൈകാതെ ഞാൻ അഭിനയിച്ച സിനിമകൾ തീയേറ്റിൽ വീണ്ടും എത്തുന്നുവെന്നതാണ് പുതിയ സന്തോഷം. 'പ്രീസ്റ്റാ"ണ് ഉടൻ റിലീസാകുന്ന ചിത്രം. ആസിഫിന്റെ കുഞ്ഞെൽദോ, ജൂഡ് ആന്റണിയുടെ സാറാസ് ഒക്കെ പിന്നാലെ വരുന്നുണ്ട്. എല്ലാം വ്യത്യസ്തമായ വേഷങ്ങളാണ്.