sasikala

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ എ ഐ എ ഡി എം കെ ജനറൽ സെക്രട്ടറിയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയുടെ സന്തതസഹചാരിയുമായിരുന്ന വി കെ ശശികല ജയിൽ മോചിതയായി. അറുപത്തിമൂന്നുകാരിയായ ശശികല നിലവിൽ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലാണ്. ജയിൽ മോചിതായ കാര്യം ഡോക്‌ടർമാർ വഴിയാണ് ജയിൽ അധികൃതർ ശശികലയെ അറിയിച്ചത്. ഇതുസംബന്ധിച്ച രേഖകൾ ശശികലയിൽ നിന്ന് ഒപ്പിട്ടുവാങ്ങി.

കൊവിഡ് ചികിത്സ പൂർത്തിയായാൽ ശശികലയ്‌ക്ക് നാട്ടിലേക്ക് മടങ്ങാം. ആശുപത്രിക്ക് പുറത്ത് ശശികലയുടെ അണികൾ ഒത്തുകൂടിയിട്ടുണ്ട്. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പിലേക്ക് കടക്കാനിരിക്കെയാണ് ശശികലയുടെ ജയിൽ മോചനം എന്നതാണ് ശ്രദ്ധേയം. 1991- 96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചുവെന്നാണ് ശശികലയ്ക്കെതിരെയുളള കേസ്. 2017ലാണ് ശശികലയെയും, സഹോദരീ പുത്രനായ വി എൻ സുധാകരനെയും, അടുത്ത ബന്ധുവുമായ ജെ ഇളവരശിയെയും കോടതി ശിക്ഷിച്ചത്.