azhikkodu

സുകുമാർ അഴീക്കോടിൽ ഒരു ശ്രീചിത്തിര തിരുനാൾ ഉണ്ടായിരുന്നു. ശരീരഭാഷയിലും എഴുത്തിലും അത് അന്തർലീനമായിരുന്നു. ഗാന്ധിഭക്തനായ അഴീക്കോട് വിമർശകന്റെ പേന എടുക്കുമ്പോൾ അത് ഉടവാളായി ജ്വലിച്ചു. വേദങ്ങളുടെ വനശോഭയിലൂടെ പുലിപ്പുറത്തേറി അത് വരുന്നത് നിറഞ്ഞ കരഘോഷത്തോടെ ഏറ്റുവാങ്ങിയ പ്രജകളിൽ ഒരാളാണ് ഈ ലേഖകനും. നേർത്ത ശരീരത്തിൽ ചിന്തയുടെ സാഗരഗരിമ പ്രോജ്വലിച്ച ആ ജീവിതം അസ്തമിച്ചിട്ട് ജനുവരി 24ന് ഒൻപത് വർഷം കഴിഞ്ഞു.

1926 മേയ് 12ന് പനങ്കാവിൽ വിദ്വാൻ ദാമോദരന്റെയും കോളോത്ത് തട്ടാരത്ത് മാധവിയമ്മയുടെയും മകനായി കണ്ണൂർ ജില്ലയിലെ അഴീക്കോട് ജനിച്ച സുകുമാരൻ തന്റെ നാടിന്റെ നാമത്തെ സാംസ്കാരിക കേരളത്തിന്റെ മുദ്ര‌യാക്കി മാറ്റി. ജീവിതം ഭാഷയ്ക്ക് സമർപ്പിച്ച അഴീക്കോടിന്റെ ഭൗതികശരീരം കണ്ണൂരിലെ മഹാത്മ മന്ദിരത്തിലെത്തിയ പാതിരാകഴിഞ്ഞ നേരത്ത് കാത്തുനിന്ന ആയിരങ്ങളുടെ കൂട്ടത്തിൽ ഈ ലേഖകനും ഉണ്ടായിരുന്നു.

ആർക്കും വിധേയരല്ലാത്ത കുറേയാളുകൾ എന്നും ഭൂമിയിലുണ്ട്. അവരാണ് ലോകത്തിന്റെ ചരിത്രം നിർണയിക്കുന്നത്. രാജ്യത്തിന്റെ വിധിയെഴുതുന്നത്. അവർക്ക് വിശ്വസിക്കാൻ ഇന്ന് ഒരു രാഷ്ട്രീയപ്പാർട്ടി ഇല്ല. മനസലിഞ്ഞ് വന്ദിക്കാൻ ഒരു ഗുരുവുമില്ല. അതാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ഇത്തരം യാഥാർത്ഥ്യങ്ങൾ അതിവേഗം തിരിച്ചറിയാനും അതിന്റെ മൂല്യനഷ്ടം ഉൾക്കൊണ്ട് പ്രതികരിക്കാനും ഇപ്പോൾ സുകുമാർ അഴിക്കോടുമില്ല. 'ഒരു കോൺഗ്രസുകാരനായി മരിക്കണമെന്നായിരുന്നു ആഗ്രഹം,​ അതിനു മുൻപേ കോൺഗ്രസ് മരിച്ചുപോയതിനാൽ അതിനി നടപ്പില്ലെന്ന് ' പറയാൻ അഴീക്കോടിനല്ലാതെ മാറ്റാർക്കാണ് കഴിയുക. അദ്ദേഹത്തിന്റെ വാക്കുകളിൽ ജനങ്ങൾക്ക് വിശ്വാസമുണ്ടായിരുന്നു. ഏത് വിഷയത്തിലും എന്താവും അഴീക്കോടിന്റെ പ്രതികരണം എന്നറിയാൻ എല്ലാവർക്കും കൗതുകമുണ്ടായിരുന്നു. സാംസ്‌കാരിക നായകൻ എന്ന വിശേഷണം തന്നെ അദ്ദേഹത്തിനു വേണ്ടി ഉണ്ടായതാണെന്ന് വിശ്വസിച്ചുപോകും. അതാവാം സത്യവും. കേരളത്തിലെ ആദ്യത്തെ സാംസ്‌കാരിക നായകനാണ് സുകുമാർ അഴിക്കോട്. അദ്ദേഹത്തിനു മുമ്പോ പിമ്പോ അങ്ങനെയൊരാളില്ല .സാമൂഹിക പരിഷ്കർത്താക്കളുണ്ട്, സാമുദായിക പരിഷ്കർത്താക്കളും ദൈവതുല്യരായ രാഷ്ട്രീയ നേതാക്കളും ഉണ്ട്. പക്ഷേ, സാംസ്‌കാരിക നായകനോ നായികയോ ഇല്ല. ഇത്തിരിപ്പോന്ന ശരീരം കൊണ്ട് ഒത്തിരി വലിയ കാര്യങ്ങൾ പറഞ്ഞ സുകുമാർ അഴീക്കോട് സമാനതകളില്ലാത്ത ബിംബമായിരുന്നു. നിത്യചൈതന്യ യതിയെക്കുറിച്ച് അദ്ദേഹം ഒരിക്കൽ പറഞ്ഞു, ഒരു സന്യാസി ഇത്രയധികം സംസാരിക്കരുത് എന്ന്. സന്യാസത്തിന്റെ അടിത്തറ മൗനമാണ് എന്ന് അഴീക്കോടിന്‌ ബോദ്ധ്യമുണ്ടായിരുന്നു. മാദ്ധ്യമ വാർത്തകളിൽ ഇടംപിടിക്കാൻ ഓടിനടക്കുന്ന സന്യാസിമാരെയാണ് ഇന്നു നമ്മൾ കാണുന്നത്. അഴീക്കോട് ഇന്നുണ്ടായിരുന്നെങ്കിൽ അവരെക്കുറിച്ചും പറയുമായിരുന്നു. സാഹിത്യത്തെ സാഹിത്യം മാത്രമായോ കവിതയെ കവിത മാത്രമായോ രാഷ്ട്രീയത്തെ രാഷ്ട്രീയം മാത്രമായോ കാണുന്ന ഒരാളായിരുന്നില്ല അഴീക്കോട്. സംസ്കാരത്തിന്റെ വിവിധരൂപങ്ങളായി കവിതയെയും സാഹിത്യത്തെയും രാഷ്ട്രീയത്തെയും അദ്ദേഹം നിരീക്ഷിച്ചു. അഴീക്കോട് അവതരിപ്പിച്ച ജീവിതദർശനവും അതാണ്.

സാർത്ഥകവും മർമ്മവേധിയുമായ നിരീക്ഷണങ്ങൾകൊണ്ട് മലയാളഭാഷയെ നവീകരിച്ച ചിന്തകനാണ് സുകുമാ‌ർ അഴീക്കോട്. സാഹിത്യത്തെയും രാഷ്ട്രീയത്തെയും വേദോപനിഷത്തുകളെയും ഒരേ കൈയടക്കത്തോടെ വാക്കുകളിൽ ആവാഹിക്കുക വഴി സാഹിത്യവിമർശനത്തെ സാംസ്കാരിക പ്രവർത്തനമാക്കി മാറ്റുകയായിരുന്നു. തന്റെ മുന്നിൽ വന്നുപെടുന്നതിനെയെല്ലാം നിരീക്ഷണബുദ്ധിയോടെ കാണാനും വിമർശനാത്മകമായി വിലയിരുത്താനുമുള്ള മൂന്നാംകണ്ണ് അഴീക്കോടിനുണ്ടായിരുന്നു. അതിന്റെ തീയും ജ്വാലയും ഏൽക്കാത്തതൊന്നും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നില്ല. വിമർശനമെന്നാൽ ഖണ്ഡനവിമർശനമാണ് എന്നൊരു ചിന്താപദ്ധതി തന്നെ അഴീക്കോട് ആവിഷ്കരിച്ചു. പ്രഥമകൃതിയായ ആശാന്റെ സീതാകാവ്യത്തിൽ ഈ വിമർശനരീതിയുടെ പ്രഭാതകിരണങ്ങൾ ഒളിവീശുന്നതു കാണാം.

സംസ്കൃതത്തിലെ മഹദ്ഗ്രന്ഥങ്ങളെ മലയാളത്തിലേക്ക് തർജ്ജമ ചെയ്തവരെ ആ പേര് ചേർത്ത് വിളിക്കുന്ന രീതി അനുസരിച്ച് വള്ളത്തോളാണ് കേരളവാല്മീകി. എന്നാൽ, രാമായണം, ശ്രീരാമൻ രാവണനെ തോൽപ്പിച്ച കഥ മാത്രമല്ല, രാമൻ സീതയുടെ മുന്നിൽ തോറ്റുപോയ കഥകൂടിയാണെന്ന് 'ചിന്താവിഷ്ടയായ സീത'യിലൂടെ അവതരിപ്പിച്ച കുമാരനാശാനാണ് കേരള വാല്മീകി എന്ന് അറിയപ്പെടേണ്ടതെന്ന് അഴീക്കോട് പ്രഖ്യാപിച്ചു. രാമായണം രാമന്റെ അയനമല്ല, സീതയുടെ അയനമാണെന്നും ആശാന്റെ സീതാകാവ്യത്തിൽ അഴീക്കോട് സ്ഥാപിക്കുന്നു. 'രമണനും മലയാള കവിതയും', 'ശങ്കരക്കുറുപ്പ് വിമർശിക്കപ്പെടുന്നു' എന്നീ കൃതികളിലാണ് ഖണ്ഡനവിമർശനത്തിന്റെ വ്യാഘ്രമുഖം കൂടുതൽ പ്രകടമാകുന്നത്. സൂപ്പർഹിറ്റ് കാവ്യമായിരുന്ന രമണൻ, 'കാവ്യമെന്ന നിലയിൽ പരാജയമാണെ'ന്നാണ് അഴീക്കോട് നിരീക്ഷിച്ചത്. സ്വന്തമായി വയലോ വലയോ ഇല്ലാത്ത കവിയാണ് ജി.ശങ്കരക്കുറുപ്പ് എന്നാണ് നിർദ്ദയ വിമർശനം. രണ്ടും അതിരുകടന്നുപോയി എന്ന് ഏതൊരു കാവ്യാസ്വാദകനും തോന്നാതിരിക്കില്ല. പക്ഷേ, സുകുമാർ അഴീക്കോട് തന്റെ വാദഗതികളെ ഈ പുസ്തകങ്ങളിൽ സ്ഥാപിക്കുന്ന രീതിക്കുമുന്നിൽ നമസ്‌കരിക്കാതെ നിവൃത്തിയില്ല.

അഴീക്കോടിന്റെ വായനയുടെ വ്യാപ്തിയും ചിന്തയുടെ ഔന്നത്യവും കൂടുതൽ അനാവൃതമാകുന്ന കൃതിയാണ് ഉപനിഷത്തുകളെ അടിസ്ഥാനമാക്കി രചിച്ച തത്ത്വമസി. പ്രാരംഭ അദ്ധ്യായത്തിൽ പറഞ്ഞിട്ടുള്ളതുപോലെ ആത്മാവിന്റെ ഹിമാലയമായ ഉപനിഷത്തുകളെ അതേ ഔന്നത്യത്തിൽ നിരീക്ഷിക്കുകയും അതു നില്ക്കുന്നിടത്ത് ഒരുനാൾ കടലായിരുന്നു എന്ന ഉൾക്കാഴ്ചയോടെ അതിന്റെ ആഴവും പരപ്പും തിരിച്ചറിയുകയും ചെയ്യുന്ന കൃതിയാണത്. എന്നാൽ, വായനക്കാരന് ലാളിത്യത്തിന്റെ സാനുവിലേക്ക് ചാഞ്ഞുനില്ക്കുന്ന ഫലവൃക്ഷമായാണ് 'തത്ത്വമസി' അനുഭവപ്പെടുക. അതുകൊണ്ടാണ് അഴീക്കോട് വേദാന്തത്തെ രസകരമാക്കി എന്ന് ഈ ഗ്രന്ഥത്തെക്കുറിച്ച് സി.അച്ചുതമേനോൻ പറഞ്ഞത്. ഭാഷ കൈകാര്യം ചെയ്യുന്നതിൽ അഴീക്കോട് പുലർത്തുന്ന കൈയടക്കമാണ് അത് സാദ്ധ്യമാക്കിയത്. തന്നിൽ പ്രകടമാകുന്ന സാഹിത്യപ്രേമത്തിന്റെയും ഗാന്ധിഭക്തിയുടെയും അടിവേരുകൾ ഉപനിഷത്തിൽ വീണുകിടക്കുന്നത് മനസിലാക്കുന്നുവെന്ന് തത്ത്വമസിയുടെ ആമുഖത്തിൽ പറഞ്ഞിട്ടുണ്ട്.

പ്രൈമറിതലം മുതൽ സർവകലാശാലാ തലം വരെയും അദ്ധ്യാപകരുടെ അദ്ധ്യാപകനായും പ്രവർത്തിച്ചിട്ടുള്ള അഴീക്കോടിന് ജനക്കൂട്ടത്തിന്റെ പ്രായത്തെയും ബുദ്ധിയുടെയും വിവേകത്തിന്റെയും ഏറ്റക്കുറച്ചിലുകളെയും തന്റെ പ്രഭാഷണരീതി കൊണ്ട് അതിജീവിക്കാൻ കഴിയുമായിരുന്നു. പണ്ഡിത-പാമര സമ്മിശ്രമായ ജനക്കൂട്ടത്തെ കൈയിലെക്കുന്ന ഒരു ടോക്‌ഷോയുടെ മേമ്പൊടി കൂടിയുണ്ടായിരുന്നു അഴീക്കോടിന്റെ പ്രഭാഷണകലയ്‌ക്ക്. കടിച്ചാൽ പൊട്ടാത്ത ആശയങ്ങൾ പറയുമ്പോഴും അതിൽ നാരങ്ങാമിഠായിയുടെ രുചിയും മണവും കൂടി ചേർത്തുവയ്ക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. കൊടുംകയ്‌പുള്ള കഷായം ഔൺസ് ഗ്ലാസിൽ പകർന്നു തരുമ്പോൾ വൈദ്യർ ഒരു ചെറുചിരിയോടെ അല്പം കൽക്കണ്ടം കൂടി തരുമ്പോലെ. പ്രഭാഷണകലയുടെ അന്യാദൃശമായ മാതൃകയായിരുന്നു അത്.

സന്യാസിമാരിൽ മേൽമുണ്ട് പുതയ്‌ക്കുന്നവരും പുതയ്‌ക്കാത്തവരും ളോഹയും കോട്ടും ഇടുന്നവരും കാവി ജുബ്ബാ അണിയുന്നവരും മാത്രമല്ല, ദിഗംബരന്മാരും ഉണ്ട്. സുകുമാർ അഴീക്കോടും ഒരു സന്യാസിയായിരുന്നു. സാഹിത്യവും സാംസ്കാരികപ്രവർത്തനവും ധ്യാനവും വ്രതവുമാക്കിയ അവധൂതൻ. തൂവെള്ള ജുബ്ബയും മുണ്ടും അണിയുന്ന കൃശഗാത്രനായ സന്യാസി.