മധുരഗാനങ്ങൾ സമ്മാനിച്ച മങ്കൊമ്പുമായുള്ള സംഭാഷണം തുടരുന്നു
? മല്ലീശ്വരന്റെ പൂവമ്പ് കൊണ്ടു: മങ്കൊമ്പിന് തെറ്റിപ്പോയി എന്ന് വിമർശകർ പറഞ്ഞു. മല്ലീശരൻ ആയിരുന്നില്ലേ വരേണ്ടിയിരുന്നത്. അതോ, പാടിയപ്പോൾ തെറ്റിയതോ
ആർക്കും ഒന്നും തെറ്റിയിട്ടില്ല. മല്ലിയെന്നാൽ മുല്ല. മുല്ലയുടെ ഈശ്വരൻ എന്നാണ് ഞാൻ ഉദ്ദേശിച്ചത്. അതായത് കാമദേവൻ. പക്ഷേ വിമർശകർ പരമശിവനാണ് മല്ലീശ്വരൻ എന്ന വാദത്തിലുറച്ചു. മുഖക്കുരു മുളയ്ക്കുന്ന കവിളിലെ കസ്തൂരി നഖക്ഷതംകൊണ്ട് കാമുകൻ കവർന്നതും വിമർശനമായി. എങ്കിലും ഒരുതലമുറ മുഴുവൻ എന്നെ അറിയുന്നത് ഈ ഗാനത്തിലൂടെയാണ്.
? അടിയന്തരാവസ്ഥക്കാലത്തെഴുതിയ 'ത്രിശങ്കുസ്വർഗത്തെ തമ്പുരാട്ടി" എന്ന ഗാനം അതും ഇന്ദിരാഗാന്ധിക്കെതിരെയുള്ള പ്രചരണം എന്നുവന്നല്ലോ?
അല്ല. ഞാൻ പേടിച്ച് ഉറങ്ങാത്ത നാളുകളായിരുന്നു അത്. പാട്ടെഴുത്തുകാരനേ ആകേണ്ടിയിരുന്നില്ല എന്നും തോന്നി. 'തെമ്മാടിവേലപ്പൻ" എന്ന ഹരിഹരൻ സിനിമയ്ക്കു വേണ്ടിയായുന്നു ആ പാട്ട്. ജയഭാരതിയാരുന്നു സീനിൽ. പ്രേംനസീർ അഭിനയിച്ച വേലപ്പൻ അഹങ്കാരിയായ ജയഭാരതിയെ പരിഹസിക്കുന്ന പാട്ടായിരുന്നു. എന്തായാലും പ്രതിപക്ഷ സംഘടനകൾ ആ ഗാനം ഏറ്റെടുത്തു. മൂളിയലങ്കാരിയുടെ വക്രബുദ്ധി, പെണ്ണൊരുമ്പെട്ടാൽ പെണ്ണോളം, ആണുങ്ങളില്ലാത്ത രാജ്യത്തെ അല്ലിറാണിപോലത്തെ രാജാത്തി... ഇതൊക്കെ പാട്ടിലുണ്ടായിരുന്നു. അതെല്ലാം ഇന്ദിരയ്ക്കെതിരെയുള്ള കീർത്തനങ്ങളാക്കി അവർ മാറ്റി. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. വിപ്ലവം പറഞ്ഞിട്ട് കാര്യമില്ല. നേരെ തടവറയിലേയ്ക്കാണ് പോകുക. പരിഹാരം നിദ്ദേശിച്ചത് ഹരിഹരനാണ്. 'സംഗമം" എന്ന ചിത്രത്തിൽ ഇതിളിട്ടുവിടർന്ന നിൻ തിരുമുറ്റത്ത് ഇരുപത് ദളമുള്ള പുഷ്പം എന്ന വരികളിലൂടെ പ്രായശ്ചിത്തം ചെയ്യാൻ തീരുമാനിച്ചു. അടിയന്തരാവസ്ഥയുടെ ഭാഗമായി നടപ്പാക്കിയ ഇരുപതിനപരിപാടിയെ പ്രശംസിക്കുന്ന പാട്ടായിരുന്നു. ആ പാട്ടിന്റെ ഇംഗ്ലീഷ് തർജമ നിർമ്മാതാവായ പി.വി. ഗംഗാധരൻ നേരിട്ട് ഇന്ദിരാഗാന്ധിക്ക് അയച്ചുകൊടുത്തു. നന്ദി അറിയിച്ച് മറുപടി വന്നപ്പോൾ ശ്വാസം നേരെവീണു.
? ബാബുക്ക സംഗീതം ചെയ്ത സന്ദർഭം ഓർമ്മയിലുണ്ടോ
'യാഗാശ്വം" എന്ന ഹരിഹരന്റെ സിനിമയിലെ എന്റെ വരികളാണ് ബാബുക്ക അവസാനനാളുകളിൽ സംഗീതം ചെയ്തത്. 'വെളിച്ചും വിളക്കണച്ചു രാത്രിയെ വെണ്ണിലാവും കയ്യൊഴിഞ്ഞു" എന്ന ഗാനം. ആ സമയം അവശനായിരുന്നു അദ്ദേഹം. ഹാർമോണിയത്തിന്റെ കട്ടകളിൽ തളർന്നുവീഴുന്ന ആ വിരലുകൾ ഓർമ്മയുണ്ട്. സ്വരാംഗനകൾ തനിക്ക് വഴങ്ങുന്നില്ലെന്ന് കണ്ട് ഹാർമോണിയത്തിന്റെ കീബോർഡിൽ കണ്ണീർപൊഴിച്ച് തലകുനിച്ചിരുന്ന ബാബുക്കായെ ഓർക്കുമ്പോൾ ഇന്നും കരച്ചിൽ വരും. ബാബുക്ക പോയി രണ്ടുമാസം കഴിഞ്ഞ് 78 ൽ യാഗാശ്വം റിലീസ് ചെയ്തുവെങ്കിലും വേദന കടിച്ചമർത്തി ബാബുരാജ് ചെയ്ത ആ ഗാനം ഇന്നും ഹിറ്റാണ്.
? മുഴുനീള സ്റ്റണ്ട് ചിത്രങ്ങൾ മുതൽ മലയാളം തൊട്ടുതീണ്ടിയിട്ടില്ലാത്ത മൊഴിമാറ്റ ചിത്രങ്ങൾ വരെ. വരുമാനമായിരുന്നോ ലക്ഷ്യം?
അതേ! സാമ്പത്തികനില മോശമാകാതെ പിടിച്ചുനിന്നതും അങ്ങനെയാണ്. ഒരു മുറുക്കാൻ കടപോലും നടത്താൻ അറിയില്ല. മൊഴിമാറ്റ ചിത്രങ്ങളും ഗാനവുമൊക്കെ സാമ്പത്തികമായി മെച്ചമാണ്. ബാഹുബലി നേട്ടമായിരുന്നു. രാജമൗലിയുടെ രാമരൗദ്ര രുഷിതമെന്ന (ആർ.ആർ.ആർ) ചിത്രത്തിന് ജനുവരിയിലാണ് ഡബ്ബിംഗ്.
? പുതുതലമുറയിലെ പാട്ടെഴുത്തുകാർ
പ്രതിഭാശാലികൾ ഒത്തിരിയുണ്ട്. എങ്കിലും ജീവിതാവസ്ഥകളുടെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന ഗാനസന്ദർഭങ്ങൾ വിരളമാണ്. രചനകളിൽ കവിതയുടെ അംശം കുറഞ്ഞുവരുന്നതുപോലെ. സാങ്കേതികതയും സർഗപ്രതിഭയും യുക്തിസഹമായി വിളക്കിച്ചേർത്താലേ നല്ല ഗാനങ്ങൾ പിറക്കൂ. കാവ്യഭംഗിയാർന്ന രചനകളിൽ എനിക്കിഷ്ടം വയലാർ ശരത്ചന്ദ്രവർമ്മയുടേതാണ്. അച്ഛന്റെ സർഗാത്മഗത മകനും കിട്ടിയിട്ടുണ്ട്.
? എം.എസ്. വിശ്വനാഥൻ ഇല്ലായിരുന്നെങ്കിൽ
ഹരിഹരനോടും എം.എസ്.വി.യോടും ഒപ്പമാണ് ഞാൻ ഏറ്റവും കൂടുതൽ പ്രവർത്തിച്ചിട്ടുള്ളത്. വിശ്വനാഥനും ഞാനുമായി നല്ല ഹൃദയബന്ധത്തിലുമായിരുന്നു. എം.എസ്.വി. മൂളിയാൽ എനിക്ക് പാട്ടെഴുതാൻ കഴിയുമായിരുന്നു. തിരിച്ചും അങ്ങനെതന്നെ. ഏതുവരി എഴുതിയാലും അതിൽ കവിത കണ്ടെത്തുന്ന ആളായിരുന്നു എം.എസ്.വി. മീറ്റർ ഒപ്പിച്ച് ഒന്നും മുറിക്കാൻ പറഞ്ഞിട്ടില്ല.
? ദേവരാജൻ മാസ്റ്റർക്ക് ചിത്രങ്ങളില്ലാതായപ്പോൾ കുഞ്ചാക്കോയോട് അദ്ദേഹത്തെ തിരിച്ചു കൊണ്ടുവരാൻ എന്ന് താങ്കൾ പറഞ്ഞിരുന്നു. കണ്ടപ്പോൾ മാസ്റ്റർ എന്ത് പറഞ്ഞു
അക്കാലത്ത് ഉദയയുടെ ചിത്രങ്ങൾ ചെയ്തിരുന്നത് അർജുനൻ മാഷാണ്. 1975 ൽ വയലാർ മരിച്ചതോടെ കുഞ്ചാക്കോയുമായി മാസ്റ്റർ അകന്നു. സലിൽദായും അർജുനൻ മാഷുമാണ് പിന്നീട് ആ ദൗത്യം ഏറ്റെടുത്തത്. ഞാൻ കുഞ്ചാക്കോയുടെ ആഗ്രഹവുമായി മാസ്റ്ററെ കണ്ടു. പൊട്ടിത്തെറിച്ചില്ല. 'എന്റെ ശിഷ്യൻ അർജുനനല്ലെ ഇപ്പോൾ ചെയ്യുന്നത്. ശിഷ്യനെ ഒഴിവാക്കി ഗുരു അവിടെ വരണ്ട. അർജുനന്റെ കഴിവിൽ അതൃപ്തി തോന്നിയാലേ രണ്ടാമതൊന്ന് ആലോചിക്കേണ്ടതുള്ളൂ എന്നുപറഞ്ഞ് എന്റെ തിരിച്ചയച്ചു. ആ അതൃപ്തി എല്ലാവർക്കും ബോദ്ധ്യപ്പെടുകയും വേണം എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു.
? മങ്കൊമ്പിന്റെ യൗവനത്തിലേക്ക് ഒന്നു തിരിച്ചു പോകുകയാണെങ്കിൽ
'പ്രപഞ്ചഹൃദയ വിപഞ്ചിയിലുണരും പ്രണവസംഗീതം ഞാൻ" മോഹൻഗാന്ധിറാമിന്റെ വിമോചന സമരം എന്ന സിനിമയ്ക്കുവേണ്ടി എം.ബി. ശ്രീനിവാസൻ ചിട്ടപ്പെടുത്തിയ ആദ്യഗാനം പോലെ പ്രപഞ്ചഹൃദയത്തിന്റെ വീണയിൽ ഉണരാൻ ആവനാഴിയിൽ വരികളുടെ ആയിരമായിരം അസ്ത്രങ്ങൾ ഞാൻ കരുതിവയ്ക്കും. എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ പത്ത് കൊള്ളുമ്പോൾ ഒരുകോടിയായി അത് ആരാധകരുടെ ഹൃദയങ്ങളിലെത്തിക്കും. ഇതൊന്നും നാം നേരത്തെ കരുതിക്കൂട്ടി വയ്ക്കുന്നതല്ലല്ലോ. ഓരോർത്തർക്കും ഓരോ വിധിയുണ്ട്. അതിന്റെ പാതയിലേയ്ക്ക് ലോകം അവരെ കൈപിടിച്ചു നടത്തുന്നു. പിന്നീട് അവർ എത്രയോ മനുഷ്യരുടെ ഹൃദയത്തിന്റെ ഭാഗമാകുന്നു. വിസ്മയകരമായ സത്യം! ഇനിയുമെന്തൊക്കെയാണ് ജീവിതം എനിക്കു വേണ്ടി കരുതിവച്ചിരിക്കുന്നതെന്ന് ആർക്കറിയാം. എഴുപത്തിമൂന്നിന്റെ ചെറുപ്പം പുറത്തുകാട്ടി മങ്കൊമ്പ് ചിരിച്ചു. 'ലക്ഷാർച്ചന"യെ ചെമ്പകമലരിന്റെ സുഗന്ധമുള്ള കാറ്റ് തഴുകി.