sreeramakrishnan

തിരുവനന്തപുരം: ഡോളർകടത്ത് കേസിൽ തന്നെ ചോദ്യം ചെയ്യാൻ കസ്‌റ്റംസ് വിളിപ്പിച്ചിട്ടില്ലെന്ന് അറിയിച്ച് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ. അത്തരം വിവരങ്ങളെല്ലാം മാദ്ധ്യമ വാർത്തകൾ മാത്രമാണ്‌. തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം പാർട്ടിയാണ് തീരുമാനിക്കുകയെന്നും സ്‌പീക്കർ അറിയിച്ചു.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഡോളർ കടത്ത് കേസിൽ സ്‌പീക്കറുടെ സുഹൃത്തായ നാസ് അബ്‌ദുള‌ളയെ കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്‌പീക്കർ ഉപയോഗിച്ചിരുന്ന ഒരു സിംകാർഡ് നാസിന്റെ പേരിലാണെന്ന് കസ്‌റ്റംസ് കണ്ടെത്തി. യുഎഇ കോൺസുലേ‌റ്റിലെ മുൻ ചീഫ് അക്കൗണ്ടന്റ് ഓഫീസർ ഖാലിദ് വിദേശത്തേക്ക് ഡോളർ കടത്തിയെന്ന കേസിലാണ് നാസിനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തത്.

കഴിഞ്ഞ ജൂലായ് മാസത്തിൽ നയതന്ത്ര സ്വർണക്കടത്ത് പിടികൂടിയത് മുതൽ നാസിന്റെ പേരിലുള‌ള സിം പ്രവർത്തിക്കുന്നില്ല. ഇതിന്റെ കൂടുതൽ വിവരങ്ങളറിയാനുമാണ് നാസിനെ ചോദ്യം ചെയ്‌തത്. ഇതിനെത്തുടർന്ന് സ്‌പീക്കറെ ഉടൻ ചോദ്യംചെയ്യുമെന്ന് വാർത്ത പ്രചരിച്ചു. ഇതിനെയാണ് സ്‌പീക്കർ നിഷേധിച്ചിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് സ്‌പീക്കറുടെ അസിസ്‌റ്റന്റ് പ്രൈവ‌റ്റ് സെക്രട്ടറി കെ.അയ്യപ്പനെ ജനുവരി 8ന് കസ്‌റ്റംസ് ചോദ്യം ചെയ്‌തിരുന്നു. സ്‌പീക്കറുടെ യാത്രാവിവരങ്ങളും സന്ദർശക വിവരങ്ങളും ടൂർ ഡയറിയിലെ വിവരങ്ങളുമറിയാനാണ് അയ്യപ്പനെ അന്ന് ചോദ്യം ചെയ്‌തത്. അതേസമയം ഡോളർ കടത്ത് കേസിൽ കഴിഞ്ഞയാഴ്‌ച കസ്‌റ്റംസ് അറസ്‌റ്റ് ചെയ്ത ശിവശങ്കർ കോടതിയിൽ ജാമ്യാപേക്ഷ നൽകി. 15 കോടി രൂപയുടെ ഡോളർ കടത്ത് കേസിൽ ശിവശങ്കറിന് പങ്കുണ്ടെന്നാണ് കസ്‌റ്റംസ് വാദം.