ലോകത്തിന്റെ ഫ്രീസർ എന്ന് കേൾക്കുമ്പോൾ ആദ്യമൊന്ന് അമ്പരന്നേയ്ക്കാം. എന്നാൽ, സൈബീരിയയിലെ ഒയ് മ്യാകോൺ എന്ന ഗ്രാമം അങ്ങനെയാണ് അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും ശൈത്യമേറിയ ജനവാസപ്രദേശമാണിത്. ആകെ 500 പേർ മാത്രമേ ഇവിടെ സ്ഥിരതാമസമുള്ളൂ. ശൈത്യ കാലത്ത് ദിവസത്തിന്റെ 21 മണിക്കൂറും പ്രദേശമാകെ ഇരുട്ടായിരിക്കും. സ്‌കൂളുകൾക്ക് അവധിയും പ്രഖ്യാപിക്കും. സ്‌കൂളുകൾ കൂടാതെ ഒരു പോസ്റ്റ് ഓഫീസ്, ബാങ്ക്, എയർപോർട്ട് എന്നിവയാണ് ഈ ഗ്രാമത്തിലുള്ളത്. അതിശൈത്യം ആരംഭിക്കുമ്പോൾ വീടിനകത്തെ പവർ ജനറേറ്ററിന്റെ സഹായത്തോടെയാണ് ഗ്രാമവാസികളുടെ ജീവിതം. വാഹനങ്ങളുടെ എൻജിൻ കേടാകുന്നതാണ് മറ്റൊരു പ്രതിസന്ധി . കാറുകളും മറ്റും കേടാകാതിരിക്കാൻ അവ നിരന്തരം പ്രവർത്തിപ്പികുകയും ഉടമസ്ഥർ വാഹനത്തിൽ തന്നെ താമസിക്കുകയും ചെയ്യും. ഇതെല്ലാം സഹിക്കാമെങ്കിലും ആരെങ്കിലും മരിച്ചാലാണ് പ്രശ്‌നം. കാരണം, സംസ്‌കാരം നടത്തണമെങ്കിൽ കുറച്ചധികം ബുദ്ധിമുട്ടണം. ആദ്യം മഞ്ഞെല്ലാം ഉരുക്കിക്കളഞ്ഞ് സ്ഥലം കണ്ടെത്തണം. സംസ്കരിക്കാൻ പാകത്തിന് കുഴിയെടുക്കണമെങ്കിൽ ദിവസങ്ങൾ വേണ്ടി വരും. മഞ്ഞു വീഴുന്നതിനനുസരിച്ച് കൽക്കരി ഉപയോഗിച്ച് അത് ഉരുക്കികൊണ്ടിരിക്കണം. ശൈത്യം തുടങ്ങിയാൽ മാംസാഹാരമാണ് ഗ്രാവാസികളുടെ ആശ്രയം. വിവിധതരം മത്സ്യങ്ങളും റെയിൻഡീറിന്റെ മാംസവും കുതിരയുടെ കരളുമൊക്കെയാണ് ഇവരുടെ ഭക്ഷണം. താപനില കുറഞ്ഞതു കാരണം തെർമോമീറ്റർ വരെ അടിച്ചുപോയ സംഭവമുണ്ട്. 1993ലാണ് അവസാനമായി കുറഞ്ഞ താപനില രേഖപ്പെടുത്തിയത്. മൈനസ് 67.7 ഡിഗ്രി. ഭൂമിയുടെ വടക്കൻ ഗോളാർദ്ധത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇത്. സംഗതി ഇങ്ങനെയാണെങ്കിലും വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിലൊന്നാണ് ഒയ് മ്യാകോൺ.